15 July 2022 5:33 AM IST
Summary
മുംബൈ: ആഗോള വിപണികളിലെ സമ്മിശ്ര പ്രവണതകള്‍ക്കിടയില്‍ സെന്‍സെക്സ് 339.81 പോയിന്റ് ഉയര്‍ന്നു. ഇതോടെ നാലു ദിവസത്തെ ഇടിവിനു ശേഷം ആദ്യഘട്ട വ്യാപാരത്തില്‍ ഓഹരി സൂചികകള്‍ തിരിച്ചുവന്നു. രാവിലെ 11 മണിയോടെ, സെന്‍സെക്‌സ് 77 പോയിന്റ് നേട്ടത്തിൽ 53,493.19 ലേക്കും, നിഫ്റ്റി 30 പോയിന്റ് ഉയര്‍ന്ന് 15,968.90 ലേക്കും എത്തി. സെന്‍സെക്സില്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, നെസ്ലെ, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ഏഷ്യന്‍ പെയിന്റ്സ്, ടൈറ്റന്‍, മാരുതി, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ […]
മുംബൈ: ആഗോള വിപണികളിലെ സമ്മിശ്ര പ്രവണതകള്‍ക്കിടയില്‍ സെന്‍സെക്സ് 339.81 പോയിന്റ് ഉയര്‍ന്നു. ഇതോടെ നാലു ദിവസത്തെ ഇടിവിനു ശേഷം ആദ്യഘട്ട വ്യാപാരത്തില്‍ ഓഹരി സൂചികകള്‍ തിരിച്ചുവന്നു.
രാവിലെ 11 മണിയോടെ, സെന്‍സെക്‌സ് 77 പോയിന്റ് നേട്ടത്തിൽ 53,493.19 ലേക്കും, നിഫ്റ്റി 30 പോയിന്റ് ഉയര്‍ന്ന് 15,968.90 ലേക്കും എത്തി.
സെന്‍സെക്സില്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, നെസ്ലെ, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ഏഷ്യന്‍ പെയിന്റ്സ്, ടൈറ്റന്‍, മാരുതി, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
വിപ്രോ, ടാറ്റ സ്റ്റീല്‍, എച്ച്സിഎല്‍ ടെക്നോളജീസ്, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ് എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ പിന്നാക്കം നില്‍ക്കുന്നത്. ഏഷ്യന്‍ വിപണികളില്‍ സിയോളിലെയും, ടോക്കിയോയിലെയും വിപണികള്‍ നേട്ടത്തിലാണ്. ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിലാണ്.
വ്യാഴാഴ്ച യുഎസ് വിപണികള്‍ സമ്മിശ്രമായാണ് അവസാനിച്ചത്. ബിഎസ്ഇ സെന്‍സെക്സ് വ്യാഴാഴ്ച 98 പോയിന്റ് താഴ്ന്ന് 53,416.15 എന്ന നിലയിലെത്തി. നിഫ്റ്റി 28 പോയിന്റ് ഇടിഞ്ഞ് 15,938.65 ല്‍ അവസാനിച്ചു. അതേസമയം, ബ്രെന്റ് ക്രൂഡ് 0.99 ശതമാനം ഉയര്‍ന്ന് ബാരലിന് 100.08 ഡോളറിലെത്തി.
വിദേശ നിക്ഷേപകര്‍ വ്യാഴാഴ്ച 309.06 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി മൂലധന വിപണിയില്‍ അറ്റ വാങ്ങലുകാരായി മാറി.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "ആഗോള വിപണികള്‍ ജൂലൈ 27 ലെ ഫെഡ് മീറ്റിംഗ് വരെ പ്രക്ഷുബ്ധമായി തുടരാനാണ് സാധ്യത. ഏറ്റവും സാധ്യതയുള്ള നിരക്ക് വര്‍ധന 75 ബേസിസ് പോയിന്റ് വരെയാണ്. ഒരുപക്ഷെ ഇത് 100 ബേസിസ് പോയിന്റ് വരെ ചെന്നെത്തിയേക്കാം. ഇന്ത്യയില്‍ പണപ്പെരുപ്പം നേരിയ തോതില്‍ കുറയുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ വില കുറയുന്നതിന് അനുസരിച്ച് പണപ്പെരുപ്പവും കുറഞ്ഞുകൊണ്ടിരിക്കും. ഇത് ഇന്ത്യന്‍ വിപണിയ്ക്ക് ഏറെ സഹായകരമാണ്. വിപണിയ്ക്ക് പ്രതികൂലമായ പ്രധാന ഘടകം വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയാണ്. ഇത് ഈ വര്‍ഷം ഇതുവരെ 30 ബില്യണ്‍ ഡോളര്‍ കവിഞ്ഞിരിക്കുന്നു. എന്നാല്‍ ഈ മാസം രണ്ടു ദിവസം വിദേശ നിക്ഷേപകര്‍ അറ്റ വാങ്ങലുകാരായി മാറി. ഇതിനര്‍ത്ഥം അനുകൂലമായ മേഖലകളില്‍ അവര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നു എന്നാണ്. വിപണിയിലെ മറ്റൊരു പ്രധാന ഘടകം എഫ്എംസിജി ഓഹരികളുടെ മുന്നേറ്റമാണ്. എഫ്എംസിജി ഇന്‍ഡെക്‌സ് ഈ വര്‍ഷം 8.5 ശതമാനം ഉയരത്തിലാണ്. ഈ ഓഹരികള്‍ മികച്ച അവസരമാണ് നിക്ഷേപകര്‍ക്ക് നല്‍കുന്നത്. ഇതിന്റെ പ്രത്യേകത വിദേശ നിക്ഷേപകരുടെ സാന്നിധ്യം ഇവയില്‍ കുറവാണെന്നതാണ്. അതിനാല്‍ അവരുടെ വില്‍പ്പന എഫ്എംസിജി ഓഹരികളുടെ മൂല്യത്തെ ബാധിക്കാറില്ല."