image

3 July 2022 5:41 AM

Stock Market Updates

ആഗോള സൂചകങ്ങള്‍ മോശമായില്ലെങ്കില്‍ വിപണിയിലെ നേട്ടം തുടരും

Bijith R

ആഗോള സൂചകങ്ങള്‍ മോശമായില്ലെങ്കില്‍ വിപണിയിലെ നേട്ടം തുടരും
X

Summary

ആഗോള വിപണിയിലെ ചലനങ്ങൾ, ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിലയിടിവ്, അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വില എന്നിവയാണ് ഈ ആഴ്ച്ച ഇന്ത്യന്‍ വിപണിയുടെ ദിശ നിര്‍ണ്ണയിക്കുന്നത്. കഴിഞ്ഞയാഴ്ച്ച ആഭ്യന്തര ഓഹരികള്‍ ദുര്‍ബലമായ ആഗോള പ്രവണതകളെ മറികടക്കുകയും, പ്രധാന സൂചികകള്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍, പണപ്പെരുപ്പത്തെയും, നിരക്കു മാറ്റങ്ങളെയും സ്വാധീനിക്കുന്ന ആഗോള സാമ്പത്തിക ഘടകങ്ങള്‍ മോശമായില്ലെങ്കില്‍ വിപണിയിലെ നേട്ടം തുടരുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. ഇടപാടുകാരുടെ അഭിപ്രായത്തില്‍, ആഭ്യന്തര വിപണി താഴ്ന്ന നിലയിൽ പുതിയ വാങ്ങലുകള്‍ക്ക് സാക്ഷ്യം […]


ആഗോള വിപണിയിലെ ചലനങ്ങൾ, ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിലയിടിവ്, അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വില എന്നിവയാണ് ഈ ആഴ്ച്ച ഇന്ത്യന്‍ വിപണിയുടെ ദിശ നിര്‍ണ്ണയിക്കുന്നത്. കഴിഞ്ഞയാഴ്ച്ച ആഭ്യന്തര ഓഹരികള്‍ ദുര്‍ബലമായ ആഗോള പ്രവണതകളെ മറികടക്കുകയും, പ്രധാന സൂചികകള്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍, പണപ്പെരുപ്പത്തെയും, നിരക്കു മാറ്റങ്ങളെയും സ്വാധീനിക്കുന്ന ആഗോള സാമ്പത്തിക ഘടകങ്ങള്‍ മോശമായില്ലെങ്കില്‍ വിപണിയിലെ നേട്ടം തുടരുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.

ഇടപാടുകാരുടെ അഭിപ്രായത്തില്‍, ആഭ്യന്തര വിപണി താഴ്ന്ന നിലയിൽ പുതിയ വാങ്ങലുകള്‍ക്ക് സാക്ഷ്യം വഹിച്ചു. വിലയിടിവു നേരിട്ട മുന്‍നിര ഓഹരികളിലാണ് — പ്രത്യേകിച്ച്, ഫിനാന്‍ഷ്യല്‍, എഫ്എംസിജി, ഓട്ടോ, ഫാര്‍മ ഓഹരികളിൽ — വാങ്ങല്‍ നടന്നത്. ദീര്‍ഘകാല നിക്ഷേപകരാകട്ടെ, കഴിഞ്ഞ രണ്ടാഴ്ച്ചത്തെ കുത്തനെയുള്ള ഇടിവിനെ ദീര്‍ഘകാല പോര്‍ട്‌ഫോളിയോ നിര്‍മ്മിക്കാനുള്ള അവസരമായാണ് ഉപയോഗിച്ചത്.

ഏഞ്ചല്‍ വൺ ബ്രോക്കറേജിലെ വിദഗ്ധര്‍ പറയുന്നു: "ഞങ്ങള്‍ പ്രതീക്ഷയോടെയിരിക്കുകയാണ്. ആഗോള വിപണിയില്‍ അപഭ്രംശങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍, വരുന്നയാഴ്ച്ച നിഫ്റ്റി 15,900-16,000 മറികടക്കുമെന്നതില്‍ ഞങ്ങള്‍ക്ക് സംശയമൊന്നുമില്ല. ഇതിനുവേണ്ടി ബാങ്കിംഗ് മേഖല മുന്നോട്ടു വരേണ്ടതുണ്ട്. അതിന്റെ സൂചനകള്‍ കഴിഞ്ഞ രണ്ടു സെഷനുകളില്‍ നല്‍കിയിരുന്നു. കൂടാതെ, വിപണി ആഴ്ച്ചയുടെ അവസാനം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇത് വിപണിയ്ക്ക് പ്രോത്സാഹനം നല്‍കുന്ന സൂചനകളാണ്."

