image

18 Aug 2022 10:23 PM GMT

Stock Market Updates

വിദേശ നിക്ഷേപകരുടെ പിന്മാറ്റം വിപണിയെ പിന്നോട്ടടിയ്ക്കും

Suresh Varghese

വിദേശ നിക്ഷേപകരുടെ പിന്മാറ്റം വിപണിയെ പിന്നോട്ടടിയ്ക്കും
X

Summary

തുടര്‍ച്ചയായ അഞ്ചു ദിവസത്തെ നേട്ടത്തിന് ശേഷം ഇന്ന് വിപണി തുറക്കുമ്പോള്‍ ഏഷ്യന്‍ വിപണിയിലെ ട്രെന്റ് അത്ര അനുകൂലമല്ല. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റിയും, ഷാങ്ഹായ് കോമ്പസിറ്റ് സൂചികയും, ഷെന്‍സെന്‍ സൂചികയും, ദക്ഷിണ കൊറിയയിലെ കോസ്പിയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അമേരിക്കന്‍ സൂചികകള്‍ ഇന്നലെ ലാഭത്തില്‍ ക്ലോസ് ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയനെ ഗ്രസിച്ചിരിക്കുന്ന പണപ്പെരുപ്പ ഭീതിയും തുടര്‍ന്നുണ്ടായേക്കാവുന്ന മാന്ദ്യ ആശങ്കകളും അമേരിക്കന്‍ വിപണിയ്ക്ക് തുണയാവുകയാണ്. അതിനാല്‍ ഡോളര്‍ ഇന്ന് രാവിലെ ഏഷ്യന്‍ വിപണിയില്‍ ഒരു മാസത്തെ ഉയര്‍ന്ന നിലയിലാണ്. അമേരിക്കന്‍ […]


