29 Jun 2023 7:50 AM GMT
Summary
- ബ്രെന്‍ഡ് ക്രൂഡിന് വില ഉയർന്നെങ്കിലും ഇതുവരെ സാരമായി ബാധിച്ചില്ല
റഷ്യയില്‍ പ്രസിഡന്റ് പുടിനെതിരേ വാഗ്നര്‍ ഗ്രൂപ്പ് രംഗത്തെത്തിയത് ഓഹരി വിപണിയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല. എന്നാലിത് അസംസ്‌കൃത എണ്ണവിലയില്‍ വര്‍ധനയ്ക്ക് ഇടയാക്കുമെന്ന് ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ് സിഇഒ രാംകി (രാമകൃഷ്ണന്‍) പറയുന്നു. ലോകത്തെ രണ്ടാമത്തെ അസംസ്‌കൃത എണ്ണ ഉല്‍പാദക രാജ്യമാണ് റഷ്യ എന്നതാണ് കാരണം. അതേസമയം റഷ്യയിലെ അട്ടിമറി സാധ്യത ഇല്ലാതായതും പ്രശ്‌നം പരിഹരിക്കപ്പെട്ടതും ശുഭസൂചനയാണ്. എങ്കിലും ഭാവിയില്‍ പ്രതിസന്ധി ഉണ്ടാകാമെന്ന ഒരു മുന്നറിയിപ്പ് അതു നല്‍കുന്നുണ്ട്.
സ്വര്‍ണ വില ഉയരും
സ്വര്‍ണവില ഉയരാനും റഷ്യന്‍ വിഷയം ഇടയാക്കിയേക്കും. റഷ്യ-ഉക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതോടെ സ്വര്‍ണവില വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഉക്രൈന്‍ യുദ്ധത്തോടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍, ഇന്ത്യക്ക് കുറഞ്ഞ വിലയില്‍ റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാനാകുന്നുണ്ട്. റഷ്യയില്‍ ഭരണമാറ്റമുണ്ടായാല്‍ ഇത് നഷ്ടമാകുമോ എന്ന ആശങ്കയാണുള്ളതെന്നും രാംകി അഭിപ്രായപ്പെട്ടു.
ബ്രെന്‍ഡ് ക്രൂഡ് വില 74ല്‍
ഞായറാഴ്ച ബ്രെന്‍ഡ് ക്രൂഡ് ഓയിലിന് വില 1.3% ഉയര്‍ന്ന് ബാരലിന് 74.80 ഡോളറിലെത്തി. യു.എസിലെ പടിഞ്ഞാറന്‍ ടെക്‌സാസില്‍ അസംസ്‌കൃത എണ്ണവില 1.3% ഉയര്‍ന്ന് ബാരലിന് 70.04 ആയി. തിങ്കളാഴ്ച രാവിലെ വരെ വിലവര്‍ധന തുടര്‍ന്നു. അട്ടിമറിനീക്കം ഇല്ലാതായതോടെയാണ് വിപണി സ്ഥിരത നേടിയത്.
റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ കയറ്റുമതിയെ ആ രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ബാധിക്കുമോയെന്നാണ് വിപണി ഉറ്റുനോക്കുന്നത്. ഭീഷണി ഒഴിവായതോടെ തിങ്കളാഴ്ച അസംസ്‌കൃത എണ്ണവില 0.5% മാത്രമാണ് ഉയര്‍ന്നത്, ബാരലിന് 74.18 ഡോളര്‍. കഴിഞ്ഞാഴ്ച വില 77 ഡോളര്‍ വരെ എത്തിയിരുന്നു എന്നതിനാല്‍ റഷ്യയിലെ പ്രശ്‌നങ്ങള്‍ വിപണിയെ ബാധിച്ചില്ലെന്നു പറയാം.
ആശങ്ക നിലനില്‍ക്കുന്നു
റഷ്യന്‍ സംഭവവികാസങ്ങള്‍ വിപണിയെ ബാധിച്ചില്ലെങ്കിലും നിക്ഷേപകര്‍ക്ക് റഷ്യയിലുള്ള ആത്മവിശ്വാസം കുറഞ്ഞതായി പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ടി.സി മാത്യു പറയുന്നു. വാഗ്‍നര്‍ കൂലിപ്പട എതിരായി മാറിയതോടെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ശക്തി കുറഞ്ഞുവെന്നാണ് വിലയിരുത്തല്‍. 25,000 മാത്രം അംഗബലമുള്ള കൂലിപ്പടയ്ക്ക് പുടിനെ വിറപ്പിക്കാമെങ്കില്‍ ഭാവിയില്‍ ഔദ്യോഗിക സൈന്യത്തിലെ ഒരുവിഭാഗവും അദ്ദേഹത്തിനെതിരേ ഏതു നിമിഷവും തിരിയാം. ആണവശക്തിയായ ഒരു രാജ്യത്ത് അട്ടിമറി സാധ്യത നിലനില്‍ക്കുന്നുവെന്നത് ആഗോള വിപണിക്ക് ഭീഷണിയാണ്. ഈയൊരു ആശങ്ക വിപണിക്ക് ഗുണകരമല്ല- ടി.സി മാത്യു ചൂണ്ടിക്കാട്ടി.
ഉക്രൈന്‍ യുദ്ധം അവസാനിച്ചേക്കാം
അതേസമയം വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ ബെലാറസിലേക്ക് നാടുവിട്ടപ്പോള്‍ കൂടെ തന്‍റെ സേനയെയും കൊണ്ടുപോകാതിരുന്നത് നല്ല കാര്യമായാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഈ കൂലിപ്പടയെ റഷ്യന്‍ സേനയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇത് ഉക്രൈന്‍ സംഘര്‍ഷത്തിന്റെ അന്ത്യത്തിന് തുടക്കം കുറിക്കുമെന്നും വിലയിരുത്തലുണ്ട്. ഇതെല്ലാം ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം ശുഭകരമാണ്.
റഷ്യന്‍ സര്‍ക്കാരിനു കീഴിലുള്ളതല്ലെങ്കിലും അവരുടെ പിന്തുണയോടെ പ്രവര്‍ത്തിച്ചുവന്ന ഒരു സൈനികസംഘമാണ് വാഗ്നര്‍ ഗ്രൂപ്പ്. യെവ്ജിനി പ്രിഗോസിന്‍ എന്ന ഇവരുടെ തലവന് പുടിനുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. എന്നാല്‍ ഉക്രൈന്‍ യുദ്ധത്തിനിടയിലെ ചില സംഭവവികാസങ്ങള്‍ ഇവരെ ഇരുചേരിയിലാക്കി. റഷ്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ തയാറാണെന്നും റഷ്യയില്‍ ഭരണമാറ്റം ഉണ്ടാകുമെന്നും വാഗ്നര്‍ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നീട് അവര്‍ രക്തച്ചൊരിച്ചിലിനു മുതിരാതെ പിന്മാറിയത് ആഗോള ഓഹരിവിപണിക്ക് ആശ്വാസകരമായ വാര്‍ത്തയാണ്.
ആഭ്യന്തര യുദ്ധം, ആഭ്യന്തര കലാപങ്ങള്‍, ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങള്‍ എന്നിവ കാരണം ലോകത്തിലെ പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയും സര്‍ക്കാരും തകര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ റഷ്യയിലും അത്തരത്തിലൊരു സാധ്യത നിലനില്‍ക്കുന്നുവെന്നത് വിപണി ആശങ്കയോടെയാണ് കാണുന്നത്.
ഇന്ത്യന്‍ കമ്പനികളെ ബാധിക്കും
2022 ഫെബ്രുവരിയിലാണ് റഷ്യന്‍ സൈന്യം ഉക്രൈന്‍ ആക്രമിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. യുദ്ധം പൊട്ടിപ്പുറപ്പെട്ടത് യൂറോപ്യന്‍, യു.കെ വിപണികളെ എന്നപോലെ ഇന്ത്യന്‍ വിപണിയെയും സാരമായി ബാധിച്ചിരുന്നു. വാഗ്നര്‍ ഗ്രൂപ്പ് റഷ്യയില്‍ അട്ടിമറിക്ക് ശ്രമിക്കുകയും ആഭ്യന്തരയുദ്ധമുണ്ടാവുകയും ചെയ്താല്‍ അത് റഷ്യയുമായി അടുപ്പമുള്ള ഇന്ത്യന്‍ കമ്പനികളെ ബാധിക്കും. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയും പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കും. എങ്കിലും നിലവില്‍ റഷ്യയിലെ സംഘര്‍ഷം ഇന്ത്യയെ നേരിട്ടു ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.