13 July 2022 10:26 PM GMT
Summary
ഏറെ പ്രതീക്ഷിച്ചിരുന്ന അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകള്‍ പുറത്തു വന്നതിന്റെ പ്രതിഫലനം ആഗോള വിപണികളില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ജൂണ്‍ മാസത്തിലെ പണപ്പെരുപ്പ നിരക്ക് സര്‍വ കാല റെക്കോഡായ 9.1 ശതമാനത്തിലാണ് എത്തി നില്‍ക്കുന്നത്. മേയ് മാസം ഇത് 8.6 ശതമാനമായിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങള്‍ കൂടുതല്‍ കടുത്തതായേക്കും എന്ന വിലയിരുത്തലിലാണ് വിപണി. യുഎസ്-ഏഷ്യന്‍ വിപണികള്‍ വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് രണ്ടാഴ്ച്ചയ്ക്കുശേഷം വരുന്ന ഫെഡ് മീറ്റിംഗില്‍ അടിസ്ഥാന നിരക്കില്‍ 75-100 ബേസിസ് […]
ഏറെ പ്രതീക്ഷിച്ചിരുന്ന അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകള്‍ പുറത്തു വന്നതിന്റെ പ്രതിഫലനം ആഗോള വിപണികളില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ജൂണ്‍ മാസത്തിലെ പണപ്പെരുപ്പ നിരക്ക് സര്‍വ കാല റെക്കോഡായ 9.1 ശതമാനത്തിലാണ് എത്തി നില്‍ക്കുന്നത്. മേയ് മാസം ഇത് 8.6 ശതമാനമായിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങള്‍ കൂടുതല്‍ കടുത്തതായേക്കും എന്ന വിലയിരുത്തലിലാണ് വിപണി.
യുഎസ്-ഏഷ്യന്‍ വിപണികള്‍
വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് രണ്ടാഴ്ച്ചയ്ക്കുശേഷം വരുന്ന ഫെഡ് മീറ്റിംഗില്‍ അടിസ്ഥാന നിരക്കില്‍ 75-100 ബേസിസ് പോയിന്റ് വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്നാണ്. ഭക്ഷണത്തിനും, ഊര്‍ജ്ജത്തിനും, വാടകയ്ക്കും ഉണ്ടായ കനത്ത വില വര്‍ദ്ധനവാണ് പണപ്പെരുപ്പത്തെ ഇത്ര വലിയ തോതിലേക്ക് നയിച്ചത്. അമേരിക്കന്‍ വിപണി ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്. കടുത്ത നിരക്കു വര്‍ദ്ധനയുണ്ടാകുമെന്ന ഭീതി തന്നെയാണ് ഇതിനു കാരണം. എന്നാല്‍, ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ്. ഇത്തരമൊരു സാഹചര്യം നിക്ഷേപകര്‍ പ്രതീക്ഷിച്ച രീതിയിലാണ് വ്യാപരത്തിന്റെ പോക്ക്. ദക്ഷിണ കൊറിയയുടെ കോസ്പിയും, സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റിയും ഒഴികെയുള്ള പ്രമുഖ വിപണികളെല്ലാം ലാഭത്തിലാണ്.
ക്രൂഡോയില്‍
ഏഷ്യയില്‍ ക്രൂഡോയില്‍ വില താഴുകയാണ്. ഉയരുന്ന പണപ്പെരുപ്പവും അതിനെ നേരിടാനുള്ള നിരക്കു വര്‍ദ്ധനയും അടക്കമുള്ള നടപടികള്‍ എണ്ണയുടെ ഉപഭോഗം കുറയ്ക്കുമെന്ന വിലയിരുത്തല്‍ വിപണിയില്‍ ശക്തിപ്പെടുകയാണ്. കൂടാതെ, ചൈനയിലെ കോവിഡ് നിയന്ത്രണങ്ങളും ക്രൂഡോയിലിന്റെ ആവശ്യം കുറയ്ക്കും. ബ്രെന്റ് ക്രൂഡ് സെപ്റ്റംബര്‍ ഫ്യൂച്ചേഴ്‌സ് 99 ഡോളറിലേക്ക് താഴ്ന്നിരിക്കുകയാണ്. ഇതിനു പുറമെ, ഇന്നലെ പുറത്തു വന്ന അമേരിക്കയുടെ എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ കണക്കുകള്‍ പ്രകാരം ക്രൂഡോയില്‍ ശേഖരം ഉയര്‍ന്നു നില്‍ക്കുകയാണ്. യൂറോപ്യന്‍ കമ്മീഷനും പ്രവചിക്കുന്നത് യൂറോസോണില്‍ റെക്കോഡ് നിരക്കിലുള്ള പണപ്പെരുപ്പമാണ്. അതിനാല്‍, മേഖലയുടെ ജിഡിപി വളര്‍ച്ചയില്‍ വലിയ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതെല്ലാം എണ്ണ വിപണിക്ക് തിരിച്ചടിയാണ്.
വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റയനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 2,839.52 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1,799.22 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. വിദേശ നിക്ഷേപകരുടെ ഓഹരി വില്‍പ്പന വീണ്ടും ഉയരുന്നത് വിപണിക്ക് ദോഷകരമാണ്.
ആഭ്യന്തര വിപണി
ആഭ്യന്തര വിപണിയില്‍ ഏറെ നിര്‍ണായകമാവുക ഫെഡ് നിരക്കിലുണ്ടായേക്കാവുന്ന വര്‍ദ്ധനവാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പ്പന ഇനിയും വര്‍ദ്ധിക്കാനിടയുണ്ട്. ഇത് വിപണിയുടെ മുന്നേറ്റത്തിന് വലിയ വിഘാതമാണ്. കൂടാതെ, ഐടി കമ്പനികളുടെ കുറയുന്ന ലാഭം വിപണിയെ വലിയൊരളവുവരെ തളര്‍ത്തുന്നുണ്ട്. ഇക്കാരണങ്ങള്‍ വിലയിരുത്തുമ്പോള്‍, സൂചികകള്‍ ഉയരാനുള്ള സാധ്യത പരിമിതമാണ്. ഐടി ഒഴികെയുള്ള മറ്റു മേഖലകളിലെ കമ്പനി ഫലങ്ങള്‍ ഇന്നു മുതല്‍ പുറത്തു വന്നു തുടങ്ങും. എസിസി, ടാറ്റ സ്റ്റീല്‍ ലോംഗ് പ്രോഡക്ട്‌സ്, ടാറ്റ എല്‍ക്‌സി എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. എല്ലാറ്റിനുമുപരി, ജൂണ്‍ മാസത്തിലെ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കും ഇന്നു പുറത്തു വരും. മേയ് മാസത്തില്‍ ഇത് 15.88 ശതമാനമായിരുന്നു. ഇതും വിപണിയുടെ ഗതി നിര്‍ണ്ണയിക്കുന്നതിൽ പ്രധാനമാണ്.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,660 രൂപ (ജൂലൈ 14)
ഒരു ഡോളറിന് 79.63 രൂപ (ജൂലൈ 14)
ബ്രെന്റ് ക്രൂഡ് ബാരലിന് 99.25 ഡോളര്‍ (8.20 am)
ഒരു ബിറ്റ് കോയിന്റെ വില 16,42,801 രൂപ (8.20 am)