image

29 Jun 2022 3:58 AM IST

Stock Market Updates

ആഗോള സൂചനകള്‍ പ്രതികൂലം; കരുതലോടെ ഇന്ത്യന്‍ വിപണി

Suresh Varghese

ആഗോള സൂചനകള്‍ പ്രതികൂലം; കരുതലോടെ ഇന്ത്യന്‍ വിപണി
X

Summary

ഇന്നലെ നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച വിപണി ഇന്ന് കനത്ത പ്രതികൂല കാലാവസ്ഥയിലാണ് വ്യാപാരം തുടങ്ങുക. പ്രമുഖ ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. മാന്ദ്യ ഭീതിയില്‍, യുഎസ് വിപണികളും ഇന്നലെ കാര്യമായ നഷ്ടത്തിലാണ് അവസാനിച്ചത്. സാമ്പത്തിക വളര്‍ച്ചയെ അധികം ബാധിക്കാതെ കേന്ദ്ര ബാങ്കുകള്‍ക്ക് എത്രമാത്രം പണപ്പെരുപ്പത്തെ നിയന്ത്രിക്കാനാകും എന്ന കാര്യത്തില്‍ വിപണികള്‍ക്ക് ഇപ്പോഴും സംശയമുണ്ട്. അതിനാലാണ്, വിപണികളില്‍ നിരാശ പടര്‍ത്തിക്കൊണ്ട് വ്യാപാരം നെഗറ്റീവ് മേഖലയിലേക്ക് നീങ്ങുന്നത്. ഇതു തന്നെയാണ് ഇന്നത്തെ ഏഷ്യന്‍ വിപണികളിലെ തളര്‍ച്ചയ്ക്കും കാരണം. […]


ഇന്നലെ നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച വിപണി ഇന്ന് കനത്ത പ്രതികൂല കാലാവസ്ഥയിലാണ് വ്യാപാരം തുടങ്ങുക. പ്രമുഖ ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. മാന്ദ്യ ഭീതിയില്‍, യുഎസ് വിപണികളും ഇന്നലെ കാര്യമായ നഷ്ടത്തിലാണ് അവസാനിച്ചത്. സാമ്പത്തിക വളര്‍ച്ചയെ അധികം ബാധിക്കാതെ കേന്ദ്ര ബാങ്കുകള്‍ക്ക് എത്രമാത്രം പണപ്പെരുപ്പത്തെ നിയന്ത്രിക്കാനാകും എന്ന കാര്യത്തില്‍ വിപണികള്‍ക്ക് ഇപ്പോഴും സംശയമുണ്ട്. അതിനാലാണ്, വിപണികളില്‍ നിരാശ പടര്‍ത്തിക്കൊണ്ട് വ്യാപാരം നെഗറ്റീവ് മേഖലയിലേക്ക് നീങ്ങുന്നത്. ഇതു തന്നെയാണ് ഇന്നത്തെ ഏഷ്യന്‍ വിപണികളിലെ തളര്‍ച്ചയ്ക്കും കാരണം.

യുഎസ് വിപണി
ന്യൂയോര്‍ക്ക് ഫെഡ് പ്രസിഡന്റ് ജോണ്‍ വില്യംസും സാന്‍ഫ്രാന്‍സിസ്‌കോ പ്രസിഡന്റ് മേരി ഡാലിയും പറയുന്നത് സാമ്പത്തിക വളര്‍ച്ചയെ അധികം ബാധിക്കാതെ തന്നെ പണപ്പെരുപ്പത്തെ നേരിടാന്‍ സാധിക്കുമെന്നാണ്. അതിനുള്ള ശേഷി അമേരിക്കന്‍ കേന്ദ്ര ബാങ്കിനുണ്ടെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു. എന്നാല്‍, വിപണികള്‍ക്ക് ഇതില്‍ അത്ര വിശ്വാസം പോര. അമേരിക്കയില്‍ ഇന്നലെ പുറത്തു വന്ന കോണ്‍ഫറന്‍സ് ബോര്‍ഡ് കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സൂചികയനുസരിച്ച് ഉപഭോക്താക്കളുടെ ശുഭാപ്തി വിശ്വാസം കുറയുകയാണ്. എന്നാല്‍, അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വീക്കിലി എണ്ണ ശേഖരത്തിന്റെ കണക്കുകളില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതു കാണിക്കുന്നത് വര്‍ദ്ധിക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ്.

