image

2 July 2023 12:35 PM IST

Stock Market Updates

ജൂണിലെ എഫ്‍പിഐ നിക്ഷേപം 10 മാസത്തിലെ ഉയര്‍ച്ചയില്‍

MyFin Desk

fpi inflows at 10-month high in june
X

Summary

  • ഉന്മേഷദായകമായ ബൃഹദ് ഘടകങ്ങള്‍ ഇന്ത്യന്‍ വിപണിക്ക് തുണയാകുന്നു
  • ഇക്വിറ്റികളിലെ ഈ വര്‍ഷത്തെ മൊത്തം നിക്ഷേപം 76,406 കോടി രൂപയിലെത്തി
  • ജൂലൈയില്‍ എഫ്‍പിഐകള്‍ ജാഗ്രത പുലര്‍ത്തിയേക്കും


ജൂണിൽ ഇന്ത്യൻ ഇക്വിറ്റികളിലേക്ക് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) എത്തിച്ചത് 47,148 കോടി രൂപയുടെ നിക്ഷേപം. 10 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന എഫ്‍പിഐ നിക്ഷേപമാണിത്. രാജ്യത്തിന്‍റെ ബൃഹത് സാമ്പത്തിക ഘടകങ്ങളില്‍ പ്രകടമാകുന്ന സ്ഥിരത നിക്ഷേപകരെ ആകര്‍ഷിക്കുന്നത് തുടരുകയാണ്.

എങ്കിലും, യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശ നിരക്ക് വര്‍ധനയിലേക്ക് നീങ്ങുമെന്ന സൂചനകള്‍ പുറത്തുവിട്ടതു മൂലം എഫ്‌പിഐകൾ ജൂലൈയില്‍ ജാഗ്രതാപൂര്‍ണമായ സമീപനം കൈക്കൊണ്ടേക്കും ഇത് നിക്ഷേപം ഇടിയാന്‍ കാരണമായേക്കുമെന്നും ഫിനാൻഷ്യൽ കൺസൾട്ടൻസിയായ ക്രേവിംഗ് ആൽഫയുടെ സ്‌മോൾകേസ് മാനേജരും പ്രിന്‍സിപ്പള്‍ പാര്‍ട്‍ണറുമായ മായങ്ക് മെഹ്‌റ പറഞ്ഞു. കൂടാതെ, ഹ്രസ്വകാല വീക്ഷണകോണിൽ നോക്കുമ്പോള്‍ രാജ്യത്തെ ഓഹരികളുടെ മൂല്യനിർണ്ണയം ഉയര്‍ന്ന തലത്തില്‍ ആയതിനാല്‍ മുന്നോട്ട് പോകുമ്പോൾ എഫ്‌പിഐകൾ അൽപ്പം ജാഗ്രത പാലിക്കാൻ സാധ്യതയുണ്ടെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാറും പറയുന്നു.

മേയ് മാസത്തിൽ 43,838 കോടി രൂപയും ഏപ്രിലിൽ 11,631 കോടി രൂപയും മാർച്ചിൽ 7,936 കോടി രൂപയുമാണ് എഫ്‍പിഐകള്‍ നടത്തിയ അറ്റ ​​നിക്ഷേപമെന്ന് ഡിപ്പോസിറ്ററീസ് ഡാറ്റ വ്യക്തമാക്കുന്നു. അതിനുമുമ്പ്, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി എഫ്‍പിഐകള്‍ ഇക്വിറ്റികളിൽ നിന്ന് മൊത്തം 34,000 കോടി രൂപ പിൻവലിച്ചിരുന്നു. ഇതിന് മുമ്പ്, 2022 ഓഗസ്റ്റിൽ എഫ്‍പിഐകള്‍ ഇക്വിറ്റികളിൽ 51,204 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. അതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ് ജൂണില്‍ ഉണ്ടായത്.

