1 July 2023 10:17 AM IST
വിപണി മൂല്യത്തില്‍ $3 ട്രില്യണ്‍ കടന്നു; വാള്‍സ്ട്രീറ്റില്‍ ചരിത്രമെഴുതി ആപ്പിള്‍
MyFin Desk
3 ട്രില്യൺ ഡോളറിലധികം വിപണി മൂല്യത്തിലേക്ക് ഉയര്‍ന്ന് വാൾസ്ട്രീറ്റില്‍ പുതിയ ചരിത്രം കുറിച്ച് ആപ്പിള്‍ ഇന്‍ക്. 2022 ജനുവരി 3-ന് ഇൻട്രാ-ഡേ ട്രേഡിംഗിൽ ആപ്പിളിന്റെ വിപണി മൂല്യം അല്‍പ്പ നേരത്തേക്ക് 3 ട്രില്യൺ ഡോളറിന് മുകളിൽ ഉയർന്നിരുന്നുവെങ്കിലും, അന്ന് സെഷന്‍ അവസാനിച്ചത് ഈ മൂല്യത്തിന് തൊട്ടുതാഴെയായിരുന്നുവെന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനു ശേഷം ആദ്യമായി ആ നാഴികക്കല്ലിലേക്ക് തിരിച്ചെത്തിയ കമ്പനി യുഎസ് വിപണിയില്‍ വെള്ളിയാഴ്ചത്തെ വ്യാപാരം അവസാനിക്കുമ്പോഴും ആ പദവി കൈവിട്ടില്ല.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സാധ്യകളിലുള്ള ശുഭാപ്തിവിശ്വാസം ടെക് ഓഹരികള്‍ക്ക് സമീപകാലത്ത് ഏറെ നേട്ടങ്ങള്‍ സമ്മാനിക്കുന്നുണ്ട്. ആപ്പിളിന്റെ ഓഹരി വില 2023-ല്‍ ഇതുവരെ 46 ശതമാനം ഉയര്‍ന്നിട്ടുണ്ട്. മറ്റ് വന്‍കിടക്കാരായ ടെസ്‌ല, മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ഓഹരി വിലയിലും ഇരട്ടിയിലധികം വര്‍ധന രേഖപ്പെടുത്തി. എന്‍വിഡിയ(Nvidia) ഓഹരി വില 185 ശതമാനം ഉയര്‍ന്നു. മൈക്രോസോഫ്റ്റ് ഈ വര്‍ഷം 45 ശതമാനം നേട്ടമുണ്ടാക്കി.
വെള്ളിയാഴ്ചത്തെ വ്യാപാരത്തില്‍ ആഗോള വിപണികളില്‍ പൊതുവേയും യുഎസ് വിപണിയില്‍ പ്രത്യേകിച്ചും നിക്ഷേപകരില്‍ ആത്മവിശ്വാസം നിറയുന്നതാണ് പ്രകടമായത്. യുഎസിലെ പോസിറ്റിവ് സാമ്പത്തിക ഫലങ്ങള്‍ പുറത്തുവന്നത് മാന്ദ്യത്തെ കുറിച്ചുള്ള ഭയാശങ്കകള്‍ അകറ്റുകയായിരുന്നു. ഒന്നാം പാദത്തിലെ ജിഡിപി വിലയിരുത്തല്‍ ഉയര്‍ത്തിയത്, തൊഴിലില്ലായ്മ ക്ലൈയിമുകളിലെ വലിയ ഇടിവ് എന്നിവയ്ക്കൊപ്പം പ്രതീക്ഷ നല്‍കുന്ന മറ്റ് സാമ്പത്തിക റിപ്പോര്‍ട്ടുകളും പുറത്തുവന്നത് യുഎസ് സമ്പദ് വ്യവസ്ഥയുടെ പ്രതിരോധ ശേഷിയിലുള്ള വിശ്വാസം വര്‍ധിപ്പിച്ചു.
