19 March 2023 6:17 AM GMT
പുതിയ സാമ്പത്തിക വര്‍ഷം: നികുതിയില്‍ എന്തൊക്കെ മാറ്റങ്ങള്‍? അറിയേണ്ടതെല്ലാം
Special Reporter
Summary
- പ്രധാന മേഖല ആദായ നികുതി തന്നെ
- പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ബാധകമാകുന്ന നിരവധി നികുതി മാറ്റങ്ങളുണ്ട്
പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ മാറ്റങ്ങളുണ്ടാകുന്ന പ്രധാന മേഖല ആദായ നികുതി തന്നെയാണ്. ഇക്കഴിഞ്ഞ ബജറ്റിലെ പുതിയ നികുതി വ്യവസ്ഥയിലെ പ്രഖ്യാപനം വഴി 7 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി നല്‍കേണ്ടതില്ല. 87എ പ്രകാരം നേരത്തെ നല്‍കിയിരുന്ന 12,500 രൂപ റിബേറ്റ് 25,000 രൂപയാക്കി വര്‍ധിപ്പിക്കുയും പുതിയ നികുതി വ്യവസ്ഥയ്ക്ക് ബാധകാക്കുകയും ചെയ്തതോടെയാണ് നികുതി നല്‍കേണ്ടാത്ത വരുമാന പരിധി 7 ലക്ഷമായത്. ഇതോടൊപ്പം പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ബാധകമാകുന്ന നിരവധി നികുതി മാറ്റങ്ങളുണ്ട്. ഇതിലേക്ക കണ്ണോടിക്കാം.
ടിഡിഎസ് ഈടാക്കില്ല
ശമ്പള വരുമാനമുള്ള നികുതിദായകരില്‍ നിന്ന് ഈടാക്കുന്ന ടിഡിഎസില്‍ പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ കുറവുണ്ടായിരിക്കും. 7 ലക്ഷം രൂപയ്ക്ക് താഴെ നികുതിബാധക വരുമാനം ഉള്ളവരും പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവരുമാകുമ്പോള്‍ ആദായനികുതി നിയമം 87എ പ്രകാരം നല്‍കിയിട്ടുള്ള അധിക റിബേറ്റ് കാരണം ടിഡിഎസ് കുറയ്ക്കില്ല.
സര്‍ചാര്‍ജ് കുറയും
നികുതി അടയ്ക്കേണ്ട വരുമാനം 5 കോടി രൂപയില്‍ കൂടുതലുള്ള വ്യക്തികള്‍ക്ക് പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ ബാധകമായ സര്‍ചാര്‍ജ് 37 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറയും.
ലിസ്റ്റഡ് സെക്യൂരിറ്റികള്‍ക്ക് ടിഡിഎസ്
ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 193 പ്രകാരം ചില സെക്യൂരിറ്റികളുടെ പലിശ വരുമാനത്തില്‍ നിന്ന് ടിഡിഎസ് ഈടാക്കുന്നതിന് ഇളവ് നല്‍കുന്നു. കമ്പനിയുടെ ലിസ്റ്റ് ചെയ്ത ഡീമെറ്റിരിയലൈസ്ഡ് രൂപത്തിലുള്ള സെക്യൂരിറ്റികളില്‍ നിന്ന് ലഭിക്കുന്ന പലിശ പലിശ വരുമാനത്തില്‍ നിന്ന് നിലവില്‍ നികുതി കുറയ്ക്കുന്നില്ല. ഏപ്രില്‍ മുതല്‍ ഇത്തരം സെക്യൂരിറ്റികളില്‍ നിന്ന് ലഭിക്കുന്ന എല്ലാ പലിശ വരുമാനത്തിനും 10 ശതമാനം ടിഡിഎസ് കുറയ്ക്കും.
ഗെയിം സമ്മാനത്തിന് ടിഡിഎസ്
ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്നുള്ള സമ്മാനങ്ങള്‍ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 115 ബിബിജെ പ്രകാരം ടിഡിഎസ് ഈടാക്കും. സമ്മാനതുകയ്ക്ക് 30 ശതമാനം ടിഡിഎസ് ആണ് ഈടാക്കേണ്ടത്. വിജയിക്ക് ഉറവിടത്തില്‍ നിന്ന് നികുതി കുറച്ചാണ് തുക അനുവദിക്കുക.
സെക്ഷന്‍ 54
പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 54, സെക്ഷന്‍ 54 എഫ് പ്രകാരം 10 കോടി രൂപ വരെയുള്ള മൂലനേട്ടങ്ങള്‍ മാത്രമേ ഇളവ് ലഭിക്കുകയുള്ളൂ. ബാക്കിയുള്ള മൂലധന നേട്ടത്തിന്, 10 കോടി രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് ഇന്‍ഡക്സേഷന്‍ സഹിതം 20 ശതമാനം നികുതി ചുമത്തും.
റെസിഡന്‍ഷ്യല്‍ ഹൗസ് വില്‍ക്കുകയും വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് മറ്റൊരു റെസിഡന്‍ഷ്യല്‍ ഹൗസ് സ്വന്തമാക്കുകയും ചെയ്യുന്നവര്‍ക്കാണ് സെക്ഷന്‍ 54 പ്രകാരമുള്ള നികുതി ഇളവ് ലഭിക്കുന്നത്. താമസ സ്ഥലം ഒഴികെയുള്ള മൂലധന ആസ്തി വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന ദീര്‍ഘകാല മൂലധന നേട്ടത്തിനാണ് സെക്ഷന്‍ 54എഫ് പ്രകാരമുള്ള നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്.