image

21 Jun 2022 10:25 PM GMT

Stock Market Updates

ആഗോള സൂചനകള്‍ ശുഭകരമല്ല, വിപണിയില്‍ അനിശ്ചിതത്വം തുടര്‍ന്നേക്കും

Suresh Varghese

ആഗോള സൂചനകള്‍ ശുഭകരമല്ല, വിപണിയില്‍ അനിശ്ചിതത്വം തുടര്‍ന്നേക്കും
X

Summary

ഇന്നലെ ആഗോള വിപണികളുടെ കരുത്തില്‍ മുന്നേറിയ ഇന്ത്യന്‍ വിപണിക്ക് ഇന്ന് കാര്യങ്ങള്‍ അത്ര ശുഭകരമല്ല. അമേരിക്കന്‍ വിപണി ഇന്നലെ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തുവെങ്കിലും, ഏഷ്യന്‍ വിപണികളില്‍ ഇന്നു രാവിലെ കനത്ത നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റിയുള്‍പ്പെടെ എല്ലാ പ്രമുഖ വിപണികളിലും ഒരു ശതമാനത്തിലേറെ നഷ്ടം കാണിക്കുന്നു. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം ലോകമെമ്പാടും ശക്തിപ്പെട്ടു വരുന്നതാണ് ഇതിനു പ്രധാന കാരണം. ഇതിന്റെ ഭാഗമായാണ് ബാങ്ക് ഓഫ് ജപ്പാന്‍ അവരുടെ ഉദാര പണനയം തുടരാന്‍ തീരുമാനിച്ചത്. […]


ഇന്നലെ ആഗോള വിപണികളുടെ കരുത്തില്‍ മുന്നേറിയ ഇന്ത്യന്‍ വിപണിക്ക് ഇന്ന് കാര്യങ്ങള്‍ അത്ര ശുഭകരമല്ല. അമേരിക്കന്‍ വിപണി ഇന്നലെ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തുവെങ്കിലും, ഏഷ്യന്‍ വിപണികളില്‍ ഇന്നു രാവിലെ കനത്ത നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റിയുള്‍പ്പെടെ എല്ലാ പ്രമുഖ വിപണികളിലും ഒരു ശതമാനത്തിലേറെ നഷ്ടം കാണിക്കുന്നു. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം ലോകമെമ്പാടും ശക്തിപ്പെട്ടു വരുന്നതാണ് ഇതിനു പ്രധാന കാരണം. ഇതിന്റെ ഭാഗമായാണ് ബാങ്ക് ഓഫ് ജപ്പാന്‍ അവരുടെ ഉദാര പണനയം തുടരാന്‍ തീരുമാനിച്ചത്.
അമേരിക്കന്‍ വിപണി
ആഭ്യന്തര വിപണിയെ ചലിപ്പിക്കാനുതകുന്ന പ്രധാന സംഭവങ്ങളൊന്നും ഇന്നു പുറത്തുവരാനില്ല. അമേരിക്കന്‍ വിപണിയിലും കാര്യമായ ഫലങ്ങള്‍ പ്രതീക്ഷിക്കാനില്ല. ഡൗ ജോണ്‍സ് 2.15 ശതമാനവും, എസ്ആന്‍ഡ് പി500 2.45 ശതമാനവും, നാസ്ഡാക് 2.51 ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. അമേരിക്കയിലെ 'ഇനീഷ്യല്‍ ജോബ് ലെസ് ക്ലെയിംസ്' നാളെ പുറത്തുവരും. അമേരിക്ക ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതിവീണു കഴിഞ്ഞു എന്ന് ചില സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇതിന്റെ നിജസ്ഥിതി പരിശോധിക്കുവാന്‍ ഈ കണക്കുകള്‍ ഏറെ സഹായകരമാകും. പണപ്പെരുപ്പം നേരിടാന്‍ കര്‍ശന നടപടികളുമായി ബൈഡന്‍ ഭരണകൂടം മുന്നോട്ടു പോകുകയാണ്. രാജ്യത്തെ എണ്ണവില കുറയ്ക്കുന്നതിന്റെ ആദ്യപടിയായി ഗ്യാസൊലിന്റെ മേലുള്ള ചില നികുതികള്‍ താല്‍ക്കാലികമായി എടുത്തു കളയാന്‍ തീരുമാനിച്ചേക്കും. ഇതിനു പുറമേ, പ്രമുഖ എണ്ണക്കമ്പനികളുടെ മേധാവികളുമായി ബൈഡന്‍ ചര്‍ച്ച നടത്തുന്നുണ്ട്. വന്‍ ലാഭം കൊയ്യുന്ന കമ്പനികളോട് വിപണിവില കുറയ്ക്കുവാന്‍ പ്രസിഡന്റ് ബൈഡന്‍ നേരിട്ട് ആവശ്യപ്പെടുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച്ച.
ക്രൂഡോയില്‍
ഏഷ്യന്‍ വിപണിയില്‍ ഇന്നു രാവിലെ എണ്ണവില താഴ്ന്ന നിലയിലാണ്. എണ്ണയുടെ ആഗോള ഡിമാന്‍ഡില്‍ കുറവു വരുമെന്ന നിഗമനം ശക്തിപ്പെടുകയാണ്. ഇതോടൊപ്പം, പണപ്പെരുത്തിനെതിരായ നടപടികള്‍കൂടി വരുമ്പോള്‍ എണ്ണയുടെ ആവശ്യം താരതമ്യേന കുറഞ്ഞേക്കാം. ഈ കണക്കുകൂട്ടലിലാണ് എണ്ണവില നേരിയതോതില്‍ താഴുന്നത്.
വിദേശ നിക്ഷേപകര്‍
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റ അനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 2,701 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 3,066 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചത് ഏകദേശം മൂന്നു ലക്ഷം കോടി രൂപയാണ്. ഈ സാഹചര്യം കുറയുന്ന ലക്ഷണമില്ല. ഇത് ഇന്ത്യന്‍ രൂപയെയും ദുര്‍ബലമാക്കികൊണ്ടിരിക്കുന്നു. ഡോളറിനെതിരെ ഇന്നലെ 12 പൈസ നഷ്ടത്തില്‍ 78.10 ലാണ് രൂപ ക്ലോസ് ചെയ്തത്.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,765 രൂപ (ജൂണ്‍ 22)
ഒരു ഡോളറിന് 77.94 രൂപ (ജൂണ്‍ 22)
ബ്രെന്റ് ക്രൂഡ് ബാരലിന് 110.35 ഡോളര്‍ (8.35 am)
ഒരു ബിറ്റ് കോയിന്റെ വില 17,09,499 രൂപ (8.35 am)