3 July 2023 5:06 AM
Summary
- സെന്‍സെക്സ് ആദ്യമായി 65000 കടന്നു
- മികച്ച ജിഎസ്‍ടി വരുമാനവും നിക്ഷേപകരെ പ്രചോദിപ്പിക്കുന്നു
- തുടര്‍ച്ചയായ നാലാം ദിനത്തിലും റാലി തുടരുന്നു
ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ റാലി തുടരുകയാണ്. തുടർച്ചയായ നാലാം ദിവസവും തുടരുന്ന റാലിയിൽ, 30-ഷെയർ ബിഎസ്ഇ സെൻസെക്സ് 449.46 പോയിന്റ് ഉയർന്ന് അതിന്റെ എക്കാലത്തെയും ഉയർന്ന നിലയായ 65,168.02 ൽ എത്തി. ആദ്യമായാണ് സെന്‍സെക്സ് 65,000 എന്ന നില മറികടക്കുന്നത്. എൻഎസ്ഇ നിഫ്റ്റി 128.95 പോയിന്റ് ഉയർന്ന് 19,318 എന്ന ആജീവനാന്ത ഉയരത്തിലെത്തി.
സെൻസെക്‌സ് പാക്കിൽ എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക് സിമന്റ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസെർവ്, ഐസിഐസിഐ ബാങ്ക് എന്നിവ മികച്ച നേട്ടത്തില്‍ വ്യാപാരം തുടരുന്നു. പവർ ഗ്രിഡ്, മാരുതി, ടെക് മഹീന്ദ്ര, ഇൻഡസ്‌ഇൻഡ് ബാങ്ക്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ആക്‌സിസ് ബാങ്ക് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തില്‍ വ്യാപാരം നടത്തുന്നു. വെള്ളിയാഴ്ച യുഎസ് വിപണികൾ കാര്യമായ നേട്ടത്തിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.01 ശതമാനം ഇടിഞ്ഞ് ബാരലിന് 75.41 ഡോളറിലെത്തി.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) വെള്ളിയാഴ്ച 6,397.13 കോടി രൂപയുടെ ഇക്വിറ്റികൾ ആഭ്യന്തര വിപണികളില്‍ നിന്ന് വാങ്ങിയെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ജൂണിൽ ജിഎസ്‍ടി സമാഹരണം 12 ശതമാനം ഉയർന്ന് 1.61 ലക്ഷം കോടി രൂപയായെന്ന് ശനിയാഴ്ച ധനമന്ത്രാലയം അറിയിച്ചിരുന്നു. ഇത് നാലാം തവണയാണ് ഒരു മാസത്തിലെ ജിഎസ്‍ടി വരുമാനം 1.60 ലക്ഷം കോടി കവിഞ്ഞത്.
ബിഎസ്‌ഇ ബെഞ്ച്മാർക്ക് 803.14 പോയിന്റ് അഥവാ 1.26 ശതമാനം ഉയർന്ന് 64,718.56 എന്ന റെക്കോഡ് തലത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 216.95 പോയിന്റ് അഥവാ 1.14 ശതമാനം ഉയർന്ന് 19,189.05 എന്ന റെക്കോർഡ് ഉയരത്തിൽ അവസാനിച്ചു. അതിനു മുമ്പ് ബുധനാഴ്ചത്തെ വ്യാപാരത്തിലും ഇരു വിപണികളും പുതിയ ഉരങ്ങള്‍ കുറിച്ചിരുന്നു.
"ആഗോള സ്റ്റോക്ക് മാർക്കറ്റുകളിൽ പൊതുവില്‍ നടന്നുകൊണ്ടിരിക്കുന്ന റാലിയെ പ്രധാനമായും നയിക്കുന്നത് യുഎസ് സമ്പദ്‌വ്യവസ്ഥയുടെ ആശ്ചര്യകരവും അപ്രതീക്ഷിതവുമായ ശക്തിയാണ്. അടിസ്ഥാന നിരക്കുകള്‍ ഫെഡ് റിസര്‍വ് തുടര്‍ച്ചയായി മൊത്തം 500 പോയിന്‍റോളം ഉയര്‍ത്തിയിട്ടും 2023 ഒന്നാം പാദത്തിൽ 2 ശതമാനം ജിഡിപി വളർച്ച നേടാന്‍ യുഎസിനായി. 2023 മധ്യത്തോടെ യുഎസ് മാന്ദ്യം നേരിടുമെന്ന ഭയം തെറ്റാണെന്ന് തെളിയിക്കപ്പെട്ടു, 2022ല്‍ പ്രകടമായ അമിതമായ അശുഭ ചിന്തകള്‍ക്ക് വിപണി ഇപ്പോൾ നഷ്ടപരിഹാരം നൽകുന്നു,” ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
എഫ്‍പിഐ വരവില്‍ പ്രകടമാകുന്ന സുസ്ഥിരതയാണ് ഇന്ത്യയിലെ റാലിയുടെ പ്രധാന ഘടകമെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു. ജൂണിൽ ഇന്ത്യൻ ഇക്വിറ്റികളിലേക്ക് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) എത്തിച്ചത് 47,148 കോടി രൂപയുടെ നിക്ഷേപമാണ്. 10 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന എഫ്‍പിഐ നിക്ഷേപമാണിത്. രാജ്യത്തിന്‍റെ ബൃഹത് സാമ്പത്തിക ഘടകങ്ങളില്‍ പ്രകടമാകുന്ന സ്ഥിരത എഫ്‍പിഐകളെ ആകര്‍ഷിക്കുന്നത് തുടരുകയാണ്.
മേയ് മാസത്തിൽ 43,838 കോടി രൂപയും ഏപ്രിലിൽ 11,631 കോടി രൂപയും മാർച്ചിൽ 7,936 കോടി രൂപയുമാണ് എഫ്‍പിഐകള്‍ നടത്തിയ അറ്റ നിക്ഷേപമെന്ന് ഡിപ്പോസിറ്ററീസ് ഡാറ്റ വ്യക്തമാക്കുന്നു. അതിനുമുമ്പ്, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി എഫ്‍പിഐകള്‍ ഇക്വിറ്റികളിൽ നിന്ന് മൊത്തം 34,000 കോടി രൂപ പിൻവലിച്ചിരുന്നു.