22 Jun 2023 5:00 PM IST
ഐടി, എണ്ണ ഓഹരികളില്‍ ലാഭമെടുക്കല്‍; സെന്‍സെക്സിലും നിഫ്റ്റിയിലും ഇടിവ്
MyFin Desk
Summary
- ഫെഡ് റിസര്‍വ് ചീഫിന്‍റെ പ്രസ്താവന വിപണികളെ സ്വാധീനിച്ചു
- ഇന്നലെ സെന്‍സെക്സ് സര്‍വകാല ഉയരത്തില്‍ എത്തിയിരുന്നു
- ധനകാര്യ ഓഹരികളിലും ഇടിവ്
രണ്ട് ദിവസത്തെ റാലിക്ക് ശേഷം ധനകാര്യ, ഐടി, എണ്ണ ഓഹരികളില്‍ പ്രകടമായ ലാഭമെടുപ്പും യുഎസ്, യൂറോപ്യൻ വിപണികളിലെ നെഗറ്റീവ് പ്രവണതകളും കൂടിച്ചേര്‍ന്നതോടെ ഓഹരിവിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു. 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 284.26 പോയിന്റ് അഥവാ 0.45 ശതമാനം ഇടിഞ്ഞ് 63,238.89 ൽ എത്തി. പ്രാരംഭ ഡീലുകളിൽ ബിഎസ്ഇ ബെഞ്ച്മാർക്ക് ഇൻട്രാ-ഡേ എക്കാലത്തെയും ഉയർന്ന നിലയായ 63,601.71ല്‍ എത്തിയിരുന്നു. തുടര്‍ന്ന് വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമാകുകയാരുന്നു. എൻഎസ്ഇ നിഫ്റ്റി 85.60 പോയിൻറ് അഥവാ 0.45 ശതമാനം താഴ്ന്ന് 18,771.25ൽ വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്‌സ് പാക്കിൽ ബജാജ് ഫിനാൻസ്, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യൻ പെയിന്റ്‌സ്, പവർ ഗ്രിഡ്, എൻടിപിസി, ഇൻഫോസിസ്, നെസ്‌ലെ, റിലയൻസ് ഇൻഡസ്‌ട്രീസ്, അൾട്രാടെക് സിമന്റ് എന്നിവയാണ് ഏറ്റവും നഷ്ടം നേരിട്ടത്. ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റ സ്റ്റീൽ, എച്ച്‌ഡിഎഫ്‌സി, ഭാരതി എയർടെൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
"ആഗോളതലത്തില്‍ നിന്നുള്ള ഒരു നെഗറ്റീവ് ട്രിഗർ, ഇന്നലെ യുഎസ് കോണ്‍ഗ്രസിനു മുമ്പാകെ സമര്‍പ്പിച്ച സാക്ഷ്യപത്രത്തിൽ ഫെഡ് റിസര്‍വ് ചീഫ് ജെറോ പവല്‍ നടത്തിയിട്ടുള്ള പ്രസ്താവനയാണ്. പണപ്പെരുപ്പം 2% ആക്കാനുള്ള പ്രക്രിയയില്‍ ഒരുപാട് ദൂരം ഇനിയും പോകാനുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇത് കൂടുതൽ നിരക്ക് വർധന ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു" ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ഏഷ്യൻ വിപണികളിൽ, സിയോൾ നേട്ടത്തില്‍ അവസാനിച്ചപ്പോൾ ടോക്കിയോ താഴ്ന്ന നിലയിലാണ്. യൂറോപ്പിലെ ഇക്വിറ്റി വിപണികളില്‍ പൊതുവേ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് വിപണികൾ ബുധനാഴ്ച നെഗറ്റീവ് ടെറിട്ടറിയിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 1.39 ശതമാനം ഇടിഞ്ഞ് ബാരലിന് 76.05 ഡോളറിലെത്തി.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ബുധനാഴ്ച 4,013.10 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങിയെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.ഇന്നലെ ബിഎസ്‌ഇ ബെഞ്ച്മാർക്ക് 195.45 പോയിന്റ് അല്ലെങ്കിൽ 0.31 ശതമാനം ഉയർന്ന് 63,523.15 എന്ന റെക്കോർഡ് ക്ലോസിംഗിൽ എത്തി. നിഫ്റ്റി 40.15 പോയിന്റ് അഥവാ 0.21 ശതമാനം ഉയർന്ന് 18,856.85ല്‍ വ്യാപാരം അവസാനിപ്പിച്ചു.