29 Aug 2022 10:35 PM GMT
Summary
യുഎസ് ഫെഡ് ചീഫ് ജെറോം പവ്വലിന്റെ പ്രസ്താവന ഉയര്‍ത്തിവിട്ട ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ അമേരിക്കന്‍ വിപണി ഇന്നലെ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. അതിന്റെ തുടര്‍ച്ചയെന്നോണം ഇന്ന് രാവിലെ ഏഷ്യന്‍ വിപണികളിലും സമ്മിശ്ര പ്രതികരണമാണ് കാണുന്നത്. ആഭ്യന്തര വിപണി ഇന്നലത്തെ നഷ്ടത്തിന് ശേഷം ഇന്ന് ആഭ്യന്തര വിപണിയില്‍ മുന്നേറ്റത്തിനുള്ള സാധ്യത കുറവാണ്. വിപണിയ്ക്ക് അനുകൂലമാകത്തക്ക വാര്‍ത്തകളോ സ്ഥിതിവിവര കണക്കുകളോ ഇന്ന് പുറത്ത് വരാനില്ല. എന്നാല്‍ മുകേഷ് അംബാനിയുടെ ഇന്നലത്തെ പ്രഖ്യാപനങ്ങളൊടുള്ള വിപണിയുടെ പ്രതികരണം ഇന്നറിയാം. തന്റെ വ്യവസായ സാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ച […]
യുഎസ് ഫെഡ് ചീഫ് ജെറോം പവ്വലിന്റെ പ്രസ്താവന ഉയര്‍ത്തിവിട്ട ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ അമേരിക്കന്‍ വിപണി ഇന്നലെ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. അതിന്റെ തുടര്‍ച്ചയെന്നോണം ഇന്ന് രാവിലെ ഏഷ്യന്‍ വിപണികളിലും സമ്മിശ്ര പ്രതികരണമാണ് കാണുന്നത്.
ആഭ്യന്തര വിപണി
ഇന്നലത്തെ നഷ്ടത്തിന് ശേഷം ഇന്ന് ആഭ്യന്തര വിപണിയില്‍ മുന്നേറ്റത്തിനുള്ള സാധ്യത കുറവാണ്. വിപണിയ്ക്ക് അനുകൂലമാകത്തക്ക വാര്‍ത്തകളോ സ്ഥിതിവിവര കണക്കുകളോ ഇന്ന് പുറത്ത് വരാനില്ല. എന്നാല്‍ മുകേഷ് അംബാനിയുടെ ഇന്നലത്തെ പ്രഖ്യാപനങ്ങളൊടുള്ള വിപണിയുടെ പ്രതികരണം ഇന്നറിയാം. തന്റെ വ്യവസായ സാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ച സംബന്ധിച്ച കൃത്യമായ തീരുമാനങ്ങള്‍ ഇന്നലെ അംബാനി പുറത്ത് വിട്ടിരുന്നു. കൂടാതെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ അദ്ദേഹം അവതരിപ്പിച്ച ഭാവിയിലെ നിക്ഷേപ പദ്ധതികള്‍ ഓഹരി ഉടമകള്‍ക്ക് എത്രമാത്രം സ്വീകാര്യമാകുമെന്നും ഇന്ന് വ്യക്തമാകും.
ഏഷ്യന്‍ വിപണികള്‍
സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.25ന് 0.36 ശതമാനം നേട്ടത്തിലാണ്. ജപ്പാനിലെ നിക്കി, തായ്വാന്‍ വേയ്റ്റഡ്, ദക്ഷിണ കൊറിയയിലെ കോസ്പി എന്നിവ ലാഭത്തിലാണ്. മറ്റെല്ലാ വിപണികളും താഴ്ച്ചയില്‍ വ്യാപാരം നടത്തുന്നു. ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഒരു ദശാബ്ദത്തിലാദ്യമായി ഉത്തേജക നടപടികളില്‍ കുറവ് വരുത്തുകയാണെന്ന് ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വിപണിയില്‍ ഇത് കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ല.
ക്രൂഡ് ഓയില്‍
ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ വില 104 ഡോളറിന് അടുത്താണ്. ഇത് ഇന്ത്യയെ സംബന്ധിച്ച് ആശങ്കാജനകമായ സ്ഥിതിവിശേഷം സൃഷ്ടിക്കും. നേരിയ താഴ്ച്ചയിലുള്ള പണപ്പെരുപ്പം പിടിവിട്ട് കുതിക്കാനുള്ള എല്ലാ സാഹചര്യവും ഇതിലൂടെയുണ്ടാവും.
വിദേശ നിക്ഷേപം
വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വിപണിയിലെ വാങ്ങലുകൾ ഇപ്പോഴും അത്ര പ്രതീക്ഷ നല്‍കുന്നില്ല. എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റാ അനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 561 കോടി രൂപ വിലയുള്ള ഓഹരികള്‍ അറ്റവില്‍പന നടത്തി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 144 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. ഇന്ത്യന്‍ വിപണിയിലെ അറ്റ വാങ്ങലുകാരായി വിദേശ നിക്ഷേപകര്‍ മാറാത്തതിന്റെ പ്രധാന കാരണം യുഎസില്‍ നിലനില്‍ക്കുന്ന നിരക്കു വര്‍ധന സംബന്ധിച്ച ആശങ്കകളാണ്. ഡോളര്‍ അതിന്റെ സര്‍വകാല റെക്കോര്‍ഡിലേക്കാണ് പോകുന്നത്. രൂപയും യൂറോയും അടക്കമുള്ള എല്ലാ കറന്‍സികളും മൂല്യശോഷണം നേരിടുകയാണ്. ഈ സാഹചര്യത്തില്‍, ആശങ്കകള്‍ ഒഴിയുന്നതു വരെ വിദേശ ഫണ്ടുകള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡോളറിലേക്ക് മാറുകയാണ്. ഇതാണ് ഇപ്പോഴത്തെ തകര്‍ച്ചയുടെ മറ്റൊരു കാരണം.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,715 രൂപ (ഓഗസ്റ്റ് 30)
ഒരു ഡോളറിന് 80.08 രൂപ (ഓഗസ്റ്റ് 30, 09.00 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 104.2 ഡോളര്‍ (ഓഗസ്റ്റ് 30, 09.00 am)
ഒരു ബിറ്റ്‌കൊയ്ന്റെ വില 20,230.41 ഡോളര്‍ (ഓഗസ്റ്റ് 30, 09.00 am കോയിന്‍ മാര്‍ക്കറ്റ് ക്യാപ്)