6 July 2022 3:59 AM IST
Summary
ഏഷ്യന്‍ വിപണികളില്‍ പടരുന്ന നിരാശ ഇന്ന് ഇന്ത്യന്‍ വിപണിയെയും ബാധിച്ചേക്കാം. നല്ല നിലയില്‍ വ്യാപാരം ആരംഭിച്ച വിപണി ഇന്നലെ അമേരിക്കന്‍-യൂറോപ്യന്‍ വിപണികളിലെ ദൗര്‍ബല്യം കൊണ്ട് നഷ്ടത്തിലേക്ക് വീഴുന്ന കാഴ്ച്ചയാണ് കണ്ടത്. മാന്ദ്യ ഭീതി ശക്തിയാര്‍ജിക്കുന്നതിനാല്‍ സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഒഴികെയുള്ള പ്രമുഖ ഏഷ്യന്‍ സൂചികകളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഈ നെഗറ്റീവ് ട്രെന്‍ഡ് ഇന്ത്യയിലേക്കും പടരാം. വിപണിക്ക് അനുകൂലമായ അനേകം സാമ്പത്തിക വളര്‍ച്ചാ സൂചനകള്‍ — സര്‍വീസസ് പിഎംഐ വളര്‍ച്ചയുള്‍പ്പെടെ — ലഭ്യമാണെങ്കിലും അവയെയെല്ലാം കീഴടക്കുന്ന തരത്തില്‍ […]
ഏഷ്യന്‍ വിപണികളില്‍ പടരുന്ന നിരാശ ഇന്ന് ഇന്ത്യന്‍ വിപണിയെയും ബാധിച്ചേക്കാം. നല്ല നിലയില്‍ വ്യാപാരം ആരംഭിച്ച വിപണി ഇന്നലെ അമേരിക്കന്‍-യൂറോപ്യന്‍ വിപണികളിലെ ദൗര്‍ബല്യം കൊണ്ട് നഷ്ടത്തിലേക്ക് വീഴുന്ന കാഴ്ച്ചയാണ് കണ്ടത്. മാന്ദ്യ ഭീതി ശക്തിയാര്‍ജിക്കുന്നതിനാല്‍ സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഒഴികെയുള്ള പ്രമുഖ ഏഷ്യന്‍ സൂചികകളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഈ നെഗറ്റീവ് ട്രെന്‍ഡ് ഇന്ത്യയിലേക്കും പടരാം. വിപണിക്ക് അനുകൂലമായ അനേകം സാമ്പത്തിക വളര്‍ച്ചാ സൂചനകള്‍ — സര്‍വീസസ് പിഎംഐ വളര്‍ച്ചയുള്‍പ്പെടെ — ലഭ്യമാണെങ്കിലും അവയെയെല്ലാം കീഴടക്കുന്ന തരത്തില്‍ ആഗോള അനിശ്ചിതത്വം വളരുകയാണ്.
അമേരിക്കന്‍ വിപണി
യൂറോപ്യന്‍ വിപണികളിലും, അമേരിക്കന്‍ വിപണിയിലും നിലനില്‍ക്കുന്ന ദൗര്‍ബല്യങ്ങള്‍ ആഗോള വിപണികളിലും തളര്‍ച്ചയുടെ ഭീതി പടര്‍ത്തുകയാണ്. ഡൗ ജോണ്‍സ് ഇന്നലെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍, എസ്ആന്‍ഡ്പി 500, നാസ്ഡാക് എന്നിവ ലാഭത്തിലവസാനിച്ചു. അമേരിക്കന്‍ സമ്പദ്ഘടനയില്‍ നിന്നും നേരിയ പ്രതീക്ഷയുടെ കിരണങ്ങളും വരുന്നുണ്ട്. ഇന്നലെ പുറത്തു വന്ന മേയ് മാസത്തിലെ ഫാക്ടറി ഓര്‍ഡറുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്നതാണ്. ജൂണ്‍ മാസത്തിലെ വാഹന വില്‍പ്പന (കാറുകളും, ട്രക്കുകളും) കണക്കുകളും മെച്ചപ്പെട്ടതാണ്. സര്‍വീസസ് പിഎംഐ കണക്കുകളും, ഉത്പാദനവുമായി ബന്ധപ്പെടാത്ത തൊഴില്‍ കണക്കുകളും നാളെ പുറത്തുവരാനിരിക്കുന്നു. ഈ ഘടകങ്ങളൊക്കെ പരിഗണിച്ച ശേഷമായിരിക്കും ഫെഡ് നിരക്ക് വര്‍ദ്ധനയുടെ തോത് നിര്‍ണയിക്കുക.
ക്രൂഡോയില്‍
ഏഷ്യന്‍ വിപണിയില്‍ ഇന്നു രാവിലെ ക്രൂഡോയില്‍ വില ഉയരുകയാണ്. ഇന്നലെ 9.5 ശതമാനം കുറവാണ് ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് വിലയിലുണ്ടായത്. ഇത് കഴിഞ്ഞ മൂന്നുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. ഈ നിലയില്‍ നിന്നും, ഏകദേശം മൂന്നു ശതമാനം ഉയര്‍ച്ചയാണ് ഇപ്പോള്‍ കാണിക്കുന്നത്. അടിസ്ഥാനപരമായ ഉത്പാദന, വിതരണ പ്രശ്‌നങ്ങള്‍ അതേപടി നിലനില്‍ക്കുകയാണ്. അതിനാലാണ് ക്രൂഡ് വിലയില്‍ വലിയ കുറവു വരാത്തത്. എണ്ണ ഉത്പാദനം വര്‍ദ്ധിക്കണമെങ്കില്‍ ഇറാനില്‍ നിന്നോ വെനിസ്വേലയില്‍ നിന്നോ ഉള്ള അധിക ഉത്പന്നം വിപണിയിലേക്ക് വരാന്‍ അനുവദിക്കണമെന്ന് ഒപെക് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബാര്‍കിന്തോ ഇന്നലെ പറഞ്ഞിരുന്നു.
വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റയനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ അറ്റ നിക്ഷേപകരായി മാറി. 1,295.84 കോടി രൂപ വിലയുള്ള ഓഹരികള്‍ അവര്‍ അധികമായി വാങ്ങി. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 257.59 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. ഇത് വലിയൊരു മാറ്റമാണ്. ഏപ്രില്‍ മാസത്തിനുശേഷം ആദ്യമായാണ് വിദേശ നിക്ഷേപകര്‍ വാങ്ങുന്നവരായി മാറിയത്. ഈ നില തുടര്‍ന്നാല്‍ ഓഹരി വിപണിയിലെ മുന്നേറ്റം സ്ഥിരത കൈവരിച്ചേക്കും.
വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറയുന്നു: "വിപണിയില്‍ നിന്നും ഒരുപാട് സൂചനകള്‍ ലഭിക്കുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ഇന്നലെ 100 ഡോളറിനടുത്തേക്ക് താഴ്ന്നു. ഡോളര്‍ ഇന്‍ഡെക്‌സ് 106 ന് മുകളിലേക്കുയര്‍ന്നു. രൂപ റെക്കോഡ് തകര്‍ച്ചയിലായിരുന്നു. യൂറോ, ഡോളറിനെതിരെ, രണ്ട് ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിലയിലായി. എല്ലാറ്റിനുമപരി, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഒരുപാട് നാളുകള്‍ക്കുശേഷം അറ്റ നിക്ഷേപകരായി മാറി. ക്രൂഡ് വിലയിലെ കുറവും, മെറ്റല്‍ പോലെയുള്ള മറ്റ് അസംസ്‌കൃത വസ്തുക്കളുടെ വിലയിടിവും അമേരിക്കന്‍ വിപണിയില്‍ ഒരു മാന്ദ്യം സംഭവിച്ചേക്കുമെന്ന സൂചന നല്‍കുന്നുണ്ട്. എന്നാല്‍, ഇന്ത്യയെ സംബന്ധിച്ച് ഇത് ശുഭ സൂചകമാണ്. വിദേശ നിക്ഷേപകരുടെ വാങ്ങലിലേക്കുള്ള മാറ്റവും വിപണിയില്‍ പ്രതീക്ഷ നല്‍കുന്നു. എന്നാല്‍, ഈ ഘടകങ്ങള്‍ എത്ര കാലം നിലനില്‍ക്കും എന്നത് നിര്‍ണായകമാണ്. ഓഹരി വിലകളില്‍ ന്യായമായ കുറവു വന്നിരിക്കുന്നതിനാല്‍ മികച്ച ഓഹരികള്‍ വാങ്ങാനുള്ള അവസരമാണിത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിറ്റഴിച്ചിട്ടുള്ള ധനകാര്യ, ഐടി ഓഹരികള്‍ വാങ്ങുന്നത് നല്ല തെരഞ്ഞെടുപ്പാണ്."
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,800 രൂപ (ജൂലൈ 06)
ഒരു ഡോളറിന് 79.03 രൂപ (ജൂലൈ 06)
ബ്രെന്റ് ക്രൂഡ് ബാരലിന് 103.72 ഡോളര്‍ (8.35 am)
ഒരു ബിറ്റ് കോയിന്റെ വില 16,10,000 രൂപ (8.35 am)