12 Jan 2022 5:41 AM GMT
Summary
പരിസ്ഥതി സംബന്ധിച്ച അപകട മണികള്‍ മുഴങ്ങി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായി. ഇത് സംബന്ധിച്ച് നടക്കുന്ന അന്തര്‍ദേശീയ സമ്മേളനങ്ങളും തുടര്‍ന്നുണ്ടാവുന്ന പ്രസ്താവനകളും മാധ്യമങ്ങള്‍ കാര്യമായി തന്നെ ഉള്‍ക്കൊള്ളാറുണ്ട്. അത് കൊണ്ട് തന്നെ പത്രമാധ്യമങ്ങള്‍ സ്ഥിരമായി കാണുന്നവര്‍ക്ക് ഇതിനെ കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടാവും. പരിസ്ഥിതി ആഘാതത്തിന്ന് പ്രധാന ഉത്തരവാദികള്‍ നമ്മള്‍ തന്നെയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഇല്ല. സൂര്യകിരണ പ്രസരണത്തിലെ വ്യതിയാനങ്ങള്‍, സൂര്യനില്‍ നിന്നുമുള്ള ഭൂമിയുടെ അകലത്തില്‍ വരുന്ന മാറ്റങ്ങള്‍, എല്‍ നിനോ പോലെ […]
പരിസ്ഥതി സംബന്ധിച്ച അപകട മണികള്‍ മുഴങ്ങി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായി. ഇത് സംബന്ധിച്ച് നടക്കുന്ന അന്തര്‍ദേശീയ സമ്മേളനങ്ങളും തുടര്‍ന്നുണ്ടാവുന്ന പ്രസ്താവനകളും മാധ്യമങ്ങള്‍ കാര്യമായി തന്നെ ഉള്‍ക്കൊള്ളാറുണ്ട്. അത് കൊണ്ട് തന്നെ പത്രമാധ്യമങ്ങള്‍ സ്ഥിരമായി കാണുന്നവര്‍ക്ക് ഇതിനെ കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടാവും. പരിസ്ഥിതി ആഘാതത്തിന്ന് പ്രധാന ഉത്തരവാദികള്‍ നമ്മള്‍ തന്നെയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഇല്ല. സൂര്യകിരണ പ്രസരണത്തിലെ വ്യതിയാനങ്ങള്‍, സൂര്യനില്‍ നിന്നുമുള്ള ഭൂമിയുടെ അകലത്തില്‍ വരുന്ന മാറ്റങ്ങള്‍, എല്‍ നിനോ പോലെ പ്രകൃത്യാ ഉണ്ടാവുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍, അഗ്‌നിപര്‍വത സ്ഫോടനങ്ങള്‍ തുടങ്ങി പ്രകൃതിയില്‍ തന്നെ ഉണ്ടാവുന്ന പ്രതിഭാസങ്ങള്‍ താപ നില കൂടാന്‍ കാരണമാവാറുണ്ട്. പക്ഷെ ഇവയെല്ലാം ചേര്‍ത്ത് ആഗോള താപീകരണത്തിന്റെ കാരണങ്ങളില്‍ രണ്ട് ശതമാനം മാത്രമേ ആവുന്നുള്ളൂ എന്നാണ് ശാസ്ത്രജ്ഞരുടെ കണക്ക്. ബാക്കി തൊണ്ണൂറ്റിയെട്ട് ശതമാനം കാരണങ്ങളും മനുഷ്യ നിര്‍മ്മിതമാണെന്ന് വരുന്നു.
കഴിഞ്ഞ നൂറ്റാണ്ടില്‍ നമ്മള്‍ നടത്തിയ പ്രവര്‍ത്തികളുടെ ഫലമായാണ് പരിസ്ഥിതി ഇങ്ങനെ തീവ്രാപകട നിലയിലേക്ക് എത്തിയത്. ഇതിനെതിരെ ശക്തമായി വരുന്ന പൊതു അഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുത്തു എന്ന് ബോധിപ്പിക്കാനായി പ്രധാന രാജ്യങ്ങളെല്ലാം പ്രസ്താവനകള്‍ നടത്താറുണ്ട്.
