24 July 2022 9:00 AM GMT
Summary
ഓഹരി വിപണി ഈയാഴ്ച വലിയ തോതിലുള്ള ചാഞ്ചാട്ടത്തിനു സാക്ഷ്യം വഹിക്കും. കമ്പനികളുടെ ജൂൺപാദ ഫലങ്ങളും, യുഎസ് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) യുടെ പണനയ തീരുമാനങ്ങളും ഇതിനു പ്രധാന കാരണങ്ങളായേക്കാം. അടിസ്ഥാന നിരക്കിൽ യുഎസ് ഫെഡ് വരുത്തുന്ന വർധനവ് വളരുന്ന വിപണികളിലേക്കുള്ള പണമൊഴുക്കിനെ കാര്യമായി സ്വാധീനിക്കും. ഐടി ഭീമനായ ഇൻഫോസിസിന്റെ ഫലം തിങ്കളാഴ്ച വരുന്നതിനാൽ ഐടി ഓഹരികൾക്ക് വീണ്ടും നിക്ഷേപക ശ്രദ്ധ ലഭിക്കും. സെൻസെക്സിലെ പ്രധാന ഓഹരിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെയും, സ്വകാര്യ ധനകാര്യസ്ഥാപനമായ ഐസിഐസിഐ ബാങ്കിന്റെയും, […]
ഓഹരി വിപണി ഈയാഴ്ച വലിയ തോതിലുള്ള ചാഞ്ചാട്ടത്തിനു സാക്ഷ്യം വഹിക്കും. കമ്പനികളുടെ ജൂൺപാദ ഫലങ്ങളും, യുഎസ് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) യുടെ പണനയ തീരുമാനങ്ങളും ഇതിനു പ്രധാന കാരണങ്ങളായേക്കാം. അടിസ്ഥാന നിരക്കിൽ യുഎസ് ഫെഡ് വരുത്തുന്ന വർധനവ് വളരുന്ന വിപണികളിലേക്കുള്ള പണമൊഴുക്കിനെ കാര്യമായി സ്വാധീനിക്കും.
ഐടി ഭീമനായ ഇൻഫോസിസിന്റെ ഫലം തിങ്കളാഴ്ച വരുന്നതിനാൽ ഐടി ഓഹരികൾക്ക് വീണ്ടും നിക്ഷേപക ശ്രദ്ധ ലഭിക്കും. സെൻസെക്സിലെ പ്രധാന ഓഹരിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെയും, സ്വകാര്യ ധനകാര്യസ്ഥാപനമായ ഐസിഐസിഐ ബാങ്കിന്റെയും, കൊട്ടക് മഹീന്ദ്ര ബാങ്കിന്റെയും ഫലങ്ങൾ കഴിഞ്ഞയാഴ്ചയുടെ അവസാനം പുറത്തു വന്നതിനാൽ ഈ ഓഹരികളിലും നിക്ഷേപകരുടെ പ്രതികരണമുണ്ടാകും. ഈ നാല് ഓഹരികളിലെ ക്രയവിക്രയങ്ങൾ നിഫ്റ്റിയിലെ ഇടപാടുകളുടെ ഏകദേശം 30 ശതമാനത്തോളം വരും.
നിഫ്റ്റി 50 യിലെ മറ്റു പ്രധാന കമ്പനികളുടെ ഫലങ്ങളും ഈയാഴ്ച വരുന്നുണ്ട്. ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, എൽ ആൻഡ് ടി, ബജാജ് ഫിനാൻസ്, മാരുതി, ടാറ്റ മോട്ടോർസ്, ബജാജ് ഫിൻസേർവ്, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി, എൻടിപിസി എന്നിവയുടെ ഫലങ്ങളാണ് വരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിഫ്റ്റിയിൽ തുടരുന്ന പോസിറ്റീവ് പ്രവണതയുടെ തുടർച്ച ഈ കമ്പനികളുടെ ഒന്നാം പാദത്തിലെ പ്രകടനത്തെയും, കമ്പനി മാനേജ്‌മെന്റ് ഭാവിയിലേക്ക് സ്വീകരിക്കുന്ന തീരുമാനങ്ങളെയും ആശ്രയിച്ചിരിക്കും.
ആഗോള തലത്തിൽ, ഉപഭോക്തൃ പണപ്പെരുപ്പം ജൂണിൽ നാലു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കായ 9.1 ശതമാനത്തിലേക്ക് കുത്തനെ ഉയർന്നതായി യുഎസ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഫെഡ് പലിശ നിരക്കുമായി ബന്ധപ്പെട്ട തീരുമാനം ഈയാഴ്ച എടുക്കാനിരിക്കുന്നത്. ജൂലൈയിൽ നിരക്ക് 100 ബേസിസ് പോയിന്റ് ഉയർത്തുമെന്നാണ് വിപണികൾ കണക്കാക്കിയിരുന്നതെങ്കിലും ജൂൺ മുതൽ കമ്മോഡിറ്റി വിലയിലുണ്ടായ കുറവും, ഡോളർ ശക്തമായതിനാൽ യുഎസിലേക്കുള്ള ഇറക്കുമതിയുടെ വില കുറഞ്ഞതും കടുത്ത വർദ്ധന ഒഴിവാക്കിയേക്കും. ഈ ആഴ്ചയിൽ, രണ്ടാമതും 75 ബേസിസ് പോയിന്റ് ഉയർത്തി നിരക്കു വർധനയുടെ വേഗത കുറക്കാൻ ശ്രമമുണ്ടായേക്കും.
ഇതിനു പുറമെ, യുഎസിലെ ജിഡിപി കണക്കുകൾ, പുതിയ വീടുകളുടെ വില്പന എന്നിവയും യൂറോസോണിലെ കൺസ്യൂമർ, ബിസ്സിനസ്സ് കോൺഫിഡൻസ് ഡാറ്റ എന്നിവയും ഈയാഴ്ച പുറത്തു വരും. ആഗോള മാന്ദ്യത്തിന്റെ ആശങ്കകൾക്കിടയിലും, ആഗോള സമ്പദ് വ്യവസ്ഥ എത്രത്തോളം മുന്നേറുന്നുണ്ടെന്നു മനസ്സിലാക്കാൻ ഈ വിവരങ്ങൾ സഹായിക്കും.
ടെക്‌നിക്കൽ ചാർട്ട് പരിശോധിക്കുകയാണെങ്കിൽ, ഇന്ത്യൻ വിപണി ശക്തമായ ബുള്ളിഷ് സ്വഭാവത്തിലാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. "നിലവിൽ 16,800 ആണ് നിഫ്റ്റിയുടെ പ്രതിരോധ നില. അത് കഴിഞ്ഞാൽ 17,000 വും. അതിനാൽ 16,800-17,000 നില വളരെ നിർണ്ണായകമാണ്. അവിടെ ലാഭം ബുക്കു ചെയ്യുന്നതിനുള്ള സാധ്യതയുമുണ്ട്. എങ്കിലും, ഈ നില മറികടന്നാൽ വിപണയിൽ വളരെ ശക്തമായ മുന്നേറ്റമുണ്ടാകും," സ്വസ്തിക ഇൻവെസ്റ്റ്മാർട്ടിന്റെ റിസർച്ച് ഹെഡ് സന്തോഷ് മീണ പറഞ്ഞു.