11 Jun 2023 6:43 AM
Summary
- ഏറ്റവും വലിയ നഷ്ടം ടിസിഎസിന്
- റിലയന്‍സ് രേഖപ്പെടുത്തിയത് നേട്ടം
- എം ക്യാപില്‍ ഒന്നാം സ്ഥാനത്ത് റിലയന്‍സ് തുടരുന്നു
രാജ്യത്തെ ഓഹരി വിപണിയില്‍ വിപണി മൂലധനത്തില്‍ ഏറ്റവും കൂടുതൽ മൂല്യമുള്ള 10 കമ്പനികളിൽ ആറെണ്ണവും കഴിഞ്ഞയാഴ്ച വിപണി മൂല്യത്തിൽ ഇടിവ് രേഖപ്പെടുത്തി. ഈ കമ്പനികളുടെ മൊത്തം വിപണ മൂല്യത്തില്‍ 83,637.96 കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ച, ബിഎസ്ഇ ബെഞ്ച്മാർക്ക് 78.52 പോയിന്റ് അല്ലെങ്കിൽ 0.12 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി 29.3 പോയിന്റ് അല്ലെങ്കിൽ 0.15 ശതമാനം ഉയർന്നു.
ടിസിഎസും എച്ച്‍യുഎലുമാണ് വിപണി മൂല്യത്തില്‍ ഏറ്റവുമധികം ഇടിവ് നേരിട്ട ടോപ് കമ്പനികള്‍, ടിസിഎസിന്റെ വിപണി മൂല്യം 35,694.04 കോടി രൂപ ഇടിഞ്ഞ് 11,74,720.15 കോടി രൂപയായി. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ മൂല്യം 18,949.45 കോടി രൂപ ഇടിഞ്ഞ് 6,19,281.77 കോടി രൂപയാപ്പോള്‍ ഇൻഫോസിസിന്റെ മൂല്യം 13,549.34 കോടി രൂപ ഇടിഞ്ഞ് 5,25,374.14 കോടി രൂപയിലുമെത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂലധനം 7,675.16 കോടി രൂപ കുറഞ്ഞ് 5,16,378.05 കോടി രൂപയായി. ഐടിസിയുടെ വിപണി മൂലധനം 5,903.31 കോടി രൂപ കുറഞ്ഞ് 5,44,906.44 കോടി രൂപയിലെത്തിയപ്പോള്‍ ഭാരതി എയർടെല്ലിന്റെ മൂല്യം 1,866.66 കോടി രൂപ കുറഞ്ഞ് 4,64,396.71 കോടി രൂപയായി.
എന്നിരുന്നാലും, റിലയൻസ് ഇൻഡസ്ട്രീസിന്‍റെ എം ക്യാപ് 18,233.31 കോടി രൂപ വര്‍ധിച്ച് 16,79,156.42 കോടി രൂപയായി. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ എംക്യാപ് 2,459.29 കോടി രൂപ ഉയർന്ന് 9,00,181.52 കോടി രൂപയായപ്പോള്‍ എച്ച്‌ഡിഎഫ്‌സിയുടേത് 1,055.33 കോടി രൂപ ഉയർന്ന് 4,89,196.37 കോടി രൂപയിലേക്ക് എത്തി. ഐസിഐസിഐ ബാങ്കിന്റെ മൂല്യം 664.9 കോടി രൂപ ഉയർന്ന് 6,55,862.83 കോടി രൂപയായി.
ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളുടെ പട്ടികയില്‍ റിലയൻസ് ഇൻഡസ്ട്രീസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഭാരതി എയർടെൽ എന്നിവയാണ് യഥാക്രമം തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളിലുള്ളത്.
റിസര്‍വ് ബാങ്കിന്‍റെ ധനനയ പ്രഖ്യാപനമാണ് കഴിഞ്ഞയാഴ്ച നിക്ഷേപകര്‍ ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കിയ ഘടകം. പൊതുവേയുള്ള വിലയിരുത്തലിനു സമാനമായി നിരക്കുകളില്‍ മാറ്റമില്ലാതെ തുടരാനാണ് കേന്ദ്ര ബാങ്കിന്‍റെ ധനനയ സമിതി തീരുമാനമെടുത്തത്. പണപ്പെരുപ്പം വരും മാസങ്ങളില്‍ സഹന പരിധിക്കുള്ളില്‍ തന്നെ നിലനില്‍ക്കുമെന്ന നിഗമനവും ആര്‍ബിഐ മുന്നോട്ടുവെച്ചിട്ടുണ്ട്.