16 Jun 2022 2:30 PM IST
Summary
ഇന്ത്യൻ വിപണി വ്യാഴാഴ്ച, 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. യുഎസ് ഫെഡറൽ റിസർവ് 75 ബേസിസ് പോയിന്റ് നിരക്കു വർധന നടപ്പാക്കിയതിനു പിന്നാലെ ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള പുതിയ ആശങ്കകൾ വീണ്ടും ഉയർന്നു വന്നതാണ് കാരണം. ജൂലൈയിൽ നടക്കാനിരിക്കുന്ന പണനയ മീറ്റിംഗിൽ 50-75 ബേസിസ് പോയിന്റ് നിരക്ക് വർധനയ്ക്കുള്ള മാർഗ നിർദേശം നല്കിയിരിക്കെ, അമേരിക്കൻ ജിഡിപി വളർച്ചാ പ്രവചനം 2.8 ശതമാനത്തിൽ നിന്ന് 1.7 ശതമാനമായി ഫെഡ് കുറച്ചു. ഇത് വിലക്കയറ്റത്തെയും, പലിശ നിരക്കു വർധനവിനെയും […]
ഇന്ത്യൻ വിപണി വ്യാഴാഴ്ച, 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. യുഎസ് ഫെഡറൽ റിസർവ് 75 ബേസിസ് പോയിന്റ് നിരക്കു വർധന നടപ്പാക്കിയതിനു പിന്നാലെ ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള പുതിയ ആശങ്കകൾ വീണ്ടും ഉയർന്നു വന്നതാണ് കാരണം. ജൂലൈയിൽ നടക്കാനിരിക്കുന്ന പണനയ മീറ്റിംഗിൽ 50-75 ബേസിസ് പോയിന്റ് നിരക്ക് വർധനയ്ക്കുള്ള മാർഗ നിർദേശം നല്കിയിരിക്കെ, അമേരിക്കൻ ജിഡിപി വളർച്ചാ പ്രവചനം 2.8 ശതമാനത്തിൽ നിന്ന് 1.7 ശതമാനമായി ഫെഡ് കുറച്ചു. ഇത് വിലക്കയറ്റത്തെയും, പലിശ നിരക്കു വർധനവിനെയും സംബന്ധിച്ച വിപണിയുടെ ആശങ്കകൾക്ക് ആക്കം കൂട്ടുന്നു.
സെൻസെക്സ് 1,045.60 പോയിന്റ് (1.99 ശതമാനം) താഴ്ന്ന് 51,495.79 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, നിഫ്റ്റി 331.55 പോയിന്റ് (2.11 ശതമാനം) താഴ്ന്ന് 15,360.60 ലും ക്ലോസ് ചെയ്തു. ഇന്നത്തെ വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ, സെൻസെക്സ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന പോയിന്റ് ആയ 51,425.48 ലും, നിഫ്റ്റി 15,335.10 ലും എത്തിയിരുന്നു.
ഏഡൽവെയ്‌സ് ഫിനാൻഷ്യൽ സർവ്വീസസിലെ ചീഫ് ഇക്കണോമിസ്റ്റ് കവിത ചാക്കോ പറയുന്നു: "ഇന്ത്യയെ സംബന്ധിച്ചിടത്തോളം, നിരക്ക് വർദ്ധനവ് ആഭ്യന്തര വിപണിയിൽ നിന്നുമുള്ള വിദേശ നിക്ഷേപങ്ങളുടെ പുറത്തോട്ടുള്ള ഒഴുക്ക് വർധിക്കുന്നതിന് കാരണമാകും. 2022 ജനുവരി മുതൽ, ഫെഡ് നിരക്ക് വർദ്ധനയുടെ സൂചന നൽകുകയും ബാലൻസ് ഷീറ്റ് ചുരുക്കുന്നതിലേക്ക് നീങ്ങുകയും ചെയ്തപ്പോൾ, 26 ബില്യൺ ഡോളറാണ് ആഭ്യന്തര വിപണിയിൽ നിന്നും പുറത്തേക്കൊഴുകിയത്. ഈ ഒഴുക്ക് വർധിക്കുന്നതും, വ്യാപാരക്കമ്മി വർധിക്കുന്നതും ഇന്ത്യൻ രൂപയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. വരുന്ന ഒന്നു രണ്ടു മാസങ്ങൾക്കുള്ളിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ 78.25-79 വരെയാവാനാണ് സാധ്യത."
