image

4 July 2023 5:06 AM

Stock Market Updates

പുത്തന്‍ ഉയരങ്ങളിലേക്ക് റാലി തുടര്‍ന്ന് വിപണികള്‍

MyFin Desk

markets then rally to new highs
X

Summary

  • വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക് തുടരുന്നു
  • തുടര്‍ച്ചയായ നാലാം ദിനത്തിലും പുതിയ സര്‍വകാല ഉയരങ്ങള്‍
  • ബജാജ് ഓഹരികളില്‍ വലിയ മുന്നേറ്റം


ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചുകൊണ്ടുള്ള റാലി ചൊവ്വാഴ്ചയും തുടരുകയാണ്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരില്‍ നിന്നുള്ള ഫണ്ട് ഒഴുക്ക് തുടരുന്നതിനിടെ സെൻസെക്സും നിഫ്റ്റിയും ഇന്ന് തുടക്ക വ്യാപാരത്തില്‍ എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌ഡിഎഫ്‌സി ഇരട്ടകൾ എന്നിവയിൽ തുടരുന്ന ശക്തമായ വാങ്ങല്‍ വിപണിയുടെ പോസിറ്റിവ് വികാരത്തിന് ആക്കം കൂട്ടുകയാണ്.

തുടക്ക വ്യാപാരത്തിൽ 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 381.55 പോയിന്റ് ഉയർന്ന് എക്കാലത്തെയും ഉയർന്ന 65,586.60 ലെത്തി. എൻഎസ്ഇ നിഫ്റ്റി 90.95 പോയിന്റ് ഉയർന്ന് 19,413.50 എന്ന റെക്കോർഡിലെത്തി. തുടര്‍ച്ചയായ നാലാം ദിവസങ്ങളും പുതിയ സര്‍വകാല ഉയരങ്ങള്‍ കുറിക്കുന്നത്. ഇതോടൊപ്പം ഇന്ത്യന്‍ ഓഹരിവിപണികളിലെ മുന്നേറ്റം തുടര്‍ച്ചയായ അഞ്ചാം ദിവസത്തിലേക്ക് കടക്കുകയും ചെയ്തു.

സെൻസെക്‌സ് പാക്കിൽ ബജാജ് ഫിനാൻസ് 6.56 ശതമാനവും ബജാജ് ഫിൻസെർവ് 3.93 ശതമാനവും ഉയർന്നു. വിപ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ലാർസൻ ആൻഡ് ടൂബ്രോ, ടെക് മഹീന്ദ്ര, നെസ്‌ലെ, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് സെന്‍‌സെക്സില്‍ നേട്ടം കൊയ്തുകൊണ്ടിരിക്കുന്ന മറ്റ് ഓഹരികള്‍. അതേമയം ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, എൻടിപിസി, അൾട്രാടെക് സിമന്റ്, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

ഏഷ്യൻ വിപണികളിൽ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍ സിയോളും ടോക്കിയോയും താഴ്ന്ന നിലയിലാണ്. തിങ്കളാഴ്ച യുഎസ് വിപണികൾ പോസിറ്റീവിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.64 ശതമാനം ഉയർന്ന് ബാരലിന് 75.13 ഡോളറിലെത്തി.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) തിങ്കളാഴ്ച ആഭ്യന്തര വിപണിയില്‍ നിന്ന് 1,995.92 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.

"എഫ്‌പിഐ നിക്ഷേപത്തിന്‍റെ അനിയന്ത്രിതമായ കുതിപ്പ് വിപണിയുടെ പ്രതിരോധശേഷി ഉയര്‍ത്തുകയാണ്. ഈ വർഷം ആദ്യ രണ്ട് മാസങ്ങളിൽ 34,146 കോടി രൂപയുടെ വിറ്റഴിക്കലാണ് എഫ്‌പിഐകള്‍ നടത്തിയിരുന്നത്. അവിടെ നിന്ന് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 90,986 കോടി രൂപയുടെ വാങ്ങലിലേക്ക് അവര്‍ എത്തിയത് വിപണിയെ ബുള്ളിഷ് ആക്കി മാറ്റുന്നതില്‍ നിർണായകമായി. കഴിഞ്ഞ 4 സെഷനുകളിൽ വിപണിയിലെ കുതിച്ചുചാട്ടത്തിന് പ്രധാനമായും നേതൃത്വം നൽകിയത് എച്ച്‌ഡിഎഫ്‌സി ഇരട്ടകളും ആർ‌ഐ‌എല്ലും ഐ‌ടി‌സിയുമാണ്. ഈ ഓഹരികൾക്ക് ശക്തവും മെച്ചപ്പെടുത്തുന്നതുമായ അടിസ്ഥാന ഘടകങ്ങളുണ്ടെന്ന് പ്രത്യേകം ഓർമ്മിക്കേണ്ടത് പ്രധാനമാണ്," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

തിങ്കളാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 486.49 പോയിന്റ് അല്ലെങ്കിൽ 0.75 ശതമാനം ഉയർന്ന് അതിന്റെ എക്കാലത്തെയും ഉയർന്ന ക്ലോസായ 65,205.05 ൽ എത്തി. നിഫ്റ്റി 133.50 പോയിന്റ് അഥവാ 0.70 ശതമാനം ഉയർന്ന് 19,322.55 എന്ന റെക്കോർഡ് ഉയരത്തിൽ അവസാനിച്ചു.

2023 -24 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ മികച്ച കോര്‍പ്പറേറ്റ് വരുമാന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമെന്ന ശുഭ പ്രതീക്ഷയാണ് നിക്ഷേപകര്‍. സമ്പദ് വ്യവസ്ഥയുടെ സാഹചര്യം വ്യക്തമാക്കുന്ന ആഭ്യന്തര ഡാറ്റകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നതും പ്രതീക്ഷ ഉണര്‍ത്തുന്നതാണ്. മികച്ച ജിഎസ്‍ടി സമാഹരണവും മാനുഫാക്ചറിംഗ് വളര്‍ച്ചയും ജൂണില്‍ സാധ്യമായെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക ഡാറ്റകള്‍ വ്യക്തമാക്കുന്നത്.