image

28 Jun 2022 4:06 AM IST

Stock Market Updates

പ്രതികൂല ഘടകങ്ങളേറെ; വിപണിയിൽ തുടര്‍നേട്ട സാധ്യത കുറവ്

Suresh Varghese

പ്രതികൂല ഘടകങ്ങളേറെ; വിപണിയിൽ തുടര്‍നേട്ട സാധ്യത കുറവ്
X

Summary

ഇന്ത്യന്‍ വിപണിയില്‍ ഇന്ന് മൂന്നു ദിവസത്തെ മുന്നേറ്റത്തിന്റെ തുടര്‍ച്ച സംഭവിക്കാനുള്ള സാധ്യതകള്‍ വിരളമാണ്. രാവിലെ പ്രമുഖ ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.13 am ന് 0.66 ശതമാനം നഷ്ടത്തിലാണ്. ഇന്നലെ അമേരിക്കന്‍ വിപണികളും നേരിയ നഷ്ടത്തിലാണ് അവസാനിച്ചത്. അമേരിക്കന്‍ വിപണികളിലെ ഈ തളര്‍ച്ച ഏഷ്യന്‍ വിപണികളേയും ബാധിച്ചു. ആഗോള ഘടകങ്ങളും, ക്രൂഡ് ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലയുമാണ് ഈ ദിവസങ്ങളില്‍ ആഭ്യന്തര വിപണിയുടെ ഗതി നിയന്ത്രിക്കുന്നത്. ഈ സാഹചര്യത്തില്‍ വിപണിയില്‍ […]


ഇന്ത്യന്‍ വിപണിയില്‍ ഇന്ന് മൂന്നു ദിവസത്തെ മുന്നേറ്റത്തിന്റെ തുടര്‍ച്ച സംഭവിക്കാനുള്ള സാധ്യതകള്‍ വിരളമാണ്. രാവിലെ പ്രമുഖ ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.13 am ന് 0.66 ശതമാനം നഷ്ടത്തിലാണ്. ഇന്നലെ അമേരിക്കന്‍ വിപണികളും നേരിയ നഷ്ടത്തിലാണ് അവസാനിച്ചത്. അമേരിക്കന്‍ വിപണികളിലെ ഈ തളര്‍ച്ച ഏഷ്യന്‍ വിപണികളേയും ബാധിച്ചു. ആഗോള ഘടകങ്ങളും, ക്രൂഡ് ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലയുമാണ് ഈ ദിവസങ്ങളില്‍ ആഭ്യന്തര വിപണിയുടെ ഗതി നിയന്ത്രിക്കുന്നത്. ഈ സാഹചര്യത്തില്‍ വിപണിയില്‍ ഒരു മുന്നേറ്റം പ്രതീക്ഷിക്കാനാവില്ല.

അമേരിക്കന്‍ വിപണി

ഇന്നലെ പുറത്ത് വന്ന മേയ് മാസത്തിലെ പൂര്‍ത്തിയാക്കാത്ത ഭവന വില്‍പ്പന കണക്കുകളും (pending home sales data), ഡ്യൂറബിള്‍ ഗുഡ്‌സ് ഡിമാന്റും പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചതായിരുന്നു. ഭവന വില്‍പ്പന കണക്കുകള്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്നത് -3.9 ശതമാനമാണ്. എന്നാല്‍ ഇത് 0.7 ശതമാനം വളര്‍ച്ച കാണിച്ചു. ഇത് അമേരിക്കന്‍ വിപണിയിലെ ഉണര്‍വ്വിന്റെ സൂചകമാണ്. അമേരിക്കന്‍ സമ്പദ്ഘടന ശക്തമായ നിലയിലാണെന്നും, പണപ്പെരുപ്പത്തിനെതിരായ ഫെഡറല്‍ റിസര്‍വിന്റെ കടുത്ത നടപടികള്‍ താങ്ങാനുള്ള ശേഷിയുണ്ടെന്നും ഫെഡ് ചീഫ് ജെറോം പവല്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഇന്നലെ പുറത്തുവന്ന കണക്കുകള്‍ ഫെഡ് നടപടികള്‍ കൂടുതല്‍ കഠിനമാക്കുമോ എന്ന ഭയം ഇതിലൂടെ സംജാതമായി. ഇനി പുറത്തു വരാനുള്ള ജിഡിപി കണക്കുകള്‍ കൂടി മികച്ചതായാല്‍ ഫെഡിന് കര്‍ശന നടപടികളുമായി മുന്നോട്ട് പോകാം. എന്നാല്‍ ഇത് വിപണിക്ക് പ്രതികൂലമാണ്.

