7 Jun 2022 8:25 AM GMT
Summary
വിപണി തുടർച്ചയായ മൂന്നാം ദിവസവും നഷ്ടത്തിൽ അവസാനിച്ചു. ആർബിഐ യുടെ പണനയ തീരുമാനങ്ങൾ വരുന്നതിനു മുന്നോടിയായി നിക്ഷേപകർ കൂടുതൽ ആശങ്കാകുലരായതാണ് ഇതിനു പ്രധാന കാരണം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാവുന്ന തുടർച്ചയായ വർധനവും, പണപ്പെരുപ്പ ഭീതിയിൽ യൂറോപ്യൻ ഓഹരികളിലുണ്ടായ തകർച്ചയും ആഭ്യന്തര വിപണിയെ സാരമായി ബാധിച്ചു. സെൻസെക്സ് 567.98 പോയിന്റ് (1.02 ശതമാനം) താഴ്ന്ന് 55,107.34 ൽ അവസാനിച്ചപ്പോൾ, നിഫ്റ്റി 153.20 പോയിന്റ് (0.92 ശതമാനം) താഴ്ന്ന് 16,416.35 ലാണ് വ്യാപാരം അവസാനിച്ചത്. റീപ്പോ റേറ്റിൽ […]
വിപണി തുടർച്ചയായ മൂന്നാം ദിവസവും നഷ്ടത്തിൽ അവസാനിച്ചു. ആർബിഐ യുടെ പണനയ തീരുമാനങ്ങൾ വരുന്നതിനു മുന്നോടിയായി നിക്ഷേപകർ കൂടുതൽ ആശങ്കാകുലരായതാണ് ഇതിനു പ്രധാന കാരണം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാവുന്ന തുടർച്ചയായ വർധനവും, പണപ്പെരുപ്പ ഭീതിയിൽ യൂറോപ്യൻ ഓഹരികളിലുണ്ടായ തകർച്ചയും ആഭ്യന്തര വിപണിയെ സാരമായി ബാധിച്ചു.
സെൻസെക്സ് 567.98 പോയിന്റ് (1.02 ശതമാനം) താഴ്ന്ന് 55,107.34 ൽ അവസാനിച്ചപ്പോൾ, നിഫ്റ്റി 153.20 പോയിന്റ് (0.92 ശതമാനം) താഴ്ന്ന് 16,416.35 ലാണ് വ്യാപാരം അവസാനിച്ചത്.
റീപ്പോ റേറ്റിൽ 40-50 ബേസിസ് പോയിന്റ് വർദ്ധനവ് ഉണ്ടാകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. എങ്കിലും, കുതിച്ചുയരുന്ന എണ്ണവില മൂലം വലിയൊരു വർദ്ധനവ് റീപ്പോ റേറ്റിൽ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിപണി വിദഗ്ദർ വിശ്വസിക്കുന്നത്. എണ്ണവില വർദ്ധന പണപ്പെരുപ്പം ഉയരുന്നതിനും കാരണമായേക്കാം. എണ്ണവിലയിലുള്ള കുതിപ്പ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചക്ക് ആക്കം കൂട്ടുമെന്നതിനാൽ വ്യാപാരക്കമ്മിക്കും സാധ്യത വർധിക്കുന്നു.
