10 Jun 2022 3:58 AM IST
Summary
ഏഷ്യന്‍ വിപണികളെല്ലാം ഇന്ന് നഷ്ടത്തിലാണ്. ഷാങ്ഹായ് സൂചികയൊഴികെ മറ്റെല്ലാ പ്രധാന വിപണികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.17 ന് 1.50 ശതമാനം നഷ്ടത്തിലാണ്. അമേരിക്കന്‍ വിപണിയും ഇന്നലെ കാര്യമായി നഷ്ടം രേഖപ്പെടുത്തി. ആഗോള വിപണികളെ ചലിപ്പിക്കാന്‍ പോന്ന പോസിറ്റീവായ ഘടകങ്ങള്‍ തുലോം കുറവാണ്. അതിനാല്‍, ഇന്ത്യന്‍ വിപണിയും ബെയറിഷായി തുടരനാണ് സാധ്യത. ഇന്നലത്തെ അപ്രതീക്ഷിതമായ അവസാനഘട്ടത്തിലെ മുന്നേറ്റത്തെ സഹായിച്ച മ്യൂച്വല്‍ഫണ്ട് നിക്ഷേപ കണക്കുകള്‍ പോലെ വിപണിയെ ഉത്തേജിപ്പിക്കാന്‍ ശേഷിയുള്ള വാര്‍ത്തകളൊന്നും ഇന്ന് […]
ഏഷ്യന്‍ വിപണികളെല്ലാം ഇന്ന് നഷ്ടത്തിലാണ്. ഷാങ്ഹായ് സൂചികയൊഴികെ മറ്റെല്ലാ പ്രധാന വിപണികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.17 ന് 1.50 ശതമാനം നഷ്ടത്തിലാണ്. അമേരിക്കന്‍ വിപണിയും ഇന്നലെ കാര്യമായി നഷ്ടം രേഖപ്പെടുത്തി. ആഗോള വിപണികളെ ചലിപ്പിക്കാന്‍ പോന്ന പോസിറ്റീവായ ഘടകങ്ങള്‍ തുലോം കുറവാണ്. അതിനാല്‍, ഇന്ത്യന്‍ വിപണിയും ബെയറിഷായി തുടരനാണ് സാധ്യത. ഇന്നലത്തെ അപ്രതീക്ഷിതമായ അവസാനഘട്ടത്തിലെ മുന്നേറ്റത്തെ സഹായിച്ച മ്യൂച്വല്‍ഫണ്ട് നിക്ഷേപ കണക്കുകള്‍ പോലെ വിപണിയെ ഉത്തേജിപ്പിക്കാന്‍ ശേഷിയുള്ള വാര്‍ത്തകളൊന്നും ഇന്ന് പുറത്തു വരാനില്ല. ബാങ്ക് വായ്പ-നിക്ഷേപ വളര്‍ച്ചയുടെ കണക്കുകള്‍ ഇന്നു പുറത്തുവരും. എന്നാല്‍, ഇത് എത്രമാത്രം വിപണിയെ സ്വാധീനിക്കുമെന്ന് പറയാനാകില്ല.
ഏഷ്യന്‍-യുഎസ് വിപണികള്‍
ആഗോള സൂചനകള്‍ വിപണിക്ക് പ്രതീക്ഷ നല്‍കുന്നില്ല. ഇന്നലെ, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മീറ്റിംഗിനുശേഷം അവര്‍ പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നത് വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന പരിപാടികളെല്ലാം പിന്‍വലിക്കുകയും അടുത്ത മാസത്തോടെ നിരക്ക് വര്‍ദ്ധന നടപ്പാക്കി തുടങ്ങുകയും ചെയ്യുമെന്നാണ്. സെപ്റ്റംബറില്‍ ഇതിനെക്കാള്‍ ഉയര്‍ന്ന നിരക്കു വര്‍ദ്ധന പ്രതീക്ഷിക്കാമെന്നും അവര്‍ പറയുന്നു. യുഎസ് ഫെഡിന്റെ തീരുമാനം അടുത്തയാഴ്ച്ച പുറത്തുവരും. നിരക്കു വര്‍ദ്ധന ഏറെക്കുറെ ഉറപ്പാണ്. എത്ര ശതമാനം വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ മാത്രമേ സംശയമുള്ളു. ഈ അനിശ്ചിതാവസ്ഥ കാരണം ഇന്നലെയും അമേരിക്കന്‍ വിപണി നഷ്ടത്തില്‍ അവസാനിച്ചു. ഡൗ ജോണ്‍സ് 1.94 ശതമാനം, എസ് ആന്‍ഡ് പി 500 2.38 ശതമാനം, നാസ്ഡാക് 2.75 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഏറ്റവും നിര്‍ണായകമായ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകള്‍ അമേരിക്കയില്‍ ഇന്നു പുറത്തുവരും. എന്നാല്‍, അതിന്റെ സ്വാധീനം ഇന്ത്യന്‍ വിപണിയില്‍ ഇന്നുണ്ടാകാനിടയില്ല.
