26 March 2024 7:17 AM GMT
വിശുദ്ധ റമദാന്‍ മാസം തുടരുമ്പോള്‍,യുഎഇയിലെ ചില്ലറവ്യാപാരമേഖല കുതിപ്പില്‍. പുതിയ ബ്രാന്‍ഡുകള്‍ കണ്ടെത്തുന്നതിന് മാത്രമല്ല, ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുമുള്ള സമയമാണിത്. റമദാന്‍ ആഘോഷങ്ങള്‍, സമ്മാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഉല്‍പ്പന്ന വിഭാഗങ്ങളിലുടനീളം വിൽപ്പനയിൽ ഗണ്യമായ വര്‍ദ്ധനവ് ഈ മാസം ഉണ്ടാകും. ഈ കാലയളവില്‍ ചില്ലറ വ്യാപാരികള്‍ പരമാവധി വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി ശ്രമിക്കുന്നു. ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് വിപണന തന്ത്രങ്ങള്‍ റീട്ടെയ്‌ലര്‍മാര്‍ ക്രമീകരിക്കുന്നു.
ഈ വര്‍ഷം മൊബൈലുകള്‍, ടിവികള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ ഞങ്ങളുടെ എല്ലാ പ്രധാന ഉല്‍പ്പന്ന വിഭാഗങ്ങളിലും ശക്തമായ റമദാന്‍ വില്‍പ്പന പ്രതീക്ഷിക്കുന്നു. വിപണിയിലെ ഫീഡ്ബാക്കും ഈയിടെ അവതരിപ്പിച്ച ചില നൂതന ഓഫറുകളോടുള്ള ഉപഭോക്തൃ പ്രതികരണവും വളരെയധികം പോസിറ്റീവ് ആണ്, ഇത് റമദാന്‍ സീസണിലെ വില്‍പ്പനയ്ക്ക് ശുഭപ്രതീക്ഷയേകുന്നതായി സാംസങ് ഗള്‍ഫ് ഇലക്ട്രോണിക്സിലെ ഡയറക്ട്-ടു-കണ്‍സ്യൂമര്‍ ബിസിനസ് ആൻറ് കോര്‍പ്പറേറ്റ് മാര്‍ക്കറ്റിംഗ് മേധാവി ഷാഫി ആലം പറഞ്ഞു.
ഏറ്റവും ആകര്‍ഷകമായ ഓഫറുകള്‍ കണ്ടെത്തുന്നതിനുള്ള ഉചിതമായ സമയം റമദാന്‍ ആണെന്ന് 86 ശതമാനം പ്രാദേശിക ഉപഭോക്താക്കളും വിശ്വസിക്കുന്നതായി ഗൂഗിള്‍ നടത്തിയ ഒരു സര്‍വേ വ്യക്തമാക്കുന്നു. 2023 ല്‍ 64 ശതമാനം താമസക്കാര്‍ കൂടുതല്‍ ചെലവഴിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് റമദാനിലെ കച്ചവടം ഇത്തവണയും പൊടിപൊടിക്കുമെന്ന സൂചനയാണ് നല്‍കുന്നതെന്ന് ജിഎംജി റീട്ടെയ്ല്‍ പ്രസിഡന്റ് മാര്‍ക് ലോറെന്റ് പറഞ്ഞു.
കൂടാതെ, റമദാനില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പരീക്ഷിക്കുന്നതിനും പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കുന്നതിനും ഉപഭോക്താക്കള്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നു. മിഡില്‍ ഈസ്റ്റില്‍ പ്രതികരിച്ചവരില്‍ 78 ശതമാനം പേരും തങ്ങളുടെ റമദാന്‍ ഷോപ്പിംഗ് സമയത്ത് പുതിയ ബ്രാന്‍ഡുകള്‍ പരീക്ഷിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി ഗവേഷണങ്ങള്‍ കാണിക്കുന്നു. ഈ മാസത്തില്‍ ആവശ്യക്കാര്‍ ഏറെയുള്ള പ്രധാന ഇനങ്ങളില്‍ ഒന്നാണ് ആരോഗ്യ സംരക്ഷണം നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍. 2024-ലെ റമദാന്‍ ഷോപ്പിംഗ് ഇന്‍സൈറ്റ്‌സ് റിപ്പോര്‍ട്ടിലേക്കുള്ള യൂഗോവ് ഗൈഡ് അനുസരിച്ച്, 29 ശതമാനം യുഎഇ ഉപഭോക്താക്കളും ഈ വര്‍ഷം വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ പരീക്ഷിക്കാന്‍ താത്പര്യപ്പെടുന്നു. കോവിഡിന് ശേഷമുള്ള കാലഘട്ടത്തില്‍ ക്ഷേമത്തിന് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. വ്രതാനുഷ്ഠാനം നടത്തുന്നതിനാല്‍ റമദാനില്‍ ആരോഗ്യപരിരക്ഷ അത്യാവശ്യമാണ്. ഇത് ഫിറ്റ്‌നസ് ഉല്‍പ്പന്നങ്ങളുടെ വാങ്ങലുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നതായി ലോറന്റ് പറഞ്ഞു
വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പവും ആഗോള അനിശ്ചിതത്വവും കാരണം, പ്രാദേശിക ഉപഭോക്താക്കള്‍ (പത്തില്‍ മൂന്ന് പേര്‍) വിലകുറഞ്ഞ ബ്രാന്‍ഡുകളിലേക്കോ ചില്ലറ വ്യാപാരികളിലേക്കോ മാറുന്നു, പ്രത്യേകിച്ച് ഭക്ഷണം, പലചരക്ക് മേഖലയില്‍.
ഇതൊക്കെയാണെങ്കിലും, ചില്ലറ വ്യാപാരികള്‍ ഉപഭോക്താക്കളുടെ ചെലവ് ബജറ്റില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു. സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും, പ്രതിരോധശേഷിയുള്ള ജിസിസി സമ്പദ് വ്യവസ്ഥ ഉപഭോക്തൃ ആത്മവിശ്വാസം വളര്‍ത്തുന്നു. ഉയര്‍ന്ന ഗുണമേന്മയുള്ളതും വിശ്വസനീയവും ബ്രാന്‍ഡുകളില്‍ നിന്നുള്ള വാങ്ങലുകള്‍ക്ക് ഷോപ്പര്‍മാര്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നതിനാല്‍ പ്രീമിയം സെഗ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
2024-ലെ റമദാന്‍ ഷോപ്പിംഗ് സ്ഥിതിവിവരക്കണക്കുകളുടെ റിപ്പോര്‍ട്ട് അനുസരിച്ച്, യു.എ.ഇയിലെ 40 ശതമാനം ഉപഭോക്താക്കളും ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നു. 24 ശതമാനം ആളുകള്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ സമന്വയിപ്പിക്കുന്ന ഉപകരണങ്ങള്‍ക്കായി തിരയുന്നു.
മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഡിജിറ്റല്‍ ഗിഫ്റ്റ് കാര്‍ഡ് കമ്പനിയായ YOUGotaGift.com, 2022നും 2023-നും ഇടയില്‍ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്ന HappyYOU Ediya കാര്‍ഡിലൂടെ റമദാന്‍, ഈദ് സീസണുകളില്‍ വില്‍പ്പനയില്‍ 100 ശതമാനം വര്‍ധനവ് ഉണ്ടായി.