ആഗോള തലത്തില്‍, പ്രധാന സമ്പദ് വ്യവസ്ഥകളില്‍ നിന്നുള്ള സാമ്പത്തിക സൂചകങ്ങള്‍ വരുന്ന ആഴ്ചയില്‍ പുറത്തു വരുമെന്നാണ് കരുതുന്നത്. ഇത് വിപണി ഇടപാടുകാർക്ക് ആഗോള സമ്പദ് വ്യവസ്ഥകളുടെ ആരോഗ്യത്തെക്കുറിച്ച് ചില ഉള്‍ക്കാഴ്ചകള്‍ നല്‍കും.
ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാവസായിക ഉല്‍പ്പാദന ഡാറ്റ വരുന്ന ആഴ്ചയില്‍ പുറത്തുവരും. അമേരിക്കയിലെ തൊഴില്‍ നഷ്ടം സംബന്ധിച്ച ക്ലെയിമുകളും, നോണ്‍-ഫാം പേറോള്‍ ഡാറ്റയും പ്രസിദ്ധീകരിക്കും. ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള നിക്ഷേപകരുടെ വലിയ ഭയത്തിന് അടിസ്ഥാനമുണ്ടോ ഇല്ലയോ എന്ന് ഈ സൂചകങ്ങള്‍ വെളിപ്പെടുത്തും.

ആഭ്യന്തര വിപണിയിൽ, ക്രൂഡ് ഓയില്‍ വിലയും, രൂപയുടെ ചലനവും പണപ്പെരുപ്പത്തെ നേരിട്ട് ബാധിക്കുമെന്നതിനാല്‍ ഇവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍. രൂപയുടെ മൂല്യം കുറയുന്നത് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ മറ്റൊരു റൗണ്ട് വില്‍പ്പനയിലേക്ക് നയിക്കും. എന്നിരുന്നാലും, ഈ രണ്ട് ഘടകങ്ങളിലെ ഏത് പുരോഗതിയും ആഭ്യന്തര ഓഹരി വിപണികളില്‍ ശക്തമായ മുന്നേറ്റത്തിന് കാരണമാകും.
കഴിഞ്ഞയാഴ്ച്ച നിഫ്റ്റി 15,511.05 ല്‍ ശക്തമായ പിന്തുണ കണ്ടെത്തുകയും, 15,700 എന്ന നിര്‍ണ്ണായക നിലയ്ക്കു മുകളിൽ ക്ളോസ് ചെയ്യുകയും ചെയ്തു.

ഫൈവ് പൈസ ഡോട്ട്‌കോം ലീഡ് റിസര്‍ച്ച് രുചിത ജെയിന്‍ പറയുന്നു: "ഡെറീവേറ്റീവ്‌സ് റോളോവര്‍ കണക്കുകള്‍ പരിശോധിച്ചാല്‍ നമുക്ക് മനസിലാവുന്നത് വളരെ കുറച്ച് നിഫ്റ്റി കോണ്‍ട്രാക്റ്റുകള്‍ മാത്രമേ ജൂലൈ മാസത്തേക്ക് നീട്ടിവെച്ചിട്ടുള്ളു. അതിന്റെ അര്‍ഥം, വിപണിയില്‍ പോസിറ്റീവായ സെന്റിമെന്റ്‌സ് രൂപപ്പെട്ടിട്ടുണ്ട് എന്നാണ്. എന്നാല്‍, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഇന്‍ഡെക്‌സ് ഫ്യൂച്ചേഴ്‌സിലെ പൊസിഷനുകള്‍ കൂടുതലും ബെയറിഷാണ്. ആഗോള വിപണിയിലുണ്ടാകുന്ന പോസിറ്റീവായ ഏതു ചലനവും ആഭ്യന്തര വിപണിയിലും ഷോര്‍ട്ട് കവറിംഗ് നടത്താന്‍ അവരെ പ്രേരിപ്പിക്കും. നിഫ്റ്റി 15,500 നു മുകളില്‍ വ്യാപാരം നടത്താത്തിടത്തോളം ഓഹരി കേന്ദ്രീകൃതമായ വാങ്ങലുകളാകും നല്ലത്. ഉയര്‍ന്ന തലത്തില്‍, 15,850-15,900 തൊട്ടടുത്ത പ്രതിരോധ നിലയായിട്ടാണ് ലോവര്‍ ടൈം ഫ്രെയിം ചാര്‍ട്ടുകളില്‍ കാണപ്പെടുന്നത്. ഇവിടെ നിന്നുണ്ടാകുന്ന ഒരു ബ്രേക്കൗട്ട് നിഫ്റ്റിയെ ഉയരങ്ങളിലേക്ക് (15,990-16,180) നയിച്ചേക്കും."