image

11 Dec 2023 1:30 PM GMT

Agriculture

ജനുവരിയോടെ ഉള്ളിവില 40 രൂപയാകും; നിരോധനം ബാധിക്കില്ല: സര്‍ക്കാര്‍

MyFin Desk

ഉള്ളിവില കിലോഗ്രാമിന് 57.02 രൂപയില്‍ നിന്ന് ജനുവരിയോടെ 40 രൂപയില്‍ താഴെയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞയാഴ്ച, ഉള്ളിയുടെ ചില്ലറവില്‍പ്പന നിരക്ക് രാജ്യതലസ്ഥാനത്ത് ഉയര്‍ന്നതിനെത്തുടര്‍ന്ന് അടുത്തവര്‍ഷം മാര്‍ച്ച് വരെ ഉല്‍പ്പന്നത്തിന്റെ കയറ്റുമതി നിരോധിച്ചിരുന്നു.

ഉള്ളിയുടെ വില എപ്പോള്‍കുറയുമെന്ന ചോദ്യത്തിന്, ജനുവരിയോടെ 40 രൂപയില്‍ താഴെയാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് അറിയിച്ചു.

'മുമ്പ് ഉള്ളി കിലോയ്ക്ക് നൂറുരൂപ കടക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അത് ഒരിക്കലും കിലോയ്ക്ക് 60 രൂപ കടക്കില്ലെന്ന് ഞങ്ങള്‍ പറഞ്ഞു. ഇന്ന് രാവിലെ ഒരു കിലോയ്ക്ക് 57.02 രൂപയായിരുന്നു, അത് കിലോയ്ക്ക് 60 രൂപ കടക്കില്ല,' സിംഗ് പറഞ്ഞു.

കയറ്റുമതി നിരോധനം കര്‍ഷകരെ ബാധിക്കില്ല, ഇന്ത്യന്‍, ബംഗ്ലാദേശ് വിപണികളിലെ വില വ്യത്യാസം മുതലെടുക്കുന്നത് ഒരു ചെറിയ കൂട്ടം വ്യാപാരികളാണ്. 'അവര്‍ക്ക് മാത്രമാണ് (വ്യത്യസ്ത വില ചൂഷണം ചെയ്യുന്ന വ്യാപാരികള്‍) നേട്ടം നഷ്ടപ്പെടുന്നത്. നേട്ടം ഇന്ത്യന്‍ ഉപഭോക്താവിനാണ്, അദ്ദേഹം പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ ഒന്നിനും ഓഗസ്റ്റ് നാലിനുമിടയില്‍ 9.75 ലക്ഷം ടണ്‍ ഉള്ളിയാണ് രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളി ഇന്ത്യയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ആദ്യ മൂന്ന് രാജ്യങ്ങള്‍ ബംഗ്ലാദേശ്, മലേഷ്യ, യുഎഇ എന്നിവയാണ്.

കര്‍ഷകര്‍ മുംബൈ-ആഗ്ര ദേശീയ പാത ഉപരോധം നടത്തി.

ഖാരിഫ് സീസണില്‍ ഉള്ളി ഉല്‍പ്പാദനത്തില്‍ കുറവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഉള്ളി വില കുതിച്ചുയരാന്‍ തുടങ്ങിയത്.

കയറ്റുമതി നിരോധിക്കുന്നതിന് മുമ്പ്, ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ചില്ലറ വിപണിയില്‍ ഒരു കിലോയ്ക്ക് 25 രൂപ സബ്സിഡി നിരക്കില്‍ ബഫര്‍ ഉള്ളി സ്റ്റോക്ക് വില്‍പന വര്‍ധിപ്പിക്കാന്‍ കേന്ദ്രം ഒക്ടോബറില്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 28 മുതല്‍ ഡിസംബര്‍ 31 വരെ ഉള്ളി കയറ്റുമതിയില്‍ ടണ്ണിന് 800 ഡോളര്‍ എന്ന മിനിമം കയറ്റുമതി വില (എംഇപി) ചുമത്തി.

കൂടാതെ, ഓഗസ്റ്റില്‍, ഡിസംബര്‍ 31 വരെ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്തി.

അതേസമയം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തിങ്കളാഴ്ച മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ ഉള്ളി കര്‍ഷകരുടെ പ്രതിഷേധത്തില്‍ പങ്കുചേരുകയും ഉല്‍പ്പന്നത്തിന്റെ നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

2024 മാര്‍ച്ച് 31 വരെ ഉള്ളി കയറ്റുമതി നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ നിരവധി കര്‍ഷകര്‍ മുംബൈ-ആഗ്ര ദേശീയ പാതയില്‍ 'റാസ്ത റോക്കോ' (റോഡ് ഉപരോധം) നടത്തി.

നാസിക്കിലെ ചന്ദ്വാഡ് ഗ്രാമത്തില്‍ ഉള്ളി കര്‍ഷകരെ അഭിസംബോധന ചെയ്ത പവാര്‍, കര്‍ഷകരുടെ കഠിനാധ്വാനത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും കര്‍ഷകര്‍ ഒന്നിച്ച് അവരുടെ അവകാശങ്ങള്‍ ആവശ്യപ്പെടണമെന്നും പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തില്‍ വിഷയം ഉന്നയിക്കുമെന്നും പവാര്‍ അറിയിച്ചു. കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാനത്തിനും കേന്ദ്ര സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈ-ആഗ്ര ദേശീയപാതയിലെ ഒരു കവലയില്‍ നടന്ന സമരത്തില്‍ എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന (യുബിടി), സിപിഎം, തുടങ്ങി വിവിധ കര്‍ഷക സംഘടനകളുടെ നിരവധി പ്രവര്‍ത്തകരും പങ്കെടുത്തു.

കാലവര്‍ഷക്കെടുതിയും ആലിപ്പഴ വര്‍ഷവും മൂലം കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. ഉള്ളി, മുന്തിരി കര്‍ഷകര്‍ ഇതിനകം തന്നെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഉള്ളിയുടെ കയറ്റുമതി നിരോധനം അവരുടെ ബുദ്ധിമുട്ട് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് കര്‍ഷക വിരുദ്ധ നയങ്ങളാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.