“എംപിസി മീറ്റിംഗിലെ നിരക്കു വർധന ഒരു യാഥാർത്ഥ്യമാണ്, വർധനയുടെ അളവിൽ അഭിപ്രായവ്യതാസം ഉണ്ടെങ്കിൽ കൂടിയും. മെയ് മാസത്തിൽ സിആർആർ വർധയോടൊപ്പം 40 ബേസിസ് പോയിന്റ് വർധിപ്പിച്ചതും, വർദ്ധിച്ചുവരുന്ന യഥാർത്ഥ നിരക്ക് വിടവ് നികത്താനും പണപ്പെരുപ്പ ആശങ്കകൾ നിയന്ത്രിക്കാനുമുള്ള എംപിസിയുടെ താൽപ്പര്യത്തിന് അടിവരയിടുന്നു. ഈ ആഴ്ചയിൽ റീപ്പോ റേറ്റിൽ 50 ബേസിസ് പോയിന്റ് വർധിപ്പിച്ച് 4.9 ശതമാനവും, ഓഗസ്റ്റിൽ 25 ബേസിസ് പോയിന്റ് വർധിപ്പിച്ചു കോവിഡിനു മുൻപുണ്ടായിരുന്ന 5.15 ശതമാനത്തിലേക്ക് എത്തിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. തുടർന്നും സിആർആർ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഇതിലൂടെ ലിക്യുഡിറ്റി സർപ്ലസ് നിയന്ത്രിക്കാനും, തീരുമാനങ്ങൾ ഫലപ്രദമായി നടപ്പാക്കാനും സാധിക്കും," ഡിബിഎസ് ഗ്രൂപ്പ് റിസർച്ച് സീനിയർ എക്കണോമിസ്റ്റ് രാധിക റാവു പറഞ്ഞു.
ഓയിൽ & ഗ്യാസ് മേഖലയിലെ ഓഹരികളൊഴിച്ച് മറ്റെല്ലാ വിഭാഗങ്ങളും നഷ്ടത്തിൽ അവസാനിച്ചു. റിയൽറ്റി, ഐടി, ക്യാപിറ്റൽ ഗുഡ്സ്, കൺസ്യുമർ ഗുഡ്‌സ് എന്നിവ ഒരു ശതമാനത്തിലേറെ ഇടിഞ്ഞു. ഓയിൽ & ഗ്യാസ് സൂചിക നേട്ടത്തിൽ അവസാനിച്ചു. ഇതിനു കാരണം 5 ശതമാനം നേട്ടത്തോടെ ഒഎൻജിസി മുന്നേറിയതാണ്. കൂടാതെ, ഗെയിലും 1.92 ശതമാനം നേട്ടം കൈവരിച്ചു. എണ്ണ വില ഉയരുന്നത് അവരുടെ ലാഭക്ഷമത കൂട്ടുമെന്നതിനാലാണ് വിപണിയിൽ നേട്ടമുണ്ടായത്. ക്രൂഡ് ഓയിൽ വിലയിൽ ബാരലിന് ഓരോ ഡോളർ കൂടുമ്പോഴും ഈ കമ്പനികളുടെ ഇപിഎസ് (earnings per share) 2-4 ശതമാനം വർദ്ധിക്കുന്നതായി കാണുന്നുണ്ട്.
“ആര്‍ബിഐയുടെ നയ പ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള വിപണിയിലെ അസ്ഥിരത നിക്ഷേപകരെ വിപണിയില്‍ നിന്നും അകറ്റി നിര്‍ത്തി. റിപ്പോ നിരക്കിലും, സിആര്‍ആര്‍ ലും 50 ബേസിസ് പോയിന്റ് ഉയർച്ച ഉണ്ടാകുമെന്നു വിപണി കണക്കാക്കുന്നു. എന്നാല്‍ പണപ്പെരുപ്പം തുടരുന്നതിനാല്‍ പണലഭ്യത തടയുന്നതിനുള്ള കൂടുതല്‍ കര്‍ശനമായ നടപടികള്‍ കൈക്കൊണ്ടാൽ അത് വിപണിയെ ബാധിക്കും. പണപരമായ നടപടികള്‍ക്ക് പുറമെ, വളര്‍ച്ചയെയും പണപ്പെരുപ്പ പ്രവചനത്തെയും കുറിച്ചുള്ള ആര്‍ബിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശവും വിപണിയുടെ തുടർന്നുള്ള പ്രവണതയെ നിര്‍ണ്ണയിക്കും," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസേര്‍ച്ച് മേധാവി വിനോദ് നായര്‍ പറഞ്ഞു.
ബിഎസ്ഇ യിൽ ഇന്ന് വ്യാപാരത്തിനെത്തിയ ഓഹരികളിൽ 2,011 എണ്ണം നഷ്ടത്തിലായപ്പോൾ, 1,286 എണ്ണം ലാഭത്തിൽ അവസാനിച്ചു.