ക്രൂഡ് ഓയില്‍

ആഭ്യന്തര വിപണിയില്‍ ഏറെ നിര്‍ണ്ണായകമായ ക്രൂഡ് ഓയില്‍ വിലകള്‍ ഇന്ന് ഉയരുകയാണ്. ഏഷ്യന്‍ വിപണിയില്‍ ആദ്യഘട്ട വ്യാപാരത്തില്‍ വില ഉയരാനുള്ള കാരണമായി പറയുന്നത് ഉത്പാദനത്തിലും, വിതരണത്തിലും ഉണ്ടാകുന്ന തടസ്സങ്ങളാണ്. ലിബിയയും, ഇക്വഡോറും അടക്കമുള്ള എണ്ണ ഉത്പാദന രാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍, യുക്രെയ്ന്‍ യുദ്ധത്തിന് പുറമെ, ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നു. കൂടാതെ, ജി-7 രാജ്യങ്ങളുടെ ഉച്ചകോടി റഷ്യന്‍ ഓയിലിന് മേല്‍ വില നിയന്ത്രണമടക്കമുള്ള ചില നടപടികള്‍ സ്വീകരിച്ചേക്കാം എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇവയെല്ലാം ക്രൂഡ് വില ഉയരുന്നതിന് കാരണമായി.

വിദേശ നിക്ഷേപകര്‍

എന്‍എസ്ഇ പ്രൊവിഷനല്‍ ഡാറ്റ അനുസരിച്ച്, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,278 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1,184 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. വിദേശ നിക്ഷേപകരുടെ വില്‍പ്പനയുടെ അളവു കുറഞ്ഞത് ഇന്ത്യന്‍ വിപണിയില്‍ പോസിറ്റീവായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യന്‍ രൂപയ്ക്കും ഇതിന്റെ നേട്ടം ഇന്നലെ ഉണ്ടായി.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "വിപണിയില്‍ ഇപ്പോള്‍ കാണപ്പെടുന്ന മുന്നേറ്റം നിലനില്‍ക്കുവാന്‍ പല തടസ്സങ്ങളുമുണ്ട്. ഇതിലൊന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പ്പനയാണ്. വിപണി ഉയരുമ്പോള്‍ അവര്‍ വില്‍ക്കും. അതിനാല്‍ നിക്ഷേപകര്‍ ഈ അവസരത്തില്‍ തിടുക്കത്തില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ ശ്രമിക്കരുത്. പ്രത്യേകിച്ചും മിഡ് ക്യാപ്, സ്മാള്‍ ക്യാപ് ഓഹരികള്‍. മികച്ച ലാര്‍ജ് ക്യാപ് ഓഹരികള്‍ ശ്രദ്ധാപൂര്‍വ്വം വാങ്ങുന്നതാണ് ഉചിതം."

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,765 രൂപ (ജൂണ്‍ 28)
ഒരു ഡോളറിന് 78.25 രൂപ (ജൂണ്‍ 28)
ബ്രെന്റ് ക്രൂഡ് ബാരലിന് 116.05 ഡോളര്‍ (ജൂണ്‍ 28, 8.06 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 17,11,000 രൂപ (ജൂണ്‍ 28, 8.04 am, വസീര്‍എക്‌സ്)