4 Aug 2022 9:01 AM GMT
Summary
കേരളം ആസ്ഥാനമായുള്ള ജൂവലറിയായ കല്യാൺ ജ്വല്ലേഴ്‌സിന്റെ ഓഹരികൾ വ്യാപാരത്തിനിടയിൽ 9 ശതമാനത്തോളം ഉയർന്നു. ജൂൺ പാദ അറ്റാദായത്തിൽ കമ്പനി 49.59 ശതമാനം വർദ്ധനവ്, പാദാടിസ്ഥാനത്തിൽ, റിപ്പോർട്ട് ചെയ്തതാണ് വില ഉയരാൻ കാരണം. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 107.77 കോടി രൂപയായി. ഇതിനു തൊട്ടു മുൻപുള്ള പാദത്തിൽ 72.04 കോടി രൂപയായിരുന്നു ലാഭം. മുൻ സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ കമ്പനി 51.3 കോടി രൂപയുടെ അറ്റനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ജൂൺ പാദത്തിൽ കമ്പനിയുടെ കൺസോളിഡേറ്റഡ് വരുമാനം […]
കേരളം ആസ്ഥാനമായുള്ള ജൂവലറിയായ കല്യാൺ ജ്വല്ലേഴ്‌സിന്റെ ഓഹരികൾ വ്യാപാരത്തിനിടയിൽ 9 ശതമാനത്തോളം ഉയർന്നു. ജൂൺ പാദ അറ്റാദായത്തിൽ കമ്പനി 49.59 ശതമാനം വർദ്ധനവ്, പാദാടിസ്ഥാനത്തിൽ, റിപ്പോർട്ട് ചെയ്തതാണ് വില ഉയരാൻ കാരണം. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 107.77 കോടി രൂപയായി. ഇതിനു തൊട്ടു മുൻപുള്ള പാദത്തിൽ 72.04 കോടി രൂപയായിരുന്നു ലാഭം. മുൻ സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ കമ്പനി 51.3 കോടി രൂപയുടെ അറ്റനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.
ജൂൺ പാദത്തിൽ കമ്പനിയുടെ കൺസോളിഡേറ്റഡ് വരുമാനം 3,333 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ റിപ്പോർട്ട് ചെയ്ത 1,637 കോടി രൂപയിൽ നിന്നും 104 ശതമാനത്തിന്റെ വർധനവാണിത്. മിഡിൽ ഈസ്റ്റിലെയും ഇന്ത്യയിലെയും വിപണികളിൽ ഉപഭോക്താക്കളുടെ സന്ദർശനവും, വരുമാനത്തിലുണ്ടായ തുടർച്ചയായ വർധനവുമാണ് ഇതിനു കാരണം.
കമ്പനിയുടെ ഇന്ത്യയിലെ നികുതി കിഴിച്ചുള്ള ലാഭം 95 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 43 കോടി രൂപ നഷ്ടമായിരുന്നു. മിഡിൽ ഈസ്റ്റിൽ ജൂൺ പാദത്തിൽ 14 കോടി രൂപ നികുതി കിഴിച്ചുള്ള ലാഭം റിപ്പോർട്ട് ചെയ്തപ്പോൾ, മുൻ വർഷം ഇതേ പാദത്തിൽ 9 കോടി രൂപ നഷ്ടമായിരുന്നു.
കല്യാണിന്റെ നാലു പുതിയ ഷോറൂമുകൾ ഈ പാദത്തിലാണ് പ്രവർത്തനമാരംഭിച്ചത്. ഇതിൽ മൂന്നെണ്ണം തെക്കേ ഇന്ത്യ ഒഴികെയുള്ള വിപണികളിലും, ഒരെണ്ണം മിഡിൽ ഈസ്റ്റിലുമാണ് ആരംഭിച്ചത്. ഇന്ത്യയിലും, മിഡിൽ ഈസ്റ്റിലുമായി കല്യാൺ ജ്വല്ലേഴ്‌സിന്റെ 158 ഷോറൂമുകളാണുള്ളത്. ഓഹരി ഇന്ന് 5.87 ശതമാനം നേട്ടത്തിൽ 70.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.