ഇന്ത്യയിലെ ആഭ്യന്തര ഓഹരി വിപണികളായ സെന്‍സെക്സും നിഫ്റ്റിയും ഇന്നലെ റെക്കോഡ് ഉയരങ്ങള്‍ കുറിച്ചുകൊണ്ടായിരുന്നു വ്യാപാരം അവസാനിപ്പിച്ചിരുന്നത്.
3 ട്രില്യണ്‍ ഡോളറിലേക്കുള്ള യാത്ര
2011-ലാണ് ആപ്പിൾ ആദ്യമായി ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഓഹരിയായി മാറിയത്.. അന്ന് അതിന്റെ വിപണി മൂലധനം 340 ബില്യൺ ഡോളറിൽ താഴെയായിരുന്നു. പിന്നീട് അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് എം ക്യാപ് ടോപ്പര്‍ എന്ന പദവി ആപ്പിള്‍ കൈവിട്ടത്. 2018-ന്റെ മധ്യത്തിൽ ആപ്പിള്‍ ആദ്യമായി $1 ട്രില്യൺ മൂല്യത്തിലെത്തി, 2020 ഓഗസ്റ്റിൽ $2 ട്രില്യൺ മൂല്യത്തിലെത്തി. ഈ നേട്ടം കൈയാളുന്ന ആദ്യത്തെ യുഎസ് കമ്പനിയായിരുന്നു ആപ്പിള്‍. സൗദി ആരാംകോയാണ് ലോകത്തില്‍ ആദ്യമായി $2 ട്രില്യൺ മൂല്യത്തിലേക്ക് എത്തുന്നത്.
2022-ന്റെ തുടക്കത്തിൽ 3 ട്രില്യൺ ഡോളറിന് മുകളിലേക്ക് ആപ്പിള്‍ ഒന്നെത്തി നോക്കിയെങ്കിലും ആ വ്യാപാര സെഷന്‍റെ അവസാനത്തിനു മുമ്പേ തിരിച്ചിറങ്ങുകയായിരുന്നു. അതിനുശേഷം ആപ്പിള്‍ ഓഹരികള്‍ക്ക് താഴോട്ടിറക്കത്തിന്‍റെ കാലമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ കുതിപ്പില്‍ അത് പൂര്‍ണമായും മായ്ക്കപ്പെട്ടിരിക്കുകയാണ്.
യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധന താല്‍ക്കാലികമായി നിര്‍ത്തിവെച്ചതും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് ആഗോള വ്യാപകമായി വര്‍ധിച്ചുവരുന്ന സ്വീകാര്യതയും വളര്‍ച്ചാ സാധ്യതയുമാണ് ആപ്പിലിന്‍റെ വിപണിയിലെ ഇപ്പോഴത്തെ മുന്നേറ്റത്തെ നയിക്കുന്ന ചില പ്രധാന ഘടകങ്ങള്‍.
2.3% നേട്ടമാണ് അവസാന വ്യാപാര സെഷനില്‍ കമ്പനി സ്വന്തമാക്കിയത്. ഈ വർഷം ഇതുവരെ ആപ്പിളിന്‍റെ വിപണി മൂല്യത്തില്‍ 983 ബില്യൺ ഡോളറിലധികം കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. വിപണി മൂല്യത്തില്‍ തൊട്ടുപിന്നില്‍ നില്‍ക്കുന്ന കമ്പനിയേക്കാള്‍ ഏകദേശം അര ട്രില്യൺ ഡോളർ മുന്നിലാണ് ഐ ഫോണ്‍ നിര്‍മാതാക്കള്‍. പുതിയ സാങ്കേതിക വ്യവസായ വിപ്ലവത്തിന്‍റെ കാലത്ത് ടെക്‍നോളജി കമ്പനികള്‍ക്ക് ഓഹരി വിപണിയില്‍ ലഭിക്കുന്ന ആധിപത്യത്തിന്‍റെ നേര്‍ സൂചകം കൂടിയായി ആപ്പിളിന് ഓഹരി വിപണിയില്‍ ലഭിക്കുന്ന മുന്നേറ്റം.