ഫെഡ് പണനയ മീറ്റിങ്ങുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അവസാനിച്ചതോടെ അമേരിക്കൻ വിപണി ബുധനാഴ്ച നേരിയ തിരിച്ചുവരവിനു സാക്ഷ്യം വഹിച്ചു. എങ്കിലും യുഎസ് ഫ്യുച്ചേഴ്സ് വിപണിയിൽ വലിയ തോതിലുള്ള വിറ്റഴിക്കൽ നടന്നത് ആഗോള വിപണികളെയും സാരമായി ബാധിച്ചു. ഇന്ത്യൻ വിപണി അവസാനിക്കുന്ന സമയത്ത്, ഡൗ ജോൺസ് ഫ്യുച്ചേഴ്സ് 1.72 ശതമാനവും, എസ് ആൻഡ് പി 500 2.15 ശതമാനവും, നാസ്ഡാക് ഫ്യുച്ചേഴ്സ് 2.59 ശതമാനവും ഇടിഞ്ഞിട്ടുണ്ട്.
അമേരിക്കൻ വിപണിയിൽ നിന്നുള്ള ആദ്യ പ്രതികരണം പോസിറ്റീവ് ആയിരുന്നുവെങ്കിലും, പ്രഖ്യാപനത്തിനു ശേഷം രണ്ടു മണിക്കൂർ മാത്രമേ ഇടപാടുകൾ ഉണ്ടായിരുന്നുള്ളു. ഇതിനെ വിപണിയുടെ പ്രതികരണമായി വ്യാഖ്യാനിക്കുന്നത് അപൂർണ്ണമാണ്. കൂടാതെ ജിഡിപി പ്രവചനം 2.8 ശതമാനത്തിൽ നിന്ന് 1.7 ശതമാനമാക്കിയതിനാൽ മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകളും വർധിക്കുന്നു. മാന്ദ്യ സാധ്യത ലഘൂകരിച്ചുള്ള ഒരു ഇടപെടലാണ് യുഎസ് ഫെഡ് നടത്തുന്നതെങ്കിലും, കർക്കശമായ നടപടികൾ സ്വീകരിക്കാതെ പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടാണ്. മാർജിനുകളിലും, മൊത്തത്തിലുള്ള ഡിമാൻഡിലും, വായ്പാ ചെലവിലുമെല്ലാം വലിയ ആഘാതങ്ങളാണ്
ഇതിലൂടെ ഉണ്ടാകുന്നത്," ടെയിൽവിൻഡ് ഫിനാൻഷ്യൽ സർവ്വീസസിന്റെ മാനേജിങ് ഡയറക്ടർ വിവേക് ഗോയൽ പറഞ്ഞു.
സ്വിസ് നാഷണൽ ബാങ്കിന്റെ അപ്രതീക്ഷിതമായ നിരക്കു വർധനവും ആഗോള വിപണികളെ ദുർബലമാക്കി. 15 വർഷത്തിനിടക്ക് ആദ്യമായാണ് സ്വിസ് ബാങ്ക് 50 ബേസിസ് പോയിന്റ് നിരക്ക് വർധിപ്പിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വരാനിരിക്കുന്ന പണനയ പ്രഖ്യാപനത്തെക്കുറിച്ചുള്ള ആശങ്കകളും യൂറോസോൺ നിക്ഷേപകർ വൻതോതിൽ വിറ്റഴിക്കുന്നതിലേക്ക് നയിച്ചു. ജർമനിയുടെ ഡാക്സ്, യുകെ യുടെ എഫ് ടി എസ് ഇ, ഫ്രഞ്ച് സ്റ്റോക്ക് സൂചികയായ സി എ സി 40, യൂറോ സ്റ്റോക്സ് 50 എന്നിവ രണ്ടു ശതമാനത്തിലേറെ ഇടിഞ്ഞു.
ഇന്ന് വ്യാപാരത്തിനെത്തിയ ഓഹരികളിൽ 2,755 എണ്ണം നഷ്ടത്തിലായപ്പോൾ, 620 എണ്ണം ലാഭത്തിൽ അവസാനിച്ചു. സെൻസെക്സിലെ പ്രമുഖ കമ്പനികളിൽ നെസ്‌ലെ മാത്രം 0.30 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ എന്നിവർ യഥാക്രമം 4.37 ശതമാനവും, 6.04 ശതമാനവും നഷ്ടം രേഖപ്പെടുത്തി. എൻ ടി പി സി, കൊടക് ബാങ്ക്, ബജാജ് ഫിനാൻസ്, ഇന്ഡസ്ഇൻഡ് ബാങ്ക്, വിപ്രോ, ഭാരതി എയർടെൽ എന്നിവ 3 ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ത്യയുടെ വോളട്ടിലിറ്റി ഇൻഡക്സ് 3.25 ശതമാനം ഉയർന്ന് 22.87 ശതമാനമായി. ഇത് വിപണിയിലുളള വലിയ അസ്ഥിരതയെ സൂചിപ്പിക്കുന്നു.