തിരിച്ചെടുക്കാന്‍ പറ്റാത്ത തരത്തില്‍ കാര്യങ്ങള്‍ കൈ വിട്ടു പോകുന്നുണ്ട്. ഉരുകി ഇല്ലാതാവുന്ന ഹിമപ്പരപ്പുകള്‍, ഉയരുന്ന സമുദ്ര നിരപ്പ് കൊണ്ട് പോകുന്ന കരനിലങ്ങള്‍, അതിതാപം, പേമാരികള്‍, പ്രളയം, കൊടുങ്കാറ്റുകള്‍ എന്നിങ്ങനെ നമ്മള്‍ അനുഭവിക്കാന്‍ പോകുന്ന ദുരിതങ്ങളുടെ പരമ്പര സങ്കീര്‍ണമാവുന്നു. ആഗോളതലത്തില്‍ തന്നെ തല്‍സ്ഥിതിക്ക് പ്രധാന കാരണമായി കണ്ടെത്തിയ കാര്‍ബണ്‍ പ്രസരണതിന്റെ തോത് കുറച്ചുകൊണ്ട് വന്ന് പൂജ്യത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയൊരു കാരണം വഴി നമ്മള്‍ കാര്‍ബണ്‍ പ്രസരണം കൂട്ടി വരുന്നത്. ഇന്ന് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയവും നാളത്തെ ആഗോള കറന്‍സിയെന്ന വിശേഷണത്തോടെ പ്രോത്സാഹിക്കപെടുന്നതുമായ ക്രിപ്‌റ്റോ കറന്‍സിയാണ് കഥയിലെ വില്ലന്‍.
നാളെയുടെ കറന്‍സി എന്ന വിശേഷണത്തില്‍ അനുദിനം പ്രചാരം നേടിവരുന്ന ക്രിപ്‌റ്റോ കറന്‍സി വ്യക്തിഗതമായാണ് ഉണ്ടാക്കപ്പെടുന്നത്. ഒരു ലാപ്‌ടോപ്പ് ഉണ്ടെങ്കില്‍ ആര്‍ക്കും ഉണ്ടാക്കാവുന്ന കറന്‍സി എന്നത് കൊണ്ട് തന്നെ ഇത് സാങ്കേതികമായ പരിജ്ഞാനമുള്ളവര്‍ക്ക് വളരെ ആകര്‍ഷകമായ ധനസമ്പാദന മാര്‍ഗമാണ്. ബിറ്റ് കോയിന്‍, എന്ന പേരിലുള്ള ക്രിപ്‌റ്റോ കറന്‍സിയുടെ മൂല്യം കൂടുന്നതനുസരിച്ച് ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ആളുകളുടെ എണ്ണവും കൂടുന്നു. നിലവില്‍ ഏകദേശം ഒരു ദശലക്ഷത്തിലധികം ആളുകള്‍ ബിറ്റ് കോയിന്‍ ഖനനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. യഥാര്‍ത്ഥ എണ്ണം ഇതിലും വളരെ കൂടുതലായിരിക്കും എന്നാണ് അതിന്റെ സൃഷ്ടാക്കള്‍ തന്നെ കരുതുന്നത്. ഇതിന്റെ ഖനന രീതി അറിയുന്നയാള്‍ക്ക് ഒരു ലാപ്‌ടോപ്പ് മാത്രം മതി ഇതുണ്ടാക്കുവാന്‍.
ബിറ്റ്കോയിന്‍ 'ഖനന'ത്തിലെ പ്രധാന ക്രിയകളില്‍ ഒന്ന് 'നോണ്‍സ്' (nonce; നമ്പര്‍ യൂസ്ഡ് ഒന്‍സ്; number used once) എന്ന അറുപതിനാലക്ക സംഖ്യ കണ്ടെത്തുക എന്ന പ്രഹേളികയാണ്. ഇതിനു വേണ്ടി പരീക്ഷണങ്ങള്‍ നടത്തുന്ന അനേകലക്ഷം ആളുകള്‍ വലിച്ചെടുക്കുന്ന ഊര്‍ജ്ജം ഒന്ന് ആലോചിച്ചു നോക്കു.
കേംബ്രിഡ്ജ് സര്‍വകലാശാല നടത്തിയ പഠനത്തിലെ കണക്കുപ്രകാരം ഒരു വര്‍ഷം ബിറ്റ്കോയിന്‍ ഖനനത്തിനായി വേണ്ടിവരുന്നത് 121.36 ടെറാ വാട്ട് (tw) ഊര്‍ജ്ജമാണ്. ഗൂഗിള്‍, ഫേസ്ബുക്, ആപ്പിള്‍ മൈക്രോസോഫ്ട് എന്നീ കമ്പനികളുടെ മൊത്തം ഉപഭോഗത്തെക്കാള്‍ അധികമാണിത്. ഇത് ഓരോ നിമിഷവും കൂടുതലായി വരുന്നുമുണ്ട്. കാരണം ബിറ്റ്കോയിന്‍ ഖനനത്തിനിരിക്കുന്നയാള്‍ ഇതേ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റുള്ളവരെക്കാള്‍ വേഗത്തില്‍ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ശ്രമിക്കുന്നു.
