26 Jun 2022 10:30 PM GMT
Summary
ഇന്ത്യന്‍ വിപണിയില്‍ ഇന്ന് പോസിറ്റീവായ ചലനങ്ങള്‍ക്കാണ് സാധ്യത. അമേരിക്കന്‍ വിപണിയില്‍ കഴിഞ്ഞ ആഴ്ച്ചയിലുണ്ടായ നേട്ടങ്ങളുടെ ചുവടുപിടിച്ച് ഇന്ന് രാവിലെ എല്ലാ ഏഷ്യന്‍ വിപണികളും ഉയര്‍ച്ചയിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.16 ന് 1.30 ശതമാനം നേട്ടത്തിലാണ്. ജപ്പാനിലെ നിക്കി, ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക, തായ്‌വാന്‍ വെയ്‌റ്റെഡ്, ഹോങ്ങ്‌കോങിലെ ഹാങ്‌സെങ് സൂചിക, ദക്ഷിണ കൊറിയയിലെ കോസ്പി എന്നിവയെല്ലാം ഏകദേശം രണ്ട് ശതമാനത്തിനോടടുത്ത് ലാഭത്തിലാണ്. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ നേരിയ കുറവ് ദീര്‍ഘകാല പണപ്പെരുപ്പ ഭീതിയില്‍ ശമനമുണ്ടാക്കിയിട്ടുണ്ട്. ആഭ്യന്തര […]
ഇന്ത്യന്‍ വിപണിയില്‍ ഇന്ന് പോസിറ്റീവായ ചലനങ്ങള്‍ക്കാണ് സാധ്യത. അമേരിക്കന്‍ വിപണിയില്‍ കഴിഞ്ഞ ആഴ്ച്ചയിലുണ്ടായ നേട്ടങ്ങളുടെ ചുവടുപിടിച്ച് ഇന്ന് രാവിലെ എല്ലാ ഏഷ്യന്‍ വിപണികളും ഉയര്‍ച്ചയിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.16 ന് 1.30 ശതമാനം നേട്ടത്തിലാണ്. ജപ്പാനിലെ നിക്കി, ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക, തായ്‌വാന്‍ വെയ്‌റ്റെഡ്, ഹോങ്ങ്‌കോങിലെ ഹാങ്‌സെങ് സൂചിക, ദക്ഷിണ കൊറിയയിലെ കോസ്പി എന്നിവയെല്ലാം ഏകദേശം രണ്ട് ശതമാനത്തിനോടടുത്ത് ലാഭത്തിലാണ്. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ നേരിയ കുറവ് ദീര്‍ഘകാല പണപ്പെരുപ്പ ഭീതിയില്‍ ശമനമുണ്ടാക്കിയിട്ടുണ്ട്.
ആഭ്യന്തര വിപണിയില്‍ ഇന്ന് നിര്‍ണ്ണായമാകുക ആഗോള സൂചനകള്‍ തന്നെയാണ്. ഏഷ്യന്‍ വിപണികളിലെ മുന്നേറ്റം ഇന്ത്യയിലേക്കും പടരാം. വിപണിയെ സ്വാധീനിക്കത്തക്ക സുപ്രധാന ഫലങ്ങളൊന്നും ഇന്ന് പുറത്തുവരാനില്ല. ഈ ആഴ്ച്ച പുറത്ത് വന്നേക്കാവുന്ന വാഹന വില്‍പ്പന കണക്കുകളാണ് ഏറെ പ്രധാനമായ ഒരു ഘടകം. ക്രൂഡ് വിലയിലുണ്ടാകുന്ന കുറവും, അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടാകുന്ന താഴ്ച്ചയും ഓട്ടോമൊബൈല്‍ ഓഹരികളെ പിന്തുണയ്ക്കും.
വിദേശ നിക്ഷേപകര്‍
വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരികളുടെ അറ്റ വാങ്ങലുകാരായി മാറിയില്ലെങ്കില്‍ വിപണിയില്‍ ഇന്ന് കാണുന്ന ചെറിയ മുന്നേറ്റങ്ങള്‍ക്ക് നിലനില്‍ക്കാനാകില്ല. കഴിഞ്ഞ ആഴ്ച്ചയില്‍ ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റത്തിന് കാരണമായിത്തീര്‍ന്നത് ആഗോള വിപണികളിലെ പോസിറ്റീവായ നീക്കങ്ങളും, അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ നേരിയ കുറവുമാണ്. ഈ രണ്ട് ഘടകങ്ങളും ഈ ആഴ്ച്ചയിലും നിര്‍ണ്ണായകമാണ്.
45,841 കോടി രൂപ വിലയുള്ള ഓഹരികള്‍ വിദേശ നിക്ഷേപകര്‍ ജൂണ്‍ മാസത്തില്‍ ഇതുവരെ വിറ്റഴിച്ചു. 2022 ല്‍ മൊത്തം 2.13 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. അമേരിക്കന്‍ ഡോളര്‍ ശക്തമാവുകയും, ബോണ്ട് യീല്‍ഡ് വര്‍ധിക്കുകയും ചെയ്താല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ ഇനിയും തുടരുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു. തെക്കു കിഴക്കന്‍ കാലവര്‍ഷത്തിന്റെ വടക്കു കിഴക്കന്‍ മേഖലകളിലേക്കുള്ള വ്യാപനം എത്രത്തോളം ശക്തമാണ് എന്നതും വിപണിയെ സ്വാധീനിക്കാവുന്ന മറ്റൊരു ഘടകമാണ്. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷികവൃത്തി ഈ കാലാവസ്ഥാ പ്രതിഭാസത്തെ ഏറെ ആശ്രയിച്ചിരിക്കുന്നു.
വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "വിപണി ബെയര്‍ മാര്‍ക്കറ്റ് സ്വഭാവത്തിലാണോ, അതോ ബുള്‍ മാര്‍ക്കറ്റിന്റെ ഇടയില്‍ സംഭവിക്കുന്ന ഒരു തിരുത്തലിലാണോ എന്ന കാര്യത്തില്‍ ഇതുവരേയും ഒരു തീരുമാനമായിട്ടില്ല. ബെയര്‍ മാര്‍ക്കറ്റ് മേഖലയിലേയ്ക്ക് വീണതിനു ശേഷം നാസ്ഡാക്കും, എസ് ആന്‍ഡ് പി 500 ഉം അതിവേഗം തിരിച്ചുവന്നു. ഇത് മറ്റ് വിപണികള്‍ക്കും വലിയ ഉത്തജനം നല്‍കി. എസ് ആന്‍ഡ് പിയില്‍ വെള്ളിയാഴ്ച്ചയുണ്ടായ മൂന്ന് ശതമാനം കുതിപ്പ് കാണിക്കുന്നത് പുള്‍ബാക്ക് റാലികള്‍ക്ക് മൂര്‍ച്ചയുണ്ടെന്നാണ്. ഇതിനെത്തുടര്‍ന്നുണ്ടാകുന്ന 'ഷോര്‍ട്ട് കവറിംഗ്', ഉയർച്ചയ്ക്ക് ശക്തിപകരുകയും ചെയ്യും. ബ്ലൂംബര്‍ഗ് കമോഡിറ്റി ഇന്‍ഡെക്‌സിലുണ്ടായ 4.3 ശതമാനം ഇടിവ് കഴിഞ്ഞയാഴ്ച്ചയിലെ നിര്‍ണ്ണായക സംഭവമാണ്. ഈ നില തുടര്‍ന്നാല്‍ പണപ്പെരുപ്പ ഭീതിയില്‍ ശമനമുണ്ടാകുകയും, അത് കടുത്ത നടപടികളില്‍ നിന്ന് കേന്ദ്ര ബാങ്കുകളെ പിന്തിരിപ്പിക്കുകയും ചെയ്യും. അമേരിക്കന്‍ സമ്പദ്ഘടന വലിയൊരു മാന്ദ്യത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും. കമോഡിറ്റി വിലകളിലുണ്ടാകുന്ന കുറവ് അസംസ്‌കൃത വസ്തുക്കളുടെ പ്രധാന ഉപഭോക്താക്കളായ ഓട്ടോമൊബൈല്‍ അടക്കമുള്ള വ്യവസായങ്ങളെ സഹായിക്കും."
ക്രൂഡ് ഓയില്‍
ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭീതിയില്‍ ഏഷ്യന്‍ വിപണിയില്‍ ഇന്ന് രാവിലെ എണ്ണ വില ചാഞ്ചാട്ടത്തിലാണ്. റഷ്യന്‍ ഉത്പന്നത്തിന്റെ മേല്‍ യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ ഉപരോധവും, വിതരണ ശൃംഖലകളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന തടസങ്ങളും വില ഉയരുവാന്‍ പ്രേരകമാവുന്നുണ്ട്. എന്നാല്‍ ആഗോള മാന്ദ്യത്തിന് പ്രധാന കാരണം ഉയരുന്ന ഭക്ഷ്യ, ക്രൂഡ് ഓയില്‍ വിലകളാണ് എന്ന വിലയിരുത്തലില്‍ വിലവർധന തടസ്സപ്പെടുകയാണ്.
അമേരിക്കന്‍ വിപണി
അമേരിക്കന്‍ വിപണിയില്‍ ഈ ആഴ്ച നിര്‍ണ്ണായകമാവുക ഒന്നാംപാദ വളര്‍ച്ചാ കണക്കുകളാണ്. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും ഫെഡറല്‍ റിസര്‍വ് അടുത്ത ഘട്ട പണനയം രൂപപ്പെടുത്തുന്നത്. കൂടാതെ, നാളെ പുറത്തു വരുന്ന പൂര്‍ത്തിയായിട്ടില്ലാത്ത ഭവന വില്‍പ്പന കണക്കുകളും (pending home sales index) ഏറെ നിര്‍ണ്ണായകമാണ്. ഇവയെല്ലാം ആഗോള വിപണികളേയും ഒരു പരിധി വരെ സ്വാധീനിക്കും.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,755 രൂപ (ജൂണ്‍ 27)
ഒരു ഡോളറിന് 78.23 രൂപ (ജൂണ്‍ 27)
ബ്രെന്റ് ക്രൂഡ് ബാരലിന് 113.06 ഡോളര്‍ (ജൂണ്‍ 27, 8.03 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 17,66,077 രൂപ (ജൂണ്‍ 27, 8.04 am, വസീര്‍എക്‌സ്)