ഇത്തരത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് അമേരിക്കന്‍ സമ്പദ്ഘടനയില്‍ നിന്നും ലഭിക്കുന്നത്. ഈ അനിശ്ചിതത്വങ്ങള്‍ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന ലഗാര്‍ദെ ജൂലൈയില്‍ 25 ബേസിസ് പോയിന്റ് നിരക്കു വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് വിപണികളില്‍ അത്ര നല്ല പ്രതികരണമാവില്ല ഉണ്ടാക്കുന്നത്.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "കഴിഞ്ഞ വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണികളില്‍ കണ്ട പുള്‍ബാക്ക് റാലിയുടെ ഊര്‍ജ്ജം നഷ്ടപ്പെട്ടു കഴിഞ്ഞു. വിപണികളെല്ലാം വീണ്ടും തളര്‍ച്ചയിലാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ കുറവ് നിലനിര്‍ത്താനായില്ല. ക്രൂഡോയില്‍ വീണ്ടും ബാരലിന് 117 ഡോളറിലെത്തി. അമേരിക്കന്‍ സമ്പദ്ഘടനയില്‍ ഒരു മാന്ദ്യം ഉണ്ടാകുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഏകാഭിപ്രായം ഇല്ലെങ്കിലും അതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ലേബര്‍ വിപണി ഇപ്പോഴും ശക്തമാണ്. തൊഴിലില്ലായ്മ നിരക്ക് 3.6 ശതമാനം എന്ന താഴ്ന്ന നിലയിലാണ്. ഈ പരസ്പര വിരുദ്ധമായ സൂചനകള്‍ക്കിടയില്‍ വിപണി ചാഞ്ചാട്ടത്തില്‍ തുടരുകയാണ്."

ക്രൂഡോയില്‍
ഏഷ്യന്‍ വിപണിയില്‍ ഇന്നു രാവിലെ ക്രൂഡോയില്‍ വില നേരിയ താഴ്ച്ചയിലാണ്. കഴിഞ്ഞ മൂന്നു സെഷനുകളിലും ക്രൂഡ് വില ഉയര്‍ന്നാണ് അവസാനിച്ചത്. സൗദി അറേബ്യ അടക്കമുള്ള പ്രമുഖ ഒപെക് ഉത്പാദകര്‍ക്ക് ഇനിയും ഉത്പാദനം വര്‍ദ്ധിപ്പിക്കുക സാധ്യമല്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. കൂടാതെ ലിബിയയും, ഇക്വഡോറുമടക്കമുള്ള രാജ്യങ്ങളില്‍ രൂപപ്പെട്ടിട്ടുള്ള ആഭ്യന്തര സംഘര്‍ഷങ്ങളും എണ്ണ ഉത്പാദനത്തിന് തടസമാണ്. ഈ സാഹചര്യത്തില്‍ എണ്ണ വിലയില്‍ സ്ഥിരമായ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. റെക്കോഡ് തകര്‍ച്ചയിലേക്ക് പോയ്‌ക്കൊണ്ടിരിക്കുന്ന രൂപയെ സംബന്ധിച്ച് ഇത് പ്രതികൂല വാര്‍ത്തയാണ്.

വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റയനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,244 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1,205 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,765 രൂപ (ജൂണ്‍ 29)
ഒരു ഡോളറിന് 78.45 രൂപ (ജൂണ്‍ 29)
ബ്രെന്റ് ക്രൂഡ് ബാരലിന് 117.13 ഡോളര്‍ (8.20 am)
ഒരു ബിറ്റ് കോയിന്റെ വില 16,99,122 രൂപ (8.20 am)