ക്രൂഡോയില്‍
ഏഷ്യന്‍ വിപണിയില്‍ ക്രൂഡോയില്‍ വില അതിന്റെ മൂന്നുമാസത്തെ ഉയര്‍ന്ന നിരക്കില്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് വില വര്‍ദ്ധിക്കാത്തതിന്റെ പ്രധാനകാരണം ഷാങ്ഹായ് മേഖലയില്‍ പുതുതായി ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളാണ്. ഇത് ചൈനയുടെ ഡിമാന്‍ഡ് സംബന്ധിച്ച ആശങ്കകള്‍ക്ക് വഴിവെച്ചു. എന്നാല്‍, അമേരിക്കന്‍ ഡിമാന്‍ഡ് ഇപ്പോഴും ശക്തമായി നിലനില്‍ക്കുകയാണ്. വിപണിയിലെ വിതരണം വര്‍ദ്ധിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ എണ്ണവില ഏറെക്കുറെ ഒരേ നിലയില്‍ തുടരുകയാണ്. ഇന്ത്യന്‍ രൂപ ഇന്നലെ എട്ടു പൈസ നഷ്ടത്തില്‍ 77.76 ലാണ് ക്ലോസ് ചെയ്തത്. ഉയരുന്ന എണ്ണ വിലയുടെ ഏറ്റവും വലിയ ആഘാതം നേരിടുന്നത് ഇന്ത്യന്‍ കറന്‍സിയാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റ അനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,512.64 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 1,624.9 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.
വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു, "പത്തു വര്‍ഷ അമേരിക്കന്‍ ബോണ്ടുകളുടെ യീല്‍ഡ് 3.05 ശതമാനത്തിലേക്ക് ഉയര്‍ന്നത് സൂചിപ്പിക്കുന്നത് പ്രതീക്ഷിച്ചതിനേക്കാള്‍ മോശമായ പണപ്പെരുപ്പ കണക്കുകളാകും പുറത്തുവരികയെന്നാണ്. ഇത്ര മോശമായ കണക്കുകളാണ് പുറത്തു വരുന്നതെങ്കില്‍ ഓഹരി വിപണികള്‍ക്ക് തിരിച്ചടിയുണ്ടാകും. അങ്ങനെയല്ലെങ്കില്‍ അടുത്തയാഴ്ച്ച വിപണികളുടെ മടങ്ങി വരവ് പ്രതീക്ഷിക്കാം. രൂപയുടെ മൂല്യം തുടര്‍ച്ചയായി കുറയുന്നത് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് സഹായകരമാണ്. റിപ്പോ വര്‍ദ്ധനയ്ക്കു പിന്നാലെ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തിയത് വരും പാദങ്ങളില്‍ അവരുടെ ലാഭക്കണക്കുകളില്‍ വര്‍ദ്ധനവുണ്ടാക്കും. മധ്യകാലത്തേക്ക്, മികച്ച ഐടി-ബാങ്കിംഗ് ഓഹരികള്‍ വാങ്ങുന്നത് ഗുണം ചെയ്യും."
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,795 രൂപ (ജൂണ്‍ 10)
ഒരു ഡോളറിന് 77.74 രൂപ (ജൂണ്‍ 10)
ബ്രെന്റ് ക്രൂഡ് ബാരലിന് 122.13 ഡോളര്‍ (8.32 am)
ഒരു ബിറ്റ് കോയിന്റെ വില 24,71,247 രൂപ (8.32 am)