20 July 2023 4:47 AM
സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ നടന്ന പ്രത്യേക പ്രീ-ഓപ്പൺ കോൾ ലേലത്തിന്റെ അവസാനത്തിൽ, ജിയോ ഫിനാൻഷ്യൽ സർവീസസ് (ജെഎഫ്‌എസ്‌എൽ) ഓഹരികളുടെ വിപണി വില നിശ്ചയിക്കപ്പെട്ടു. എൻഎസ്‌ഇയിൽ ഒരു ജെഎഫ്‌എസ്‌എൽ ഓഹരിക്ക് 261.85 രൂപയാണ് വില. .റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ധനകാര്യ സേവന ബിസിനസ്സായിരുന്ന റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് (ആര്‍എസ്ഐഎല്‍) ആണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ജെഎഫ്എസ്എല്‍) എന്ന പ്രത്യേക കമ്പനിയായി വിപണിയിലേക്ക് പ്രവേശിക്കുന്നത്. വിഭജനത്തെ തുടര്‍ന്ന്, റിലയൻസ് ഇൻഡസ്ട്രീസിന്റെ (ആർഐഎൽ) ഓഹരി വില 2,580 രൂപയായി കുറഞ്ഞു.
അനലിസ്റ്റുകള്‍ പൊതുവില്‍ പ്രവചിച്ചിരുന്നതിനും മുകളിലുള്ള മൂല്യ നിര്‍ണയമാണ് ജെഎഫ്എസ്എല്‍-ന് ലഭിച്ചിട്ടുള്ളത്. ജെഎഫ്എസ്എല്‍ വിഭജനത്തിനു മുന്നോടിയായി ഉണ്ടായ കുതിപ്പിന്‍റെ ഫലമായി ഇന്നലെ റിലയന്‍സ് ഓഹരികളുടെ മൂല്യം 52 ആഴ്ചകളിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഏകദേശം 4% ഉയർച്ചയാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്ഥാപനത്തിന്റെ വിപണി മൂലധനത്തില്‍ (എം-ക്യാപ്) ഉണ്ടായത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 19 ലക്ഷം കോടി കവിഞ്ഞു. ഇന്നത്തെ വിഭജനത്തിനു ശേഷം, സൂചികകളിൽ താൽക്കാലികമായി ചേർക്കുന്നതിനു മുന്നോടിയായി ജിയോ ഫിനാൻഷ്യൽ സർവീസസ് വാങ്ങുന്നതായിരിക്കും കൂടുതൽ ലാഭകരമായ മാർഗമെന്ന് നിരവധി പ്രമുഖ അനലിസ്റ്റുകള്‍ നിക്ഷേപകരോട് ശുപാര്‍ശ ചെയ്തിരുന്നു.
എക്സ്ചേഞ്ച് പ്രത്യേക സെഷൻ നടത്തുകയാണെങ്കിൽ വിഭജിക്കപ്പെടുന്ന കമ്പനിയെ നിഫ്റ്റി സൂചികയിൽ നിലനിർത്താനാകും. വിഭജനത്തെ തുടർന്ന്, റിലയൻസ് ഇൻഡസ്ട്രീസ് നിഫ്റ്റി സൂചികകളുടെ ഭാഗമായി തുടരും നിഫ്റ്റി 50, നിഫ്റ്റി 100, നിഫ്റ്റി 200, നിഫ്റ്റി 500 എന്നിങ്ങനെയുള്ള 19 നിഫ്റ്റി സൂചികകളിൽ ജെഎഫ്എസ്എലിനെ ഉൾപ്പെടുത്തുമെന്ന് എൻഎസ്ഇ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഭജിക്കപ്പെട്ട സ്ഥാപനം സൂചികയുടെ ഭാഗമാകുന്നതിനാല്‍ ജൂലൈ 20 മുതൽ കുറഞ്ഞത് മൂന്ന് ദിവസത്തേക്ക്, നിഫ്റ്റി 50-ൽ ട്രേഡിങ്ങിനായി 51 സ്റ്റോക്കുകൾ ലഭ്യമാകും
നിഫ്റ്റി സൂചികകളുടെ പുതിയ മെത്തഡോളജി അനുസരിച്ച്, T+3 ദിവസത്തിന്റെ അവസാനത്തിൽ സൂചികകളിൽ നിന്ന് ജിയോ ഫിനാൻഷ്യൽ സർവീസസ് നീക്കം ചെയ്യപ്പെടും.T എന്നത് ജിയോ ഫിനാൻഷ്യൽ ലിസ്റ്റ് ചെയ്യുന്ന ദിവസമാണ്. ഏപ്രിലിലാണ് കമ്പനികളുടെ വിഭജനവുമായി ബന്ധപ്പെട്ട കോര്‍പ്പറേറ്റ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മെത്തഡോളജി എന്‍എസ്ഇ ഇന്‍ഡിസസ് ലിമിറ്റഡ് പരിഷ്കരിച്ചത്. വിഭജനത്തിന്‍റെ ഫലമായി സൂചികകളില്‍ ഉണ്ടാകുനന ചാഞ്ചാട്ടം കുറയ്ക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ രണ്ട് ദിവസങ്ങളിൽ ഓരോന്നിലും സ്‌പൺ-ഓഫ് ബിസിനസ്സ് അഥവാ പുതിയ കമ്പനി പ്രൈസ് ബാൻഡിൽ എത്തുകയാണെങ്കിൽ, സൂചികയില്‍ നിന്ന് നീക്കം ചെയ്യുന്ന തീയതി മൂന്ന് ദിവസത്തേക്ക് കൂടി മാറ്റിവയ്ക്കും. തുടർച്ചയായി രണ്ട് ദിവസത്തേക്ക്, സ്‌പൺ-ഓഫ് ബിസിനസ്സ് പ്രൈസ് ബാൻഡിൽ എത്തിയില്ലെങ്കിൽ, മൂന്നാം ട്രേഡിംഗ് ദിവസത്തിന് ശേഷം അത് നീക്കം ചെയ്യപ്പെടും.മൂന്നാം ദിവസം, സ്‌പൺ-ഓഫ് എന്റിറ്റി പ്രൈസ് ബാൻഡിൽ എത്തിയാലും, ഓഹരിയെ നീക്കംചെയ്യുന്നത് മാറ്റിവെക്കില്ല. എക്സ്ചേഞ്ച് പ്രത്യേക പ്രീ ഓപ്പണ്‍ സെഷന്‍ നടത്തുന്നില്ലാ എങ്കില്‍ അനുയോജ്യമായ പകരംവെക്കലിലൂടെ വിഭജിക്കപ്പെട്ട കമ്പനിയെ സൂചികയില്‍ നിന്ന് നീക്കം ചെയ്യും.
മുമ്പ് ഒരു ലിസ്റ്റഡ് കമ്പനി വിഭജിക്കപ്പെടുമ്പോള്‍, ഓഹരികള്‍ക്കായി കമ്പനി മുന്നോട്ടുവെക്കുന്ന ക്രമീകരണങ്ങള്‍ക്ക് ഓഹരിയുടമകള്‍ അംഗീകാരം നൽകുന്നതിന് പിന്നാലെ നിഫ്റ്റി ഈ കമ്പനിയെ ഈ സൂചികയില്‍ നിന്ന് നീക്കുമായിരുന്നു.
ജൂലൈ 8 -നാണ് തങ്ങളുടെ ധനകാര്യ സേവന വിഭാഗത്തെ വിഭജിച്ച് ജൂലൈ 20ന് പുതിയ കമ്പനി രൂപീകരിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രഖ്യാപിച്ചത്.