16 July 2023 5:47 AM
Summary
- ആദ്യപാദ വരുമാനം സംബന്ധിച്ച് പൊതുവില്‍ ശുഭപ്രതീക്ഷ
- ചൈനയുടെ ഏപ്രില്‍- ജൂണ്‍ ഡാറ്റ നാളെ പുറത്തിറക്കും
- മണ്‍സൂണിലെ പുരോഗതി നിക്ഷേപകരെ സ്വാധീനിക്കും
റെക്കോഡ് തലത്തിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ആഭ്യന്തര ഓഹരി വിപണി സൂചികകളെ പുതിയ വ്യാപാര ആഴ്ചയില്‍ പ്രമുഖ കമ്പനികളുടെ ആദ്യാപാദ ഫലങ്ങള്‍ സ്വാധീനിക്കും. ഇതിനൊപ്പം ആഗോള പ്രവണതകൾ, വിദേശ ഫണ്ട് നീക്കങ്ങൾ എന്നിവയാണ് നിക്ഷേപകരുടെ വികാരത്തെ സ്വാധീനിക്കുന്ന മറ്റ് പ്രധാന ഘടകങ്ങള്‍. രൂപയുടെയും ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെയും ചലനങ്ങളും നിക്ഷേപകർ നിരീക്ഷിക്കും.
"ആഗോള ഓഹരി വിപണിയുടെ ദിശ, രൂപ-ഡോളർ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ, ക്രൂഡ് ഓയിൽ വിലയിലെ ചലനം എന്നിവയെല്ലാം മൊത്തത്തിലുള്ള വിപണി പ്രവണതയെ സ്വാധീനിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. ആഭ്യന്തര സംഭവവികാസങ്ങൾക്കൊപ്പം ഈ ഘടകങ്ങളും പരിഗണിക്കേണ്ടത് പ്രധാനമാണ്," സ്വസ്തിക ഇൻവെസ്റ്റ്‌മാർട്ട് ലിമിറ്റഡിന്റെ സീനിയർ ടെക്‌നിക്കൽ അനലിസ്റ്റ് പ്രവേഷ് ഗൗർ പറയുന്നു. ഇന്‍സ്റ്റിറ്റ്യൂഷ്‍ണല്‍ പ്രവർത്തനങ്ങളും വിപണി പ്രവണതകളിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇൻഡസ്‌ഇൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, അശോക് ലെയ്‌ലാൻഡ്, ഡിഎൽഎഫ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ഹിന്ദുസ്ഥാൻ സിങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് ഈയാഴ്ച നിക്ഷേപകര്‍ പ്രധാനമായും വരുമാന പ്രഖ്യാപനങ്ങള്‍ക്കായി കാതോര്‍ക്കുന്ന കമ്പനികള്‍. ഐടി ഇതര കമ്പനികളുടെ ആദ്യപാദ വരുമാനം സംബന്ധിച്ച് പൊതുവില്‍ ശുഭപ്രതീക്ഷയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്.
"ആഗോളവും ആഭ്യന്തരവുമായ സൂചനകൾ, വരാനിരിക്കുന്ന ത്രൈമാസ വരുമാനം, എഫ്‌ഐഐ (വിദേശ സ്ഥാപന നിക്ഷേപകർ), ഡിഐഐ (ആഭ്യന്തര സ്ഥാപന നിക്ഷേപകർ) പ്രവർത്തനങ്ങൾ, മൺസൂണിലെ പുരോഗതി, ക്രൂഡ് ഓയിൽ വില എന്നിവയാണ് വരും ദിവസങ്ങളിൽ വിപണിയെ നയിക്കുന്ന പ്രധാന ഘടകങ്ങൾ," മാസ്റ്റർ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ് സീനിയർ വൈസ് പ്രസിഡന്റ് അരവിന്ദർ സിംഗ് നന്ദ പറഞ്ഞു.
ആഗോള തലത്തില്‍ യുഎസ് സമ്പദ് വ്യവസ്ഥയുടെ ശക്തമായ പ്രതിരോധത്തെ കുറിച്ച് ശുഭപ്രതീക്ഷകള്‍ ഉയര്‍ന്നുവന്നതും സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ഭീതി മയപ്പെട്ടതും കഴിഞ്ഞ വാരത്തില്‍ ആഗോള വിപണികളെ പൊതുവില്‍ മുന്നോട്ടുനയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച, 30-ഷെയർ ബിഎസ്ഇ ബെഞ്ച്മാർക്ക് 780.45 പോയിന്റ് അഥവാ 1.19 ശതമാനം ഉയർന്നു. വെള്ളിയാഴ്ച സെൻസെക്‌സ് 66,060.90 എന്ന എക്കാലത്തെയും ഉയർന്ന തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പകൽ സമയത്ത്, എക്കാലത്തെയും വലിയ ഇൻട്രാ ഡേ ഉയരമായ 66,159.79ലേക്ക് സെന്‍സെക്സ് എത്തി.
വെള്ളിയാഴ്ച എൻഎസ്ഇ നിഫ്റ്റി 19,564.50 എന്ന റെക്കോർഡ് ഉയരത്തിലാണ് വ്യാപാരം അവസാനിച്ചത്. പകൽ സമയത്ത്, അത് അതിന്റെ സര്‍വകാര ഇൻട്രാ-ഡേ ഉയരമായ 19,595.35ൽ എത്തി.
ആഗോള തലത്തിൽ വരാനിരിക്കുന്ന പ്രധാനമായ സൂചകങ്ങളിലൊന്ന് ചൈനയില്‍ നിന്നാണ്. ഏപ്രിൽ-ജൂൺ പാദത്തിലെ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ഡാറ്റ ചൈന തിങ്കളാഴ്ച പുറത്തിറക്കും. ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന നിലയില്‍ ചൈനയുടെ സാമ്പത്തിക സ്ഥിരത ആഗോള ഓഹരി വിപണികളെ സംബന്ധിച്ച് പ്രധാനമര്‍ഹിക്കുന്നതാണ്. അടുത്തയാഴ്ച നടക്കുന്ന യുഎസ് ഫെഡ് റിസര്‍വ് യോഗത്തിനു മുന്നോടിയായി പരക്കുന്ന ഊഹാപോഹങ്ങളും നിഗമനങ്ങളും നിക്ഷേപകരില്‍ സ്വാധീനം ചെലുത്തും.
"എഫ്‍പിഐ (വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ) ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളുടെ ഒഴുക്ക് തടസ്സമില്ലാതെ തുടരുകയാണ്. ഫിനാൻഷ്യൽ, ഓട്ടോമൊബൈൽ, ക്യാപിറ്റൽ ഗുഡ്സ്, റിയാലിറ്റി, എഫ്എംസിജി എന്നിവയിൽ ശക്തമായ എഫ്‍പിഐ നിക്ഷേപം തുടരുകയാണ്. സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിലെത്തിയതിലും ഇത് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്,” ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.