image

16 July 2023 11:10 AM GMT

Stock Market Updates

വാങ്ങല്‍ തുടര്‍ന്ന് എഫ്‍പിഐകള്‍; ജൂലൈയില്‍ ഇതുവരെ വരവ് 30,600 കോടി രൂപ

MyFin Desk

വാങ്ങല്‍ തുടര്‍ന്ന് എഫ്‍പിഐകള്‍;  ജൂലൈയില്‍ ഇതുവരെ വരവ് 30,600 കോടി രൂപ
X

Summary

  • ഡെറ്റ് വിപണിയില്‍ 1,076 കോടി രൂപയുടെ നിക്ഷേപം
  • ഈ വര്‍ഷം ഇതുവരെയുള്ള വരവ് 1 ലക്ഷം കോടി കവിഞ്ഞു
  • ഉയര്‍ന്ന മൂല്യ നിര്‍ണയം ഭാവി നിക്ഷേപങ്ങളില്‍ നിഴല്‍ വീഴ്ത്തിയേക്കും


ഇന്ത്യൻ ഇക്വിറ്റി വിപണിയിലേക്കുള്ള വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങളുടെ (എഫ്‍പിഐ) ഒഴുക്ക് തുടരുകയാണ്. ജൂലൈയിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ 30,660 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്‍പിഐകള്‍ നടത്തിയിട്ടുള്ളത്. രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക ഘടകങ്ങളും മികച്ച കോർപ്പറേറ്റ് വരുമാനവുമാണ് എഫ്‍പിഐകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്.

ഈ പ്രവണത തുടരുകയാണെങ്കിൽ, ജൂലൈയിലെ എഫ്‍പിഐ നിക്ഷേപം മെയ്, ജൂൺ മാസങ്ങളിൽ രേഖപ്പെടുത്തിയ കണക്കുകളെ മറികടക്കും. യഥാക്രമം 43,838 കോടി രൂപയും 47,148 കോടി രൂപയുമാണ് തൊട്ടുമുന്‍പുള്ള രണ്ട് മാസങ്ങളില്‍ എത്തിയത്. ഇതോടെ ഈ വർഷം ഇതുവരെ ഇക്വിറ്റി വിപണിയിലെത്തിയ എഫ്‍പിഐ നിക്ഷേപം 1.07 ലക്ഷം കോടി രൂപയിൽ എത്തിയതായി ഡിപ്പോസിറ്ററികളിലെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്ത്യൻ ഇക്വിറ്റികളിലേക്കുള്ള എഫ്‌പിഐ ഒഴുക്കിന്‍റെ ഭാവി സംബന്ധിച്ച കാഴ്ചപ്പാടും വളരെ ശോഭയുള്ളതും വിശാലവുമായ അടിസ്ഥാനത്തിലുള്ളതും ആണെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ പൊതുവില്‍ അഭിപ്രായപ്പെടുന്നു. "എന്നിരുന്നാലും, വർദ്ധിച്ചുവരുന്ന മൂല്യനിർണ്ണയമാണ് ആശങ്ക. ഇന്ത്യയിലെ മൂല്യനിർണ്ണയവുമായി താരതമ്യപ്പെടുത്തുമ്പോൾ ചൈനയിലെ മൂല്യനിർണ്ണയം ഇപ്പോൾ വളരെ ആകർഷകമാണ്, അതിനാൽ, എഫ്‍പിഐകള്‍ ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ള 'ചൈനയില്‍ വിൽക്കുക, ഇന്ത്യയില്‍ വാങ്ങുക' എന്ന നയം ദീർഘകാലം തുടരാനാവില്ല, " ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജി വി കെ വിജയകുമാർ പറഞ്ഞു.

ഈ വര്‍ഷം മാര്‍ച്ച് മുതലാണ് എഫ്‍പിഐകള്‍ ഇന്ത്യന്‍ വിപണിയില്‍ വാങ്ങലിലേക്ക് തിരിഞ്ഞത്. സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴിയുള്ള നിക്ഷേപത്തിന് പുറമെ ബൾക്ക് ഡീലുകളിലൂടെയും പ്രാഥമിക വിപണിയിലൂടെയും നടത്തിയ നിക്ഷേപവും ഈ കണക്കിൽ ഉൾപ്പെടുന്നു.

