image

21 Aug 2022 10:57 PM GMT

Buy/Sell/Hold

കോവിഡിനു ശേഷം ബാറ്റ മികച്ച നിലയിൽ; ഓഹരികൾ വാങ്ങാം: ഏഡൽവെയ്‌സ്

Bijith R

കോവിഡിനു ശേഷം ബാറ്റ മികച്ച നിലയിൽ; ഓഹരികൾ വാങ്ങാം: ഏഡൽവെയ്‌സ്
X

Summary

കമ്പനി: ബാറ്റ ഇന്ത്യ ശുപാർശ: വാങ്ങുക നിലവിലെ വിപണി വില: 1,916.75 രൂപ ഫിനാൻഷ്യൽ ഇന്റർമീഡിയറി: ഏഡൽവെയ്‌സ് ഫിനാൻഷ്യൽ സർവീസസ് ബാറ്റ ഇന്ത്യയുടെ വരുമാനം വാർഷികാടിസ്ഥാനത്തിൽ 2.5 മടങ്ങും, പാദാടിസ്ഥാനത്തിൽ 42 ശതമാനവും വർധിച്ച് 943 കോടി രൂപയായി. ഫോർമൽ വെയറുകൾക്കുണ്ടായ വർധിച്ച ഡിമാൻഡും, സ്നീക്കർ ഷൂ വിഭാഗത്തിൽ തുടർന്ന മുന്നേറ്റവും, വില ഉയർത്തിയതു മൂലമുണ്ടായ ലാഭവുമാണ് ഇതിലേക്ക് നയിച്ചത്. ബാറ്റയുടെ ആകർഷണീയവും, ഗുണ നിലവാരമുള്ളതും, സുഖപ്രദവുമായ ഫൂട്ട് വെയറുകൾക്ക് ഗണ്യമായ ഡിമാന്റുണ്ട്. ഇതിന്റെ ഫലമായി, ബാറ്റ […]


കമ്പനി: ബാറ്റ ഇന്ത്യ
ശുപാർശ: വാങ്ങുക
നിലവിലെ വിപണി വില: 1,916.75 രൂപ
ഫിനാൻഷ്യൽ ഇന്റർമീഡിയറി: ഏഡൽവെയ്‌സ് ഫിനാൻഷ്യൽ സർവീസസ്

ബാറ്റ ഇന്ത്യയുടെ വരുമാനം വാർഷികാടിസ്ഥാനത്തിൽ 2.5 മടങ്ങും, പാദാടിസ്ഥാനത്തിൽ 42 ശതമാനവും വർധിച്ച് 943 കോടി രൂപയായി. ഫോർമൽ വെയറുകൾക്കുണ്ടായ വർധിച്ച ഡിമാൻഡും, സ്നീക്കർ ഷൂ വിഭാഗത്തിൽ തുടർന്ന മുന്നേറ്റവും, വില ഉയർത്തിയതു മൂലമുണ്ടായ ലാഭവുമാണ് ഇതിലേക്ക് നയിച്ചത്. ബാറ്റയുടെ ആകർഷണീയവും, ഗുണ നിലവാരമുള്ളതും, സുഖപ്രദവുമായ ഫൂട്ട് വെയറുകൾക്ക് ഗണ്യമായ ഡിമാന്റുണ്ട്. ഇതിന്റെ ഫലമായി, ബാറ്റ കാഷ്വൽ വെയറുകൾ, സ്നീക്കർ വിഭാഗത്തിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വളർച്ച ത്വരിതപ്പെടുത്തുന്നതിനായി കാമ്പെയിനുകളിൽ കൂടുതൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഈ പാദത്തിൽ, കമ്പനി 18 സ്നീക്കർ സ്റ്റുഡിയോകളാണ് ആരംഭിച്ചത്. ഇതോടെ മൊത്തം 125 സ്റ്റോറുകളായി. സ്നീക്കർ വിഭാഗത്തിൽ നിന്നും മൊത്ത വരുമാനത്തിന്റെ 19 ശതമാനമാണ് ലഭിക്കുന്നത്. കോവിഡ് കാലത്തിനു മുമ്പുണ്ടായിരുന്നതിനെക്കാൾ 4 ശതമാനത്തിന്റെ വർദ്ധനവാണിത്. ഈ വിഭാഗത്തിന്റെ വളർച്ചക്കായി, ഉത്പന്നങ്ങളുടെ രൂപകല്പന, വിതരണം, വ്യാപനം എന്നിവയുൾപ്പെടെ എല്ലാ മേഖലയിലും ബാറ്റ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇതിനായി കമ്പനി രാജ്യത്തിലുടനീളം, ഫ്രാഞ്ചൈസി സ്റ്റോറുകൾ ഉൾപ്പെടെ 1,900 'എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്ലെറ്റുകൾ' തുടങ്ങിയിട്ടുണ്ട്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ കൂടുതൽ സ്റ്റോറുകൾ ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഈ നടപടികളിലൂടെ, ഏഡൽവെയ്‌സ് കണക്കാക്കുന്നത്, 2022-24 സാമ്പത്തിക വർഷത്തിൽ ബാറ്റയ്ക്ക് 27 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കിലുള്ള വരുമാനമാണ്.

പുതിയ മൾട്ടി ബ്രാൻഡ് ഔട്ലെറ്റുകളും, പുതിയ ഫ്രാഞ്ചൈസികളും ആരംഭിക്കുന്നതിലൂടെ ബാറ്റ അവരുടെ വ്യാപനം തുടരും. ഈ പാദത്തിൽ കമ്പനി 20 ഓളം പുതിയ ഫ്രാഞ്ചൈസി സ്റ്റോറുകളാണ് ആരംഭിച്ചത്. ഇതോടെ 323 സ്റ്റോറുകൾ ആയി. അടുത്ത 2-3 വർഷത്തിനുള്ളിൽ ഇത് 500 ആയി ഉയർത്താനാണ് കമ്പനി ശ്രമിക്കുന്നത്. നിലവിൽ 1,100 ടൗണുകളിലായി 30,000 മൾട്ടി ബ്രാൻഡ് ഔട്ലെറ്റുകൾ ബാറ്റക്കുണ്ട്. ചെറിയ ടൗണുകളിലേക്ക് കമ്പനിയുടെ സാന്നിധ്യം വ്യാപിപ്പിക്കാനുള്ള ശ്രമം കൂടുതൽ വിപണി വിഹിതം ലഭിക്കുന്നതിന് സഹായിക്കും. സ്റ്റോറുകളുടെ പുനർ നവീകരണത്തിലും കമ്പനി ശ്രദ്ധിക്കുന്നുണ്ട്. ഈ പാദത്തിൽ 64 സ്റ്റോറുകൾ നവീകരിച്ചിട്ടുണ്ട്. പാൻഡെമിക്കിനു ശേഷവും ഇ-കൊമേഴ്‌സ് മേഖലയിൽ വളർച്ച തുടർന്നു. 2020 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിനേക്കാൾ 2.5 മടങ്ങ്, അഥവാ പാദാടിസ്ഥാനത്തിൽ 70 ശതമാനം, വളർച്ചയാണ് ഇ-കൊമേഴ്സിലൂടെ ഉണ്ടായത്. ഉപഭോക്താക്കൾക്കു നേരിട്ട് സേവനം നൽകുന്ന ബാറ്റ ഡോട്ട്ഇൻ വെബ്സൈറ്റ്, ഓൺലൈൻ വിപണി, ഓമ്നി ചാനൽ ഹോം ഡെലിവറി എന്നിവയിലൂടെ 10 ശതമാനത്തോളം വരുമാനമാണ് ഉണ്ടായത്.

ജിഎസ്ടി നിരക്കു വർദ്ധനയ്ക്കനുസരിച്ചും, അസംസ്കൃത വസ്തുക്കളുടെ പണപ്പെരുപ്പം നേരിടാനും വേണ്ടി ഉൽപ്പങ്ങളുടെ വില വർധിപ്പിച്ചതിനാൽ ബാറ്റയുടെ ശരാശരി 'സെയിൽസ് പെർ പെയർ' വാർഷികാടിസ്ഥാനത്തിൽ 19 ശതമാനം വർധിച്ചു. എങ്കിലും, വിൽപ്പനയുടെ തോത് പാൻഡെമിക്കിന് മുൻപുള്ള നിലയിലേക്കെത്തിയിട്ടില്ല. സമീപ ഭാവിയിൽ, വോള്യത്തിലുണ്ടായ കുറവ് പരിഹരിക്കാൻ ഫോർമൽ, ഫിറ്റ്നസ്, കാഷ്വൽ ഫൂട്ട് വെയറുകളിൽ കൂടുതൽ ശ്രദ്ധ നൽകുന്നതും, വിതരണ വിപുലീകരണവും സഹായിക്കും. ബാറ്റയുടെ ഇപ്പോഴത്തെ മാർജിൻ പാൻഡെമിക്കിനു മുമ്പുണ്ടായിരുന്നതി​ന്റെ 90 ശതമാനം മാത്രമാണ്. ഈ പാദത്തിൽ ഉണ്ടായ ഉയർന്ന മാർക്കറ്റിങ് ചെലവാണ് ഇതിനു കാരണം. 2024 സാമ്പത്തിക വർഷത്തോടു കൂടി പൂർണമായും പാൻഡെമിക് നു മുൻപുള്ള നിലയിലേക്ക് മാർജിൻ ഉയരുമെന്നാണ് ബ്രോക്കറേജ് കരുതുന്നത്.

(മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാരൻ എടുക്കുന്ന തീരുമാനത്തിന്റെ ഫലമായി സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റ് ഉത്തരവാദിയല്ല)