മണ്‍സൂണും ആഗോള സാഹചര്യങ്ങളും കരുത്തേകുന്നു

എഫ്‌പിഐകള്‍ ഇന്ത്യൻ വിപണികളിൽ ബുള്ളിഷ് പ്രവണതയില്‍ തുടരുന്നത് പ്രാഥമികമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ ഉന്മേഷദായകമായ ബൃഹദ് ഘടകങ്ങളുടെയും മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നതിന്‍റെ ആഗോള സാമ്പത്തിക അന്തരീക്ഷം ഇരുണ്ടിരിക്കുന്നതിന്‍റെയും ഫലമാണ്, കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസർച്ച് (റീട്ടെയിൽ) മേധാവി ശ്രീകാന്ത് ചൗഹാൻ പറഞ്ഞു.

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ, വിദേശ നിക്ഷേപകർ ഇന്ത്യൻ ഇക്വിറ്റികളിൽ നിന്ന് വലിയ തോതില്‍ പിൻവാങ്ങുകയായിരുന്നു, കൊവിഡിന് ശേഷം ചൈനയിലെ നിയന്ത്രണങ്ങള്‍ അയഞ്ഞതും അവിടെ വളർച്ചയിലും വരുമാനത്തിലും ഉണർവ് ഉണ്ടാകുമെന്ന പ്രതീക്ഷയും അടിസ്ഥാനമാക്കി വിദേശ നിക്ഷേപകര്‍ ചൈനയിലെ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുകയായിരുന്നു. എന്നാല്‍ ചൈനീസ് സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവില്‍ പ്രടകമാകുന്ന വേഗക്കുറവും ആഗോള തലത്തില്‍ ഉരുണ്ടുകൂടിയ അസ്വസ്ഥതകളും നിക്ഷേപകരെ ഇന്ത്യയിലേക്ക് നയിച്ചു.

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധന സൈക്കിളിൽ താൽക്കാലികമായി നിർത്തുന്നു എന്നാണ് കഴിഞ്ഞ ധനനയ അവലോകന യോഗത്തിനു ശേഷം വ്യക്തമാക്കിയത്. ഇന്ത്യയെപ്പോലുള്ള വളർന്നുവരുന്ന വിപണികളിലേക്ക് നിക്ഷേപം ഒഴുകുന്നതിന് ഇത് കാരണമായെന്നും ആഗോള വിപണികളിലെ വികാരങ്ങളെ മെച്ചപ്പെടുത്തിയെന്നു മോണിംഗ്സ്റ്റാർ ഇന്ത്യയിലെ അസോസിയേറ്റ് ഡയറക്ടറും റിസർച്ച് മാനേജരുമായ ഹിമാൻഷു ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യൻ വിപണികളിൽ നിന്ന് എഫ്‍പിഐകള്‍ മികച്ച വളർച്ച പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ചൈനയുടെ സാമ്പത്തിക വീണ്ടെടുപ്പിനെക്കുറിച്ചുള്ള ആശങ്കകളും യുഎസിലും യുകെയിലും നിലനില്‍ക്കുന്ന അനിശ്ചിതത്വ അന്തരീക്ഷവും ഇന്ത്യൻ തീരങ്ങളിലേക്കുള്ള ഒഴുക്കിനെ സഹായിച്ച മറ്റൊരു ഘടകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മേഖലകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാല്‍ ധനകാര്യം, ഓട്ടോമൊബൈൽ, ക്യാപിറ്റൽ ഗുഡ്സ്, നിർമ്മാണവുമായി ബന്ധപ്പെട്ട ഓഹരികളില്‍ എഫ്‍പിഐകള്‍ നിക്ഷേപം നടത്തുന്നത് തുടരുകയാണ്. കൂടാതെ, ജൂണിൽ ഡെറ്റ് മാർക്കറ്റിൽ ഏകദേശം 9,200 കോടി രൂപയുടെ നിക്ഷേപമാണ് എഫ്‍പിഐകൾ നടത്തിയത്. 2023ൽ ഇതുവരെ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ 76,406 കോടി രൂപയും ഡെറ്റ് വിപണികളില്‍ 16,722 കോടി രൂപയും നിക്ഷേപിച്ചിട്ടുണ്ട്.