മാർച്ചിന് മുമ്പ്, ജനുവരിയിലും ഫെബ്രുവരിയിലുമായി വിദേശ നിക്ഷേപകർ 34,626 കോടി രൂപ പിൻവലിച്ചിരുന്നു.

ഉയർന്നുവരുന്ന മൂലധന ചെലവിടല്‍, മാനുഫാക്ചറിംഗ് മേഖലയുടെ വീണ്ടെടുപ്പ്, ശക്തമായ ബാങ്കിംഗ് മേഖല എന്നിവയെല്ലാം എഫ്‍പിഐകളെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലേക്കുള്ള ആകർഷണീയതയില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്ന് റൈറ്റ് റിസർച്ച് സ്ഥാപക സോനം ശ്രീവാസ്തവ നിരീക്ഷിക്കുന്നു.

അദാനി ഗ്രൂപ്പ് കമ്പനികളിലേക്കുള്ള നിക്ഷേപങ്ങള്‍ എഫ്‍പിഐ വരവിലെ ഒരു പ്രധാന ഘടകമായിട്ടുണ്ടെന്ന് ഗ്രീൻ പോർട്ട്ഫോളിയോ സ്ഥാപകൻ ദിവം ശർമ പറഞ്ഞു. കൂടാതെ, ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുന്നതിലേക്ക് നീങ്ങുമെന്നും മാന്ദ്യത്തിനുള്ള സാധ്യത വളരെ കുറവാണെന്നും യുഎസിൽ ആത്മവിശ്വാസമുണ്ട്, ഇത് യുഎസ് വിപണികളിൽ റാലിക്ക് കാരണമാകുകയും ഇന്ത്യ ഉൾപ്പെടെയുള്ള വളർച്ചാ വിപണികളോടുള്ള നിക്ഷേപകരുടെ മനോഭാവം ഉയര്‍ത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

"വെള്ളിയാഴ്ച ഡോളർ സൂചിക 100ന് താഴെയായി കുറഞ്ഞു, ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. വളർന്നുവരുന്ന വിപണികൾക്ക് അനുകൂലമാണ് ഇത്. മറ്റ്. വളർന്നുവരുന്ന വിപണികളുമായുള്ള താരതമ്യത്തില്‍ ഏറ്റവും കൂടുതൽ എഫ്‍പിഐ എത്തിയത് ഇന്ത്യയിലേക്കാണ്," ജിയോജിത്തിന്റെ വിജയകുമാർ പറഞ്ഞു.

ഇക്വിറ്റികൾക്ക് പുറമെ, ജൂലൈയിലെ ഇതുവരെയുള്ള വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപകർ 1,076 കോടി രൂപ ഇന്ത്യൻ ഡെറ്റ് മാർക്കറ്റിലേക്കും എത്തിച്ചിട്ടുണ്ട്.

മേഖലകള്‍ തിരിച്ച് വിലയിരുത്തിയാല്‍ ധനകാര്യം, ഓട്ടോമൊബൈൽ, മൂലധന ഉല്‍പ്പന്നങ്ങള്‍, റിയൽറ്റി, എഫ്എംസിജി എന്നിവയിൽ എഫ്‍പിഐകള്‍ ശക്തമായ നിക്ഷേപം തുടരുകയാണ്. ഇത് ഇത്തരം മേഖലകളിലെ ഓഹരികളുടെ വിലക്കയറ്റത്തിന് കാരണമായി, സെൻസെക്‌സും നിഫ്റ്റിയും റെക്കോർഡ് ഉയരങ്ങളിലേക്ക് കയറുന്നതിലും പ്രധാന പങ്കു വഹിച്ചത് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ പങ്കാളിത്തമാണ്. ജൂലൈ തുടക്കം മുതലുള്ള കാലയളവില്‍ സെന്‍സെക്സും നിഫ്റ്റിയും പലകുറി പുതിയ സര്‍വകാല ഉയരങ്ങളും റെക്കോഡ് ക്ലോസിംഗുകളും രോഖപ്പെടുത്തി. ജൂലൈ 14 വെള്ളിയാഴ്ച പുതിയ റെക്കോഡിലാണ് ഇരു വിപണികളും വ്യാപാരം അവസാനിപ്പിച്ചത്.