16 July 2023 10:04 AM IST
കാലാവസ്ഥാ സംരക്ഷണം: വികസിത രാജ്യങ്ങള്‍ വാഗ്ദാനം പാലിക്കണമെന്ന് ഇന്ത്യയും യുഎഇയും
MyFin Desk
Summary
- COP-28 ആതിഥേയത്വത്തില്‍ യുഎഇ-ക്ക് ഇന്ത്യ പിന്തുണ അറിയിച്ചു
- കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാന്‍ ഏകോപിതവും കൂട്ടായതുമായ ശ്രമം വേണം
- COP-28 ഈ വര്‍ഷം അവസാനം ദുബൈയില്‍
കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും കാലവസ്ഥയിലെ മാറ്റങ്ങളോട് പൊരുത്തപ്പെടുത്തുന്നതിനുമായി വികസിത രാജ്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുള്ള 100 ബില്യൺ ഡോളറിന്റെ പദ്ധതി പൂർത്തീകരിക്കേണ്ടത് അടിയന്തിര ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഒരു ദിവസത്തെ ഹ്രസ്വ സന്ദര്‍നത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്‍റും ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാണ് കാലാവസ്ഥ സംരക്ഷണം സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ വര്‍ഷം അവസാനം ദുബൈയില്‍ നടക്കുന്ന COP28 സമ്മേളനത്തില്‍ അതിന്‍റെ വിജയകരമായി പ്രഖ്യാപിക്കുന്നതിനുമായി ആഗോള തലത്തിലുള്ള കൂട്ടായ പ്രവര്‍ത്തവും ഏകോപനവും അനിവാര്യമാണെന്നും ഇരു നേതാക്കളും ചൂണ്ടിക്കാണിക്കുന്നു. 2023-ൽ COP28ന് ആതിഥേയത്വം വഹിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടതിന് യുഎഇയെ അഭിനന്ദിച്ച മോദി, കാലാവസ്ഥാ സമ്മേളനത്തിന്റെ അധ്യക്ഷസ്ഥാനത്തില്‍ യുഎഇ-ക്ക് പൂർണ പിന്തുണയുണ്ടാകുമെന്നും ഉറപ്പ് നല്‍കി.
COP-28-ൽ പങ്കെടുക്കാനുള്ള ക്ഷണത്തിന് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദിനോട് നന്ദി പറഞ്ഞു. ദേശീയതലത്തിൽ നിശ്ചയിച്ചിട്ടുള്ള നടപടികള്‍ പൂർത്തീകരണത്തിലൂടെയും പരസ്പരമുള്ള ഐക്യദാർഢ്യത്തിലൂടെയും പിന്തുണയിലൂടെയും പാരീസ് ഉടമ്പടിയുടെ ദീർഘകാല ലക്ഷ്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ ഇരു നേതാക്കളും അന്താരാഷ്ട്ര സമൂഹത്തോട് അടിയന്തരമായി ആഹ്വാനം ചെയ്തു. പ്രത്യാഘാതങ്ങളുടെ ലഘൂകരണം, മാറ്റങ്ങളോടുള്ള പൊരുത്തപ്പെടുത്തൽ, നഷ്ടവും കേടുപാടുകളും, കാലാവസ്ഥാ ധനസഹായം ഉൾപ്പെടെയുള്ള നടപടികള്‍ എന്നിങ്ങനെ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ പ്രധാനപ്പെട്ട എല്ലാഘടകങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്ന് ഇന്ത്യയും യുഎഇയും അഭിപ്രായപ്പെടുന്നു.
പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ, ഊര്‍ജ്ജ വിനിയോഗം, സംഭരണ സാങ്കേതികവിദ്യകൾ, ഊർജ്ജ കാര്യക്ഷമത, കാർബൺ ഉപയോഗം കുറഞ്ഞ മറ്റ് ബദല്‍ മാർഗങ്ങള്‍ എന്നിവയിലെ നിക്ഷേപങ്ങൾക്ക് സുസ്ഥിര സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്ന് മോദിയും ഷെയ്ഖ് മുഹമ്മദും അഭിപ്രായപ്പെട്ടു. വികസ്വര രാജ്യങ്ങൾക്ക് ഇക്കാര്യത്തില്‍വലിയ പങ്കു വഹിക്കാനുണ്ട്. നിർണായക സാങ്കേതികവിദ്യകളുടെ ലഭ്യതയും താങ്ങാനാവുന്ന തരത്തിലുള്ള വിലയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ഇരട്ടിയാക്കാൻ ഇരു നേതാക്കളും അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.