image

16 July 2023 12:06 PM IST

Stock Market Updates

6 ടോപ് 10 കമ്പനികളുടെ എംക്യാപില്‍ കൂട്ടിച്ചേര്‍ത്തത് 2 ലക്ഷം കോടിക്കും മേലേ

MyFin Desk

6 ടോപ് 10 കമ്പനികളുടെ എംക്യാപില്‍ കൂട്ടിച്ചേര്‍ത്തത് 2 ലക്ഷം കോടിക്കും മേലേ
X

Summary

  • വലിയ നേട്ടവുമായി റിലയന്‍സ്, ടിസിഎസ് ഓഹരികള്‍
  • ധനകാര്യ ഓഹരികളില്‍ പൊതുവേ പ്രകടമായത് ഇടിവ്
  • ഐടി ഓഹരികള്‍ നേട്ടത്തിലേക്ക് തിരിച്ചെത്തി


ആഭ്യന്തര ഓഹരി വിപണി സൂചികകളിലെ പോസിറ്റിവ് പ്രവണതകള്‍ക്കിടയില്‍, വിപണി മൂല്യത്തില്‍ ഏറ്റവും മുന്നിലുള്ള 10 കമ്പനികളില്‍ ആറെണ്ണം തങ്ങളുടെ മൊത്തം വിപണി മൂല്യത്തിൽ കൂട്ടിച്ചേര്‍ത്തത് 2,03,010.73 കോടി രൂപ. റിലയൻസ് ഇൻഡസ്ട്രീസും ടാറ്റ കൺസൾട്ടൻസി സർവീസസുമാണ് ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ആഴ്ച, 30-ഷെയർ ബിഎസ്ഇ ബെഞ്ച്മാർക്ക് 780.45 പോയിന്റ് അഥവാ 1.19 ശതമാനം ഉയർന്നു. വെള്ളിയാഴ്ച സെൻസെക്‌സ് 66,060.90 എന്ന എക്കാലത്തെയും ഉയർന്ന ക്ലോസിംഗാണ് രേഖപ്പെടുത്തിയത്.

ടോപ് 10 കമ്പനികളില്‍ മുഖ്യ സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 69,990.57 കോടി രൂപ ഉയർന്ന് 18,53,033.73 കോടി രൂപയിലെത്തി. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) 68,168.12 കോടി രൂപ വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്ത് 12,85,058.84 കോടി രൂപയുടെ മൂല്യത്തിലേക്ക് എത്തി. ഇൻഫോസിസിന്റെ വിപണി മൂല്യം 39,094.81 കോടി രൂപ ഉയർന്ന് 5,91,547.67 കോടി രൂപയായും ഭാരതി എയർടെല്ലിന്റെ വിപണി മൂല്യം 10,272.84 കോടി രൂപ ഉയർന്ന് 4,95,116.94 കോടി രൂപയായും മാറി.

ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 10,135.42 കോടി രൂപ ഉയർന്ന് 6,72,837.72 കോടി രൂപയായപ്പോള്‍ ഐടിസിയുടെ വിപണി മൂല്യം 5,348.97 കോടി രൂപ ഉയർന്ന് 5,87,951.43 കോടി രൂപയിലേക്ക് എത്തി.

അതേസമയം എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 8,695.25 കോടി രൂപ കുറഞ്ഞ് 9,19,962.74 കോടി രൂപയായി.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംക്യാപ് 8,299.89 കോടി രൂപ കുറഞ്ഞ് 5,21,598.94 കോടി രൂപയായും ബജാജ് ഫിനാൻസിന്‍റേത് 8,130.77 കോടി രൂപ കുറഞ്ഞ് 4,53,288.03 കോടി രൂപയായും മാറി. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ മൂല്യം 4,581.7 കോടി രൂപ കുറഞ്ഞ് 6,28,950.34 കോടി രൂപയായി.

വെള്ളിയാഴ്ച ചരിത്രത്തിലാദ്യമായാണ് ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 66,000 പോയിന്‍റിനു മുകളിലെ നിലയില്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഐടി പ്രമുഖരുടെ ഓഹരികളിലെ ശക്തമായ വാങ്ങലുകളുടെ പശ്ചാത്തലത്തിലാണ് സെന്‍സെക്സും നിഫ്റ്റിയും പുതിയ റെക്കോർഡ് ക്ലോസിംഗുകള്‍ കുറിച്ചത്.

ജൂലൈ മാസത്തിനു ശേഷം യുഎസ് ഫെഡറൽ റിസർവ് നിരക്ക് വർദ്ധന താൽക്കാലികമായി നിർത്തിയേക്കുമെന്ന പ്രതീക്ഷകൾ ആഗോള തലത്തില്‍ ഉയര്‍ന്നുവന്നതും ആഭ്യന്തര വിപണി നിക്ഷേപകരുടെ വികാരം ഉയര്‍ത്തി. വാരത്തിന്‍റെ തുടക്കത്തില്‍ അനുഭവപ്പെട്ടിരുന്ന ഇടിവില്‍ നിന്ന് ഐടി ഓഹരികള്‍ നേട്ടത്തിലേക്ക് കുതിക്കുന്നതിനും യുഎസില്‍ നിന്ന് ഉയര്‍ന്നുവന്ന ശുഭ സൂചനകള്‍ വഴിവെച്ചു.

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂലധനം മുൻ സെഷനിലെ 295.8 ലക്ഷം കോടി രൂപയിൽ നിന്ന് വെള്ളിയാഴ്ച ഒറ്റ ദിവസം കൊണ്ട് 298.6 ലക്ഷം കോടി രൂപയായി ഉയർന്നു. അതായത് ഒറ്റ സെഷനിൽ നിക്ഷേപകരുടെ മൊത്തം നേട്ടം 2.8 ലക്ഷം കോടി രൂപ. ഈ മുന്നേറ്റത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് ടോപ് 10 കമ്പനികളാണ്.

ഏറ്റവും മൂല്യമുള്ള കമ്പനികളുടെ റാങ്കിംഗിൽ, റിലയൻസ് ഇൻഡസ്ട്രീസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. , ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ് എന്നിവയാണ് ടോപ്പ്-10 ചാർട്ടിൽ യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍ വന്നിട്ടുള്ളത്.