7 July 2023 7:54 AM GMT
Summary
- കഴിഞ്ഞ ആഴ്ച ഐപിഒ-യില്‍ 106.05 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷൻ
- ഉപഭോക്താക്കളില്‍ സായുധ സേനകളും വനം വകുപ്പും
- ഡ്രോണുകളുടെ പ്രവര്‍ത്തന വിന്യാസത്തില്‍ കമ്പനി ഒന്നാമത്
ഡ്രോൺ നിർമ്മാതാക്കളായ ഐഡിയ ഫോർജ് ടെക്നോളജിയുടെ ഓഹരികളുടെ ലിസ്റ്റിംഗ് ഇന്ന് ഓഹരി വിപണികളില്‍ നടന്നു. ഇഷ്യു വിലയായ 672 രൂപയെ അപേക്ഷിച്ച് 94 ശതമാനം പ്രീമിയത്തോടെയാണ് ലിസ്റ്റിംഗ് നടന്നത്. ബിഎസ്ഇയിൽ 94.21 ശതമാനത്തിന്‍റെ കുത്തനെയുള്ള കുതിച്ചുചാട്ടം പ്രതിഫലിപ്പിച്ചുകൊണ്ട് 1,305.10 രൂപയിൽ ലിസ്റ്റ് ചെയ്തപ്പോള്‍ എൻഎസ്ഇയിൽ, 93.45 ശതമാനം ഉയര്‍ച്ചയോടെ 1,300 രൂപയ്ക്ക് അരങ്ങേറ്റം കുറിച്ചു.
ഐഡിയഫോർജ് ടെക്‌നോളജി ലിമിറ്റഡിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) കഴിഞ്ഞ ആഴ്ച 106.05 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചിരുന്നു. 567.24 കോടി രൂപയുടെ ഐപിഒ-യിൽ ഒരു ഓഹരിക്ക് നിശ്ചയിച്ചിരുന്ന വില 638-672 രൂപയായിരുന്നു.
2007-ൽ മുംബൈ ആസ്ഥാനമായാണ് കമ്പനി സ്ഥാപിതമായത്. അൺമാൻഡ് ഏരിയൽ വെഹിക്കിളുകളുടെ (UAV) വിന്യാസത്തിലും അവയെ പ്രവര്‍ത്തിപ്പിക്കുന്നതിലും രാജ്യത്ത് ഒന്നാം സ്ഥാനത്താണ് ഐഡിയഫോര്‍ജ്. ക്വാല്‍കോം ഏഷ്യ, ഇന്‍ഫോസിസ്, സെലെസ്റ്റ ക്യാപിറ്റല്‍ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ സംരംഭങ്ങളും സ്വകാര്യ ഇക്വിറ്റി നിക്ഷേപകരും ഐഡിയഫോർജിനെ പിന്തുണച്ചിട്ടുണ്ട്.
സായുധ സേനകൾ, കേന്ദ്ര സായുധ പോലീസ് സേനകൾ, സംസ്ഥാന പോലീസ് വകുപ്പുകൾ, ദുരന്ത നിവാരണ സേനകൾ, വനം വകുപ്പുകൾ, സിവിൽ ഉപഭോക്താക്കൾ എന്നിവയെല്ലാം ഈ ഡ്രോൺ നിർമാണ കമ്പനിയുടെ ഉപഭോക്താക്കളിൽ ഉൾപ്പെടുന്നു.