image

8 Dec 2022 2:08 AM GMT

Stock Market Updates

ആഗോള വിപണികളിലെ ചാഞ്ചാട്ടം സെൻസെക്‌സിലും പ്രതിഫലിക്കാം

Mohan Kakanadan

Stock Market | sensex and nifty today | stock market | morning business news
X

Summary

  • സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്നും നഷ്ടത്തിലാണ് തുടക്കം; രാവിലെ 7.30-നു -22.00 പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം നടക്കുന്നത്.
  • കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ വി ഗാർഡും, ഫെഡറൽ ബാങ്കും, ജിയോജിത്തും, വണ്ടർ ലയും കല്യാൺ ജൂവല്ലേഴ്‌സം ഇന്നലെ ചുവപ്പിലേക്ക് വീണിട്ടുണ്ട്.
  • എൻഎസ്ഇയിൽ ലഭ്യമായ താൽക്കാലിക കണക്കുകൾ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -1,241.87 കോടി രൂപയ്ക്ക് ഓഹരികൾ അധികം വിറ്റു.


കൊച്ചി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി എല്ലാവരും പ്രതീക്ഷിച്ചിരുന്ന പോലെ റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് വർധിപ്പിച്ച് 6.25 ശതമാനമായി ഉയർത്തി. ഏറ്റവും മോശമായ പണപ്പെരുപ്പം നാം പിന്നിട്ടു എന്നാണ് മീറ്റിംഗിന് ശേഷം ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ മാർച്ച് പാദത്തോടെ പണപ്പെരുപ്പം ഉയർന്ന പരിധിയായ 6 ശതമാനത്തിന് താഴെയായി കുറയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. തുടർന്ന് വിദേശ നാണയ കരുതൽ ശേഖരം 551.2 ബില്യൺ ഡോളറിൽ എത്തി നിൽക്കുന്നതിൽ സംതൃപ്തി പ്രകടിപ്പിച്ച ഗവർണർ ഭക്ഷ്യേതര വായ്‌പകൾ കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1.9 ലക്ഷം കോടിയിൽ നിന്ന് ഏപ്രിൽ-നവംബർ കാലയളവിൽ 10.6 ലക്ഷം കോടിയായി ഉയർന്നെന്ന് പറഞ്ഞു. കാർഷിക മേഖലയും ശക്തമായി മുന്നേറുന്നുവെന്നാണ് ആർബിഐ ഗവർണർ പറഞ്ഞു വെച്ചത്. ചുരുക്കത്തിൽ ഭയപ്പെടാനൊന്നുമില്ലത്രേ.

എങ്കിലും വിപണി ഇതിനൊന്നും ചെവികൊടുക്കാതെ ഇന്നലെ നാലാം ദിവസവും ഇടിഞ്ഞു. സെന്‍സെക്‌സ് 215.68 പോയിന്റ് നഷ്ടത്തോടെ 62,410.68-ലവസാനിച്ചപ്പോൾ നിഫ്റ്റി 82.25 പോയിന്റ് താഴ്ന്ന് 18,560.50 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 39.85 പോയിന്റ് താഴ്ന്ന് 43,098.70 ൽ അവസാനിച്ചു. നിഫ്റ്റി എഫ് എം സി ജി-യും (0.96) പൊതുമേഖലാ ബാങ്കു (0.26) മൊഴികെ എല്ലാ മേഖല സൂചികകളും ചുവപ്പിലായിരുന്നു.

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ വി ഗാർഡും, ഫെഡറൽ ബാങ്കും, ജിയോജിത്തും, വണ്ടർ ലയും കല്യാൺ ജൂവല്ലേഴ്‌സം ഇന്നലെ ചുവപ്പിലേക്ക് വീണിട്ടുണ്ട്. ആസ്റ്റർ ഡി എമ്മും ധനലക്ഷ്മി ബാങ്കും, സി എസ്‌ ബി ബാങ്കും ഇന്ന് ഉയർച്ചയിലായിരുന്നു. എന്നാൽ, ജ്യോതി ലാബ് 52 ആഴ്ചത്തെ ഉയർച്ചയായ 216.85 -ൽ എത്തി ഒടുവിൽ 213.40 ൽ വ്യാപാരം അവസാനിച്ചു. റീയൽട്ടി കമ്പനികളായ പുറവങ്കരയും പി എൻ സി ഇൻഫ്രായും ശോഭയും ഇന്ന് താഴ്ചയിലേക്ക് നീങ്ങി.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്നും നഷ്ടത്തിലാണ് തുടക്കം; രാവിലെ 7.30-നു -22.00 പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം നടക്കുന്നത്.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇയിൽ ലഭ്യമായ താൽക്കാലിക കണക്കുകൾ പ്രകാരം ബുധനാഴ്ച (ഡിസംബർ 7) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 388.85 കോടി രൂപയ്ക്ക് അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -1,241.87 കോടി രൂപയ്ക്ക് ഓഹരികൾ അധികം വിറ്റു.

വിദഗ്ധാഭിപ്രായം

മിനി നായർ, സിഎഫ്ഒ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്: "റിപ്പോ നിരക്ക് 35 ബിപിഎസ് വർദ്ധിപ്പിക്കാനുള്ള ആർ‌ബി‌ഐയുടെ തീരുമാനം പ്രതീക്ഷിച്ച രീതിയിലാണ്. ഈ നിലപാടിൽ നേരിയ മിതത്വം ഉണ്ടാകുമെന്ന് വിപണികൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ ആർ‌ബി‌ഐ 'ആനുകൂല്യങ്ങൾ പിൻവലിക്കുക' എന്ന നിലപാട് നിലനിർത്തി. പണപ്പെരുപ്പം ലക്ഷ്യ നിരക്കിലും താഴെ എത്തിക്കുന്നതിന് ബാങ്ക് ഊന്നൽ നൽകുന്നതിനാൽ ആർ‌ബി‌ഐക്ക് ഇനിയും നിരക്ക് വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: "ആർ‌ബി‌ഐ ഗവർണറുടെ നിരക്ക് വർദ്ധനയ്ക്ക് ശേഷം നിക്ഷേപകർ ലാഭം ബുക്ക് ചെയ്തതിനാൽ ഇന്നലെ നിഫ്റ്റി ബെയറുകളുടെ പിടിയിൽ തുടർന്നു. മൊമെന്റം ഓസിലേറ്റർ ഒരു ബെയറിഷ് തരത്തിലാണ്. മുന്നോട്ട് പോകുമ്പോൾ ട്രെൻഡ് നെഗറ്റീവ് ആയി തുടരാൻ സാധ്യതയുണ്ട്; താഴെ തട്ടിൽ പിന്തുണ 18,500/18,350 ൽ ഉണ്ടാവാം; ഉയർന്ന തലത്തിൽ, പ്രതിരോധം 18,670/18,750 ൽ ദൃശ്യമാണ്.

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: "ആർബിഐ നയ പ്രഖ്യാപനത്തിന് ശേഷം ബാങ്ക് നിഫ്റ്റി സൂചിക ഒരു ദിശാ ചലനത്തിനും സാക്ഷ്യം വഹിക്കാതെ അതെ രീതിയിൽ അവസാനിച്ചു. ശക്തമായ 'കോൾ റൈറ്റിംഗ്' ഉള്ളതിനാൽ സൂചിക 43,500 ലെവലിൽ പ്രതിരോധം നേരിടുന്നു. 42,800-ൽ താഴെത്തട്ടിൽ ഉടനടിയുള്ള പിന്തുണ ദൃശ്യമാണ്, അത് ലംഘിച്ചാൽ 42,500 ലെവലിലേക്ക് കൂടുതൽ താഴോട്ട് നയിക്കും.

ലോക വിപണി

ആഗോളമായി കാര്യങ്ങൾ അത്ര സുഗമമല്ല. മന്ദഗതിയിലുള്ള കയറ്റുമതിയും വർദ്ധിച്ചുവരുന്ന ഇറക്കുമതിയും ഉയർന്ന പണപ്പെരുപ്പത്തിൽ നിന്നുള്ള സമ്മർദ്ദവും മൂലം ജപ്പാൻ ഒക്ടോബറിൽ 64 ബില്യൺ യെൻ ($1= 136.37 യെൻ) വ്യാപാര കമ്മി രേഖപ്പെടുത്തി, സെപ്റ്റംബറിൽ 909 ബില്യൺ യെൻ മിച്ചമായിരുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം തുടക്കത്തിൽ തന്നെ ഇന്ന് ടോക്കിയോ നിക്കെ -202.76 പോയിന്റ് കുത്തനെ ഇടിഞ്ഞാണു വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

മറ്റു ഏഷ്യൻ വിപണികളും ഇന്ന് പൊതുവെ നഷ്ടത്തിലാണ്. ഹാങ്‌സെങ് (+150.23) മാത്രം പച്ചയിൽ തുടക്കം കുറിച്ചപ്പോൾ, ഷാങ്ഹായ് (-3.60) സൗത്ത് കൊറിയൻ കോസ്‌പി (-21.70), തായ്‌വാൻ (-91.09), ജക്കാർത്ത കോമ്പസിറ്റ് (-73.82) എന്നിവ ചുവപ്പിൽ തുടക്കം കുറിച്ചിരിക്കുകയാണ്. .

ചൊവ്വാഴ്ച യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (-82.00) പാരീസ് യുറോനെക്സ്റ്റ് (-27.20), ലണ്ടൻ ഫുട്‍സീ (-32.20) എന്നിവ താഴ്ചയിലാണ് അവസാനിച്ചത്.

അമേരിക്കന്‍ വിപണികളിൽ ഡൗ ജോൺസ്‌ ഇന്ടസ്ട്രിയൽ ആവറേജ് (+1.58) നേരിയ തോതിൽ ഉയർന്നപ്പോൾ എസ് ആൻഡ് പി 500 (-7.34), നസ്‌ഡേക് കോമ്പസിറ്റ് (--56.34) എന്നിവയെല്ലാം നഷ്ടത്തിൽ കലാശിച്ചു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ബ്രസീലിൽ തങ്ങളുടെ പുതിയ അസംബ്ലി സൗകര്യം പ്രവർത്തനം ആരംഭിച്ചതായി ഐഷർ മോട്ടോഴ്‌സിന്റെ (ഓഹരി വില 3259.85 രൂപ) ഭാഗമായ ബൈക്ക് നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് അറിയിച്ചു. ലാറ്റിനമേരിക്കയിലെ കമ്പനിയുടെ പദ്ധതികളിലെ സുപ്രധാനമായ ഒരു ചുവടുവയ്പാണ് ഈ പ്ലാന്റ് എന്ന് കമ്പനി ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

ബിസിനസ് വളർച്ചയ്ക്ക് ധനം സംഭരിക്കുന്നതിനായി ബോണ്ടുകളിലൂടെ 348 കോടി രൂപ സമാഹരിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര (ഓഹരി വില 28.85 രൂപ) ബുധനാഴ്ച അറിയിച്ചു.

ആഗോളതലത്തിൽ ക്ലൗഡ്-പവേർഡ് എന്റർപ്രൈസസിന്റെ ബിസിനസ്സ് മൂല്യം വർദ്ധിപ്പിക്കുന്നതിന്, സംയോജിത, സെക്ടർ- പ്ലാറ്റ്‌ഫോമായ ക്ലൗഡ് ബ്ലേസ്‌ടെക് ലോഞ്ച് ചെയ്യുന്നതായി ഐടി പ്രമുഖരായ ടെക് മഹീന്ദ്ര (ഓഹരി വില 1078.05 രൂപ) പ്രഖ്യാപിച്ചു.

തങ്ങളുടെ പ്രൊമോട്ടർമാർ കമ്പനിയിൽ 623 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഗുജറാത്ത് ഫ്ലൂറോകെമിക്കൽസിൽ (ഓഹരി വില 3258.70 രൂപ) നിന്ന് ലഭിച്ച അഡ്വാൻസുകൾ തിരിച്ചടയ്ക്കാനാണ് ഫണ്ട് ഉപയോഗിച്ചതെന്നും ഐനോക്സ് വിൻഡ് (ഓഹരി വില 121.75 രൂപ) അറിയിച്ചു.

ഇറാഖിലെ ഏറ്റവും വലിയ നിക്ഷേപ ഗ്രൂപ്പുകളിലൊന്നായ ഫറൂക്ക് ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പിന്റെ ഭാഗമായ ഫറൂക്ക് മെഡിക്കൽ സിറ്റിയുമായി രാജ്യത്ത് ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഏർപ്പെട്ടതായി ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ (ഓഹരി വില 232.90 രൂപ) അറിയിച്ചു.

പവർ ട്രേഡിംഗ് സൊല്യൂഷൻ കമ്പനിയായ പി‌ടി‌സി ഇന്ത്യയുടെ (ഓഹരി വില 90.30 രൂപ) 2022-23 സെപ്റ്റംബർ പാദത്തിലെ ഏകീകൃത അറ്റാദായം 29 ശതമാനം ഇടിഞ്ഞ് 138.23 കോടി രൂപയായി. ബിഎസ്ഇ ഫയലിംഗ് പ്രകാരം കമ്പനിയുടെ അറ്റാദായം മുൻ വർഷം 195.48 കോടി രൂപയായിരുന്നു.

മറീന III (സിംഗപ്പൂർ) ക്രാഫ്റ്റ്‌സ്‌മാൻ ഓട്ടോമേഷനിലെ (ഓഹരി വില 3288 രൂപ) അതിന്റെ 11.56 ലക്ഷം ഓഹരികളും ഓഹരിക്ക് ശരാശരി 3,200 രൂപ നിരക്കിൽ വിറ്റു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,950 രൂപ (+20 രൂപ).

യുഎസ് ഡോളർ = 82.47 രൂപ (+3 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 77.62 ഡോളർ (+0.58%)

ബിറ്റ് കോയിൻ = 14,27,001 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.12% ശതമാനം ഉയർന്ന് 105.27 ആയി.

ഐപിഓ

അഗ്രോകെമിക്കൽ കമ്