23 July 2023 1:15 PM IST
Summary
- ഈ വര്‍ഷം ഇതുവരെ എത്തിയത് 1.2 ലക്ഷം കോടി രൂപ
- ഡെറ്റ് വിപണിയിലും നിക്ഷേപം തുടരുന്നു
- ഉയര്‍ന്ന മൂല്യനിര്‍ണയം നിക്ഷേപ വരവിനെ താല്‍ക്കാലികമായി പരിമിതപ്പെടുത്തിയേക്കാം
ആഭ്യന്തര തലത്തിലെ സുസ്ഥിരമായ സൂക്ഷ്‍മ സാമ്പത്തിക ഘടകങ്ങള്‍, സ്ഥിരമായ വരുമാന വളർച്ച, ചൈനീസ് സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ എന്നിവയെല്ലാം വിദേശ നിക്ഷേപകരെ ഇന്ത്യന്‍ വിപണിയിലെ നിക്ഷേപം തുടരാന്‍ പ്രേരിപ്പിക്കുകയാണ്. ജൂലൈയിൽ ഇതുവരെ 43,800 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യൻ ഇക്വിറ്റികളില്‍ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ നടത്തിയത്.
ഇതോടെ, ഈ വർഷം ഇതുവരെ ഇക്വിറ്റി വിപണിയിലെ എഫ്‍പിഐ നിക്ഷേപം 1.2 ലക്ഷം കോടി രൂപയിൽ എത്തിയതായി ഡിപ്പോസിറ്ററികളിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ ഇക്വിറ്റികളിലേക്കുള്ള എഫ്‌പിഐ ഒഴുക്കിന്റെ കാഴ്ചപ്പാട് പ്രതീക്ഷയുള്ളതും വിശാലവുമായ അടിസ്ഥാനത്തില്‍ ഉള്ളതുമാണെന്നാണ് മാർക്കറ്റ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.
എന്നിരുന്നാലും, ഉയരുന്ന മൂല്യനിർണയം നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയായി വരുന്നുണ്ട്. ചില നെഗറ്റീവ് ട്രിഗറുകൾ ആഴമേറിയ തിരുത്തലിന് കാരണമാകുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജി വി കെ വിജയകുമാർ പറഞ്ഞു. എഫ്‍പിഐകളിൽ നിന്നുള്ള നിരന്തരമായ ഒഴുക്ക് ഇന്ത്യൻ ഇക്വിറ്റി വിപണികളെ അവരുടെ എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. അതിനാൽ, മുന്നോട്ടുപോകുമ്പോള്‍ ഇടയ്ക്കിടെയുള്ള ലാഭ ബുക്കിംഗ് തള്ളിക്കളയാനാവില്ലെന്ന് മോണിംഗ്സ്റ്റാർ ഇന്ത്യയിലെ അസോസിയേറ്റ് ഡയറക്ടർ - റിസർച്ച് മാനേജർ ഹിമാൻഷു ശ്രീവാസ്തവ പറഞ്ഞു.
ഡാറ്റ അനുസരിച്ച്, ഇക്വിറ്റികളിലെ എഫ്‍പിഐ അറ്റനിക്ഷേപം 40,000 കോടി കവിയുന്ന തുടർച്ചയായ മൂന്നാം മാസമാണിത്. ജൂണിൽ ഇത് 47,148 കോടി രൂപയും മേയിൽ 43,838 കോടി രൂപയും ആയിരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴിയുള്ള നിക്ഷേപം കൂടാതെ ബൾക്ക് ഡീലുകളും പ്രാഥമിക വിപണിയും വഴിയുള്ള നിക്ഷേപവും ഈ കണക്കിൽ ഉൾപ്പെടുന്നു. മാർച്ചിന് മുമ്പ്, ജനുവരിയിലും ഫെബ്രുവരിയിലും വിദേശ നിക്ഷേപകർ 34,626 കോടി രൂപയുടെ പിൻവലിക്കലാണ് നടത്തിയത്.
ആഗോള സാമ്പത്തിക രംഗം അനിശ്ചിതത്വത്തിൽ തുടരുമ്പോൾ, സൂക്ഷ്മ സമ്പദ്‌വ്യവസ്ഥയിലെ ഇന്ത്യയുടെ ശക്തിയും ആകർഷകമായ മൂല്യനിർണ്ണയങ്ങളും മികച്ച കോർപ്പറേറ്റ് വരുമാനവും സുസ്ഥിര വളർച്ചയ്ക്കും നിക്ഷേപ അവസരങ്ങൾക്കും സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നതായി സ്മോൾകേസ് മാനേജരും ഫിനാൻഷ്യൽ കൺസൾട്ടൻസി ക്രേവിംഗ് ആൽഫയുടെ പ്രധാന പാര്‍ട്‍ണറുമായ മായങ്ക് മെഹ്‌റ പറഞ്ഞു.
ഇക്വിറ്റികൾക്ക് പുറമെ, അവലോകന കാലയളവിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ ഡെറ്റ് മാർക്കറ്റിലേക്ക് 2,623 കോടി രൂപ നിക്ഷേപിച്ചു.
ഫിനാൻഷ്യൽ, ഓട്ടോമൊബൈൽ, ക്യാപിറ്റൽ ഗുഡ്‌സ്, റിയൽറ്റി, എഫ്എംസിജി എന്നിവയിലാണ് നിക്ഷേകര്‍ പ്രധാനമായും തങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.