ഇതിന്ന് വളരെ വേഗം കൂടിയ എന്നാല്‍ വളരെ ഊര്‍ജ്ജം വേണ്ടുന്നതായ കംപ്യൂട്ടറുകളിലേക്ക് അവര്‍ മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ആറു കൊല്ലങ്ങള്‍ക്കിടയില്‍ ബിറ്റ്കോയിന്‍ ഖനനത്തിന് വേണ്ട ഊര്‍ജത്തിന്റെ ആവശ്യം 64 മടങ്ങ് കൂടിയെന്നാണ് പറയുന്നത്. ഇതിന്റെ 61 ശതമാനവും ഉല്പാദിക്കപ്പെടുന്നത് പരിസ്ഥിതിക്ക് ദോഷകരമായ സ്രോതസ്സുകള്‍ വഴിയാണ് എന്നാണ് ആ പഠനത്തിലെ കണ്ടെത്തല്‍.
കഴിഞ്ഞ കൊല്ലം വരെ ബിറ്റ്കോയിന്‍ നിര്‍മ്മാണത്തിന്റെ 65% നിയന്ത്രിച്ചിരുന്നത് ചൈനയായിരുന്നു. പക്ഷെ 2060ല്‍ കാര്‍ബണ്‍ ഡൈയോക്‌സയിഡ് പ്രസരണം പൂജ്യത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബിറ്റ്കോയിന്‍ നിര്‍മ്മാണത്തിന്ന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ ചൈനയില്‍ നിന്ന് മറ്റു രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായി ബിറ്റ്കോയിന്‍ പ്രവര്‍ത്തനങ്ങള്‍. ഇത് മാറിയതാവട്ടെ ജൈവഇന്ധനം മാത്രം ഊര്‍ജ്ജ സ്രോതസ്സായ ഖസാഖിസ്ഥാന്‍ പോലുള്ള രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കുമാണ്. അമേരിക്കയിലെ ഉപേക്ഷിക്കപ്പെട്ട ഫാക്ടറികളും ഊര്‍ജ്ജ നിര്‍മ്മാണ കേന്ദ്രങ്ങളും ഇന്ന് തകൃതിയായി ബിറ്റ്കോയിന്‍ ഖനനം നടക്കുന്ന സ്ഥലങ്ങളാണ്. ബിറ്റ്കോയിന്‍ നിര്‍മ്മാണം നിലവിലുള്ള രീതിയില്‍ തുടര്‍ന്നാല്‍ തന്നെ ഭൂമിയുടെ താപനില 2 ഡിഗ്രിയില്‍ കൂടാന്‍ കാരണമാവും എന്ന് പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നു. മറ്റ് രാജ്യങ്ങള്‍ കൂടി ബിറ്റ് കോയിന്‍ നിര്‍മ്മാണത്തിലേക്ക് കടന്നാല്‍ എന്തായിരിക്കും അവസ്ഥ എന്ന് ആലോചിക്കാവുന്നതേ ഉള്ളു.
ഇത് കൂടാതെയാണ് ജലവൈദ്യുതി നിര്‍മ്മാണ കല്‍ക്കരി ഖനി യൂണിറ്റുകള്‍ ഉണ്ടാക്കുന്ന മാലിന്യ പ്രശ്‌നങ്ങള്‍. ബിറ്റ്കോയിന്‍ നിര്‍മ്മാണം കാരണം ഉണ്ടാവുന്ന ഇ വേസ്റ്റും പ്രശ്‌നമാണ്.
ഈ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അത് മറികടക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട് എന്നത് ഇതിനുള്ള മറുവശമാണ്. ടെസ്ലയുടെ എലോണ്‍ മസ്‌ക് അമേരിക്കയിലെ മറ്റു ക്രിപ്‌റ്റോ നിര്‍മ്മാണ കമ്പനികളുടെ മേധാവികളുമായി ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയതിന്റെ ഫലമായി ബിറ്റ്കോയിന്‍ മൈനിങ് കൗണ്‍സില്‍ എന്ന ഒരു സംഘടന രൂപം കൊണ്ടിട്ടുണ്ട്. ബിറ്റ് കോയിന്‍ നിര്‍മ്മാണത്തില്‍ ഉത്തരവാദിത്തം കൊണ്ടുവരാനുള്ള നീക്കമായി ഇതിനെ വിദഗ്ദ്ധര്‍ കാണുന്നുണ്ട്. നാല്‍പ്പതോളം നിര്‍മ്മാതാക്കള്‍ 'മേക്ക് ക്രിപ്‌റ്റോ ഗ്രീന്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ക്രിപ്‌റ്റോ ക്ലൈമെറ്റ് അക്കോര്‍ഡ് എന്ന ഉടമ്പടിയുടെ ഭാഗമായിട്ടുണ്ട്.
ഇതുകൊണ്ട് കാര്യമായ നേട്ടം ഉണ്ടാവില്ല എന്ന് കരുതുന്ന വിദഗ്ദ്ധര്‍ തന്നെ ഊര്‍ജ്ജോപയോഗം കുറയ്ക്കാന്‍ ബിറ്റ് കോയിന്‍ നിര്‍മ്മാതാക്കള്‍ തന്നെ വഴികള്‍ കണ്ടെത്തും എന്ന പ്രതീക്ഷയും പങ്കുവെക്കുന്നുണ്ട്.