30 Jun 2023 10:13 AM IST
Summary
- മിഡ്ക്യാപ്സ് പുതിയ റെക്കോർഡ് തലത്തിലേക്ക് എത്തി
- സ്‍മാള്‍ ക്യാപ്‍സ് 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍
- ബുധനാഴ്ചയിലും വിപണികള്‍ റെക്കോഡ് ഉയരം കൈവരിച്ചിരുന്നു
ആഭ്യന്തര ഓഹരി വിപണികൾ ഇന്ന് വ്യാപാരം തുടങ്ങിയത് പുതിയ റെക്കോഡ് ഉയരം കുറിച്ചുകൊണ്ട്. ബിഎസ്ഇ സെൻസെക്‌സ് 499.42 പോയിന്‍റ് ഉയര്‍ന്ന് എക്കാലത്തെയും ഉയർന്ന നിലയായ 64,414ലെത്തി, നിഫ്റ്റി50 136.1 പോയിന്‍റ് ഉയര്‍ന്ന് 19,108 എന്ന പുതിയ സര്‍വകാല ഉയരത്തിലെത്തി. യുഎസ് സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ശുഭ സൂചനകളുമായി പുറത്തുവന്ന ശക്തമായ സാമ്പത്തിക ഡാറ്റ ആഗോള വിപണികളെ മൊത്തത്തില്‍ മുന്നോട്ടു നയിക്കുന്നുണ്ട്.നിക്ഷേപകര്‍ക്കിടയില്‍ മാന്ദ്യത്തെക്കുറിച്ചുള്ള ഭയം ലഘൂകരിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
മിഡ്‌ക്യാപ്‌സ് തുടക്ക വ്യാപാരത്തില്‍ പുതിയ റെക്കോർഡ് തലത്തിലേക്ക് എത്തിയപ്പോള്‍ സ്‌മോൾക്യാപ്‌സ് 52 ആഴ്‌ചയിലെ ഉയർന്ന തലത്തിലേക്ക് എത്തി. 13 പ്രധാന മേഖലകളുടെ സൂചികകളും നേട്ടമുണ്ടാക്കി. ഇന്ത്യയുടെ ബ്ലൂ-ചിപ്പ് നിഫ്റ്റി 50, സെൻസെക്‌സ് സൂചികകൾ ഇക്കഴിഞ്ഞ ബുധനാഴ്ചയും റെക്കോർഡ് ഉയരങ്ങളിലേക്ക് എത്തിയിരുന്നു, ചില അദാനി ഗ്രൂപ്പ് ഓഹരികളുടെയും ധനകാര്യ ഓഹരികളുടെയും മുന്നേറ്റം ഇതില്‍ പ്രധാന പങ്കുവഹിച്ചു. നിഫ്റ്റി 50 ഈ പാദത്തിൽ ഇതുവരെ 9 ശതമാനത്തിലധികം ഉയർന്നു. 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും മികച്ച പാദമായി ഇത് രേഖപ്പെടുത്താൻ പോകുകയാണ് എന്ന് വിപണി വിദഗ്ധര്‍ വ്യക്തമാക്കുന്നു.
സെൻസെക്സില്‍ ഇന്ന്, പവർ ഗ്രിഡ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, വിപ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ എന്നീ ഓഹരികളാണ് നഷ്ടത്തില്‍ ഉള്ളത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സെന്‍സെക്സ് മുന്നേറുന്നത്.
ഏഷ്യൻ വിപണികളിൽ ഇന്ന് പൊതുവേ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ പച്ചയിലാണ്. ടോക്കിയോ താഴ്ന്ന നിലയിലാണ്. യുഎസ് വിപണികൾ മിക്കതും വ്യാഴാഴ്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
"ആഗോള തലത്തിലെ ബുള്ളിഷ്‌നെസിന്‍റെ മാതൃ വിപണി യുഎസ് ആണ്, അവിടെ പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക ഫലങ്ങള്‍ പുറത്തുവന്നത് വിപണിയെ പിന്തുണയ്‌ക്കുന്നു. വിപണി പ്രതീക്ഷിക്കാത്തതും കണക്കിലെടുക്കാതിരുന്നതുമായ പ്രതിരോധ ശേഷിയാണ് യുഎസ് സമ്പദ്‌വ്യവസ്ഥ പ്രകടമാക്കിയത്. ഇതാണ് ഇപ്പോൾ ആഗോള വിപണികളുടെ ഏറ്റവും ശക്തമായ പിന്തുണ," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ശക്തമായ സാമ്പത്തിക ഡാറ്റയെ തുടര്‍ന്ന് നിക്ഷേപകരുടെ വികാരം മെച്ചപ്പെട്ടതിനാൽ വാൾസ്ട്രീറ്റ് ഓഹരികൾ അതിവേഗം നേട്ടത്തിലേക്ക് കുതിച്ചു. ഒന്നാം പാദ ജിഡിപി സംബന്ധിച്ച പ്രതീക്ഷ ഉയര്‍ത്തിയത്, തൊഴിലില്ലായ്മ ക്ലെയിമുകളിലെ കാര്യമായ ഇടിവ്, യുഎസ് ഫെഡറൽ റിസർവിന്റെ സ്ട്രെസ് ടെസ്റ്റിൽ നിന്നുള്ള പോസിറ്റീവ് ഫലങ്ങൾ എന്നിവയാണ് നിക്ഷേപകരെ ആവേശത്തിലാക്കിയത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.40 ശതമാനം ഉയർന്ന് ബാരലിന് 74.64 ഡോളറില്‍ എത്തിയിട്ടുണ്ട്.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ബുധനാഴ്ച 12,350 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങിയതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ബിഎസ്‌ഇ ബെഞ്ച്മാർക്ക് ബുധനാഴ്ച 499.39 പോയിന്റ് അഥവാ 0.79 ശതമാനം ഉയർന്ന് 63,915.42 എന്ന റെക്കോഡ് ക്ലോസിംഗ് ഉയരത്തിലെത്തി. നിഫ്റ്റി 154.70 പോയിന്റ് അഥവാ 0.82 ശതമാനം ഉയർന്ന് 18,972.10 എന്ന റെക്കോർഡ് നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്. ബക്രീദ് പ്രമാണിച്ച് ഇന്നലെ സെന്‍സെക്സിലും നിഫ്റ്റിയിലും വ്യാപാരത്തിന് അവധിയായിരുന്നു.