image

18 Jun 2023 10:54 AM IST

Stock Market Updates

ജൂണില്‍ ഇതുവരെ എഫ്‍പിഐ വരവ് 16,400 കോടി രൂപ

MyFin Desk

fpi june
X

Summary

  • ധനകാര്യ , ഓട്ടൊമെബൈല്‍ ഓഹരികളില്‍ മികച്ച വാങ്ങല്‍
  • ഐടി ഓഹരികളില്‍ പ്രകടമാകുന്നത് വില്‍പ്പന
  • മേയില്‍ രേഖപ്പെടുത്തിയത് 9 മാസത്തിലെ ഏറ്റവും വലിയ നിക്ഷേപം


മേയില്‍ 9 മാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപം ഇന്ത്യന്‍ മൂലധന വിപണിയിലേക്കെത്തിച്ച വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ജൂണിലും അറ്റവാങ്ങല്‍ തുടരുകയാണ്. എൻഎസ്‍ഡിഎൽ കണക്കുകൾ പ്രകാരം, ജൂണിൽ ഇതുവരെയുള്ള വ്യാപാരദിനങ്ങളിലായി മൊത്തം 16,406 കോടി രൂപയുടെ നിക്ഷേപമാണ് എഫ്‍പിഐകള്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നടത്തിയിട്ടുള്ളത്. മേയില്‍, എഫ്‍പിഐകൾ 43,838 കോടി രൂപയുടെ നിക്ഷേപം നടത്തി. കഴിഞ്ഞ വർഷം നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിക്ഷേപമായിരുന്നു ഇത്.

ധനകാര്യം, ഓട്ടോമൊബൈൽസ്, ഓട്ടോ കംപൊണന്‍റുകള്‍, ക്യാപിറ്റൽ ഗുഡ്‌സ്, നിർമ്മാണ മേഖല എന്നിവയുമായി ബന്ധപ്പെട്ട ഓഹരികള്‍ വിദേശ നിക്ഷേപകർ കാര്യമായ വാങ്ങല്‍ നടത്തുന്നുണ്ട്. ഐടി, ലോഹം, പവർ, ടെക്സ്റ്റൈൽസ് എന്നിവയിലെ ഓഹരികളില്‍ എഫ്‍പിഐകള്‍ വില്‍പ്പന നടത്തുന്നതായാണ് കാണുന്നത്.

"എഫ്‌പിഐകളിലെ നിക്ഷേപം സ്ഥിരത പുലര്‍ത്തുന്നത്, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷിയിലും കോർപ്പറേറ്റ് മേഖലയുടെ സാധ്യമായ വരുമാനത്തിലും അവർക്കുള്ള വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ്. വളർന്നുവരുന്ന വലിയ സമ്പദ്‌വ്യവസ്ഥകൾക്കിടയിൽ ഏറ്റവും മികച്ച വളർച്ചയും വരുമാന ഫലങ്ങളും ഇന്ത്യയിലാണെന്ന് എഫ്‍പിഐകള്‍ ഒരുപോലെ കരുതുന്നു. ഈ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് എഫ്‍പിഐകള്‍ നിക്ഷേപം നടത്തുന്നത്,” ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറഞ്ഞു.എഫ്‍പിഐകളിലെ ഈ ട്രെൻഡ് മുന്നോട്ട് പോകാനാണ് സാധ്യതയെന്നും ഇത് നിഫ്റ്റി 50യെ പുതിയ റെക്കോർഡ് ഉയരത്തിൽ എത്തിക്കുമെന്നും വിദഗ്‍ധര്‍ വിലയിരുത്തുന്നു.

വെള്ളിയാഴ്ച, ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ശക്തമായ നേട്ടം കൈവരിച്ചിരുന്നു. ആഗോള വിപണികളിലെ പോസിറ്റീവ് വികാരങ്ങള്‍ക്കിടയില്‍ ഇരു സൂചികകളും പുതിയ ഉയരങ്ങളിലെത്തി. സെൻസെക്‌സ് 467 പോയിന്റ് അഥവാ 0.74 ശതമാനം ഉയർന്ന് 63,384.58 ലും നിഫ്റ്റി 138 പോയിന്റ് അഥവാ 0.74 ശതമാനം നേട്ടത്തിൽ 18,826 ലും ക്ലോസ് ചെയ്തു.

ഏപ്രിൽ മാസത്തിൽ എഫ്‌പിഐകളുടെ നിക്ഷേപം 11,631 കോടി രൂപയായിരുന്നു. മാർച്ചിൽ 7,936 കോടി രൂപയുടെ നിക്ഷേപം നടന്നു. അദാനി ഗ്രൂപ്പ് കമ്പനികളില്‍ അമേരിക്ക ആസ്ഥാനമായുള്ള ജിക്യുജി പാർട്ണേഴ്‌സ് നടത്തിയ നിക്ഷേപമാണ് മാര്‍ച്ചില്‍ മൊത്തത്തിലുള്ള നിക്ഷേപത്തെ പോസിറ്റിവ് ആക്കിയത്. . 2023 തുടക്കം മുതലുള്ള കണക്കുപ്രകാരം, എഫ്‍പിഐകൾ ഇന്ത്യൻ ഓഹരികളിൽ 35,748 കോടി രൂപയുടെ അറ്റ ​​വാങ്ങല്‍ നടത്തി.