തുടര്‍ച്ചയായ അഞ്ചു ദിവസത്തെ നേട്ടത്തിന് ശേഷം ഇന്ന് വിപണി തുറക്കുമ്പോള്‍ ഏഷ്യന്‍ വിപണിയിലെ ട്രെന്റ് അത്ര അനുകൂലമല്ല. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റിയും, ഷാങ്ഹായ് കോമ്പസിറ്റ് സൂചികയും, ഷെന്‍സെന്‍ സൂചികയും, ദക്ഷിണ കൊറിയയിലെ കോസ്പിയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അമേരിക്കന്‍ സൂചികകള്‍ ഇന്നലെ ലാഭത്തില്‍ ക്ലോസ് ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയനെ ഗ്രസിച്ചിരിക്കുന്ന പണപ്പെരുപ്പ ഭീതിയും തുടര്‍ന്നുണ്ടായേക്കാവുന്ന മാന്ദ്യ ആശങ്കകളും അമേരിക്കന്‍ വിപണിയ്ക്ക് തുണയാവുകയാണ്. അതിനാല്‍ ഡോളര്‍ ഇന്ന് രാവിലെ ഏഷ്യന്‍ വിപണിയില്‍ ഒരു മാസത്തെ ഉയര്‍ന്ന നിലയിലാണ്.
അമേരിക്കന്‍ വിപണി
അമേരിക്കയിലെ തുടര്‍ച്ചയായ തൊഴിലില്ലായ്മാ വേതന അപേക്ഷകളും, ആദ്യമായുള്ള അപേക്ഷകളും കുറയുന്നത് വിപണിയ്ക്ക് തുണയായിട്ടുണ്ട്. എന്നാല്‍ ഭവന വില്‍പ്പന കണക്കുകളില്‍ അത്ര പുരോഗതിയില്ല. എന്നിരുന്നാലും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഒരു മാന്ദ്യത്തെ അതിജീവിക്കുമെന്നുള്ള ശുഭാപ്തി വിശ്വാസം വിപണിയ്ക്കുണ്ട്. ഇതാണ് ഡോളറിന്റെ ശക്തിപ്പെടലിന് കാരണം. എന്നാല്‍ സെപ്റ്റംബറിലെ ഫെഡ് മീറ്റിംഗില്‍ 50 മുതല്‍ 75 ബേസിസ് പോയിന്റ് വരെ നിരക്കു വര്‍ധന പ്രതീക്ഷിക്കാമെന്ന് വിപണി കണക്കുകൂട്ടുന്നു. യൂറോപിലെ പണപ്പെരുപ്പം മെരുങ്ങാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ അമേരിക്കയ്ക്ക് കുറേയേറെ നടപടികള്‍ എടുക്കാനുണ്ടെന്ന് യുഎസ് ഫെഡിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇന്നലെ വെളിപ്പെടുത്തുകയുണ്ടായി. ഇത് വിപണി കണക്കിലെടുക്കുന്നുണ്ട്.
ക്രൂഡ് ഓയില്‍
ക്രൂഡ് ഓയില്‍ വില ഏഷ്യന്‍ വിപണിയില്‍ നേരിയ ഉയര്‍ച്ചയിലാണ്. ഒരു ബാരലിന് 96 ഡോളറിനടുത്താണ് രാവിലെ 8.30 ന്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് ഇത് നേരിയ ആശങ്ക ജനിപ്പിക്കുന്നുണ്ട്. ഓയില്‍ വില 100 ഡോളറിന് അടുത്തേയ്ക്ക് വരുന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും. വ്യാപാര-വിദേശ നാണ്യമേഖലയില്‍ ഇതുവരെ ഉണ്ടായിരുന്ന എല്ലാ ആശ്വാസവും ഇതോടെ ഇല്ലാതാവും. ലോകത്തെ രണ്ടാമത്തെ വലിയ ഉപഭോക്താവായ ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ നിന്ന് വരുന്ന സൂചനകളും നിരാശാജനകമാണ്. ഈ ഘടകങ്ങളെല്ലാം എണ്ണവിലയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
വിദേശ നിക്ഷേപം
കുറേ നാളുകള്‍ക്ക് ശേഷം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ അറ്റവില്‍പ്പനക്കാരായി മാറി. 1,706 കോടി രൂപ വിലയുള്ള ഓഹരികള്‍ അവര്‍ അധികമായി വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 471 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. ഡോളര്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപകരുടെ തന്ത്രം മാറുന്നത് ഓഹരി വിപണിയ്ക്ക് തിരിച്ചടിയായേക്കും.
വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "നിഫ്റ്റിയില്‍ ജൂണ്‍മാസത്തെ താഴ്ച്ചയില്‍ നിന്നും 18 ശതമാനം ഉയര്‍ച്ച സൃഷ്ടിച്ച മുന്നേറ്റം തത്കാലത്തേയ്ക്ക് തിരിച്ചടികള്‍ നേരിടുന്നതാണ് കാണുന്നത്. ഡോളര്‍ ഇന്‍ഡെക്‌സില്‍ 107 ന് മുകളിലേയ്ക്കുണ്ടായ കുതിപ്പ് വളരുന്ന വിപണികളിലേയ്ക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിനെ പ്രതികൂലമായി ബാധിച്ചേക്കാം. ഓഗസ്റ്റ് ആദ്യം കാണപ്പെട്ട വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ ഓഹരി വാങ്ങല്‍ ഇപ്പോള്‍ കുറയുന്ന മട്ടാണ്. ഓഹരികളുടെ ഉയര്‍ന്ന വില ഇതിനൊരു പ്രധാന ഘടകമാണ്. ലാഭമെടുപ്പോ, സ്ഥിര വരുമാന ഉപകരണങ്ങളിലുള്ള നിക്ഷേപമോ തത്കാലത്തേയ്ക്ക് പരിഗണിക്കാം. വില താഴ്ന്നാല്‍ മികച്ച ധനകാര്യ, ഓട്ടോമൊബൈല്‍, ക്യാപിറ്റല്‍ ഗുഡ്‌സ് ഓഹരികള്‍ വാങ്ങാവുന്നതാണ്."
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,790 രൂപ (ഓഗസ്റ്റ് 19)
ഒരു ഡോളറിന് 79.52 രൂപ (ഓഗസ്റ്റ് 19, 08.08 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 96.28 ഡോളര്‍ (ഓഗസ്റ്റ് 19, 8.09 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 19,09,000 രൂപ (ഓഗസ്റ്റ് 19, 8.09 am, വസീര്‍എക്‌സ്)