image

4 April 2023 5:54 AM GMT

Income Tax

പ്രത്യക്ഷ നികുതി വരുമാനത്തില്‍ 20% വര്‍ധന; ലക്‌ഷ്യം മറികടന്നു

MyFin Bureau

direct tax collection in 2022-23 rose
X

Summary

  • 2022-23-ല്‍ പ്രത്യക്ഷ നികുതിയായി സമാഹരിച്ചത് 19.68 ലക്ഷം കോടി രൂപ.
  • വ്യക്തിഗത ആദായ നികുതി കളക്ഷൻ 24.23 ശതമാനം ഉയർന്ന് 9.60 ലക്ഷം കോടി രൂപയായി.


ന്യൂഡെല്‍ഹി: ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനത്തിലുണ്ടായത് 20 ശതമാനത്തിന്‍റെ വര്‍ധന. 19.68 ലക്ഷം കോടി രൂപയാണ് 2022-23 വര്‍ഷത്തില്‍ പ്രത്യക്ഷ നികുതി വരുമാനമായി സമാഹരിക്കാനായത്. ഫെബ്രുവരി 1ന് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന പുതുക്കിയ സമാഹരണ ലക്ഷ്യത്തേക്കാള്‍ കൂടുതലാണിത്.

റീഫണ്ടുകള്‍ ക്രമീകരിച്ചതിനു ശേഷം, വ്യക്തികളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍‍ നിന്നും സമാഹരിക്കാനായ അറ്റ ആദായ നികുതി 18 ശതമാനത്തിന്‍റെ വര്‍ധന പ്രകടമാക്കി 16.61 ലക്ഷം കോടി രൂപയിലെത്തി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ 14.20 ലക്ഷം കോടി രൂപയുടെ സമാഹരണ ലക്ഷ്യമാണ് പ്രഖ്യാപിച്ചിരുന്നത്. പുതുക്കിയ എസ്റ്റിമേറ്റില്‍ പിന്നീടത് 16.50 ലക്ഷം കോടിയാക്കി. ഏപ്രില്‍ 1ന് ആരംഭിച്ച 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പ്രത്യക്ഷ നികുതി ഇനത്തില്‍ 18.23 ലക്ഷം കോടി രൂപ സമാഹരിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യം നിശ്ചയിച്ചിട്ടുള്ളത്.

"2022-23 സാമ്പത്തിക വർഷത്തെ പ്രത്യക്ഷ നികുതികളുടെ മൊത്ത ശേഖരണം (റീഫണ്ടിനായി ക്രമീകരിക്കുന്നതിന് മുമ്പ്) 19.68 ലക്ഷം കോടി രൂപയാണ്. 20.33 ശതമാനത്തിന്‍റെ വര്‍ധന," ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 2021-22 സാമ്പത്തിക വർഷത്തേക്കാൾ 37 ശതമാനം വർധനവോടെ 3.07 ലക്ഷം കോടി രൂപയുടെ റീഫണ്ടുകൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇഷ്യൂ ചെയ്തു.

മൊത്തം കോർപ്പറേറ്റ് നികുതി പിരിവ് 16.91 ശതമാനം വർധിച്ച് 10.04 ലക്ഷം കോടി രൂപയായി. മൊത്തം വ്യക്തിഗത ആദായ നികുതി കളക്ഷൻ 24.23 ശതമാനം ഉയർന്ന് 9.60 ലക്ഷം കോടി രൂപയായി.

കോവിഡ് 19 മഹാമാരിയില്‍ നിന്നുള്ള തിരിച്ചുവരവിന്‍റെയും സാമ്പത്തിക പരിഷ്കാരങ്ങളുടെയും ഭാഗമായി ബിസിനസ് പ്രകടത്തിലുണ്ടാകുന്ന മെച്ചപ്പെടലിന്‍റെ പ്രതിഫലമായാണ് പ്രത്യക്ഷ നികുതി വരുമാനത്തിലുണ്ടായ വര്‍ധനയെ വിലയിരുത്തുന്നതെന്ന് ഡെലോയ്റ്റ് ഇന്ത്യ ടാക്സ് പ്രസിഡന്‍റ് ഗോകുള്‍ ചൌധരി വിലയിരുത്തുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആദായനികുതി നിയമത്തിലും പോർട്ടലിലും കാര്യമായ പുതുക്കിപ്പണിയലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതും നികുതി വരുമാനത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്നും ടാക്സ് കണക്റ്റ് അഡ്വൈസറി, പാര്‍ട്‍ണര്‍ വിവേക് ജലൻ പറഞ്ഞു. ഉറവിടത്തില്‍ നിന്നു തന്നെയുള്ള നികുതി സമാഹരണത്തിന്‍റെ വിപുലീകരണം ഇടപാടുകള്‍ ട്രാക്ക് ചെയ്യുന്നത് എളുപ്പമാക്കിയെന്നും ഇത് കളക്ഷനില്‍ കാര്യമായ നേട്ടത്തിനിടയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.