image

4 July 2022 4:01 AM IST

Stock Market Updates

ആഭ്യന്തര ഘടകങ്ങള്‍ വിപണിക്ക് അനുകൂലം, ഏഷ്യന്‍ വിപണികള്‍ സമ്മിശ്രം

Suresh Varghese

ആഭ്യന്തര ഘടകങ്ങള്‍ വിപണിക്ക് അനുകൂലം, ഏഷ്യന്‍ വിപണികള്‍ സമ്മിശ്രം
X

Summary

വെള്ളിയാഴ്ച്ചത്തെ നേര്‍ത്ത നഷ്ടത്തിനുശേഷം ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ആഗോള സൂചനകള്‍ സമ്മിശ്രമാണ്. പ്രമുഖ ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.18 ന് 0.22 ശതമാനം നഷ്ടത്തിലാണ്. ചൈന എ50, തായ്‌വാന്‍ വെയിറ്റഡ്, ഹാങ്‌സെങ്, കോസ്പി എന്നീ സൂചികകളെല്ലാം നഷ്ടം കാണിക്കുന്നു. എന്നാല്‍, ജപ്പാനിലെ നിക്കി, ഷാങ്ഹായ് കോംപസിറ്റ് എന്നിവ ലാഭത്തിലാണ്. തുടരുന്ന മാന്ദ്യ ഭീതിയാണ് ഏഷ്യന്‍ വിപണികളില്‍ തളര്‍ച്ച സൃഷ്ടിക്കുന്നത്. അമേരിക്കന്‍ വിപണി അമേരിക്കന്‍ വിപണി വെള്ളിയാഴ്ച്ച ലാഭത്തിലായിരുന്നു. ഈ […]


വെള്ളിയാഴ്ച്ചത്തെ നേര്‍ത്ത നഷ്ടത്തിനുശേഷം ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ആഗോള സൂചനകള്‍ സമ്മിശ്രമാണ്. പ്രമുഖ ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.18 ന് 0.22 ശതമാനം നഷ്ടത്തിലാണ്. ചൈന എ50, തായ്‌വാന്‍ വെയിറ്റഡ്, ഹാങ്‌സെങ്, കോസ്പി എന്നീ സൂചികകളെല്ലാം നഷ്ടം കാണിക്കുന്നു. എന്നാല്‍, ജപ്പാനിലെ നിക്കി, ഷാങ്ഹായ് കോംപസിറ്റ് എന്നിവ ലാഭത്തിലാണ്. തുടരുന്ന മാന്ദ്യ ഭീതിയാണ് ഏഷ്യന്‍ വിപണികളില്‍ തളര്‍ച്ച സൃഷ്ടിക്കുന്നത്.

അമേരിക്കന്‍ വിപണി
അമേരിക്കന്‍ വിപണി വെള്ളിയാഴ്ച്ച ലാഭത്തിലായിരുന്നു. ഈ ആഴ്ച്ചയില്‍ വരാനിരിക്കുന്ന സുപ്രധാന സാമ്പത്തിക സൂചകങ്ങള്‍ സമ്പദ്ഘടനയുടെ ആരോഗ്യ സ്ഥിതി വെളിപ്പെടുത്തും. അതിനനുസരിച്ചാവും യുഎസ് ഫെഡിന്റെ നിരക്കു വര്‍ദ്ധന തീരുമാനങ്ങളും. ഇന്ത്യന്‍ വിപണി ആഗോള സാഹചര്യങ്ങളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ വിദേശ വിപണികളിലെ അനിശ്ചിതാവസ്ഥ ഇവിടെയും സ്വാധീനം ചെലുത്തും.

ക്രൂഡോയില്‍
ക്രൂഡോയില്‍ വില ഏഷ്യന്‍ വിപണിയില്‍ ഇന്നു രാവിലെ നേരിയ കുറവ് കാണിക്കുന്നു. ശക്തിപ്പെടുന്ന മാന്ദ്യ ഭീതിയാണ് ഇതിനു കാരണം. ഉത്പാദനത്തിലെ കുറവ് വ്യക്തമായിരിക്കെ അതിനെ മറികടക്കുന്ന തരത്തില്‍ സാമ്പത്തിക മാന്ദ്യ വാര്‍ത്തകള്‍ വിപണിയില്‍ മേല്‍ക്കൈ നേടുന്നു എന്നതാണ് ഇതിനു കാരണം. ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച ആഗോള ക്രൂഡ് വിലയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നു. ഉയരുന്ന ക്രൂഡ് വില ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ഉയര്‍ത്തും. ഇത് രൂപയുടെ മൂല്യശോഷണത്തിലേക്ക് നയിക്കും. "ഇന്ത്യയെപ്പോലെ ഉയര്‍ന്ന കറന്റ് അക്കൗണ്ട് കമ്മിയുള്ള രാജ്യങ്ങളിലാണ് വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ കൂടുതല്‍ വില്‍പ്പന നടത്തുന്നത്. കാരണം അവരുടെ കറന്‍സി കൂടുതല്‍ മൂല്യശോഷണത്തിന് വിധേയമാകും," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

വിദേശ നിക്ഷേപം
വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പ്പന ജൂണ്‍ മാസത്തില്‍ റെക്കോഡാണ്. ഇതുവരെ ലഭ്യമായ കണക്കനുസരിച്ച് 50,203 കോടി രൂപയുടെ ഓഹരികള്‍ അവര്‍ വിറ്റഴിച്ചു. ഈ വര്‍ഷം ഇതുവരെ 2.2 ലക്ഷം കോടി രൂപ വിലയുള്ള ഓഹരികള്‍ അവര്‍ വിറ്റു. എന്നാല്‍, പ്രതീക്ഷ നല്‍കുന്ന ഒരു ഘടകം ജൂണ്‍ അവസാനമായപ്പോഴേക്കും അവരുടെ വില്‍പ്പനയില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെന്നതാണ്. സാമ്പത്തിക മാന്ദ്യ ഭീതിയില്‍ ആഗോള നിക്ഷേപകര്‍ ഡോളറിനെ അഭയസ്ഥാനമായി കാണുന്നതാണ് മറ്റൊരു പ്രശ്‌നം. "ബോണ്ട് യീല്‍ഡും, ഡോളറും സ്ഥിരമായി ഉയരുന്നതാണ് തുടര്‍ച്ചയായ എഫ്പിഐ വില്‍പ്പനയുടെ കാരണം. അമേരിക്കന്‍ ബോണ്ട് യീല്‍ഡില്‍ കുറവു വരികയും ഡോളര്‍ സ്ഥിരത കൈവരിക്കുകയും ചെയ്തില്ലെങ്കില്‍ എഫ്പിഐ വില്‍പ്പനയ്ക്ക ശമനമുണ്ടാവുകയില്ല," വിജയകുമാര്‍ പറഞ്ഞു.

ആഭ്യന്തര വിപണിയെ സംബന്ധിച്ച്, ഈ ആഴ്ച്ച ഒന്നാംപാദ കമ്പനി ഫലങ്ങള്‍ പുറത്തു വന്നു തുടങ്ങും. അവ മികച്ചതാവാനാണ് സാധ്യത. വെള്ളിയാഴ്ച്ച പുറത്തു വന്ന ഡി-മാര്‍ട്ടിന്റെ ഫലങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിരുന്നു. മികച്ച കമ്പനി വരുമാനക്കണക്കുകൾ വിപണിക്ക് പ്രതീക്ഷ നൽകും. സര്‍വീസസ് പിഎംഐ ഡേറ്റ നാളെ പുറത്തു വരും. ഇതും വിപണിയെ സ്വാധീനിക്കാവുന്ന ഘടകമാണ്.

വിദഗ്ധാഭിപ്രായം
"ഇന്ത്യന്‍ വിപണിയുടെ നീക്കങ്ങളെ ഈ ആഴ്ച്ച സ്വാധീനിക്കുക പ്രധാനമായും ഒന്നാംപാദ ഫലങ്ങളാണ്. ടിസിഎസിന്റെ റിസള്‍ട്ട് വെള്ളിയാഴ്ച്ച പുറത്തുവരും. യഥാര്‍ഥ കണക്കുകളെക്കാള്‍ വിപണിയെ സ്വാധീനിക്കുക കമ്പനികളുടെ ഭാവി പ്രകടനത്തെ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ്. ഫിനാന്‍ഷ്യല്‍ ഓഹരികളുടെ കാര്യത്തിലും, പ്രത്യേകിച്ച് ബാങ്കിംഗ് ഓഹരികളില്‍, ഏറെ നിര്‍ണായകമാവുക വായ്പ വളര്‍ച്ചയെ സംബന്ധിച്ചുള്ള അവലോകനമാണ്. ജിഎസ്ടി വരുമാനത്തിലുണ്ടായ വര്‍ദ്ധനവും, ജൂണ്‍ മാസത്തിലെ ഓട്ടോമൊബൈല്‍ വില്‍പ്പന കണക്കുകളും സാമ്പത്തിക ഉണര്‍വ് നല്ല നിലയില്‍ തുടരുന്നു എന്നതിന്റെ സൂചനകളാണ്. വിപണിക്ക് ഇത് രണ്ടാം പകുതിയില്‍ ആശ്വാസം നല്‍കുന്ന ഘടകമാണ്," വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,790 രൂപ (ജൂലൈ 04)
ഒരു ഡോളറിന് 79 രൂപ (ജൂലൈ 04)
ബ്രെന്റ് ക്രൂഡ് ബാരലിന് 111.26 ഡോളര്‍ (8.35 am)
ഒരു ബിറ്റ് കോയിന്റെ വില 15,61,536 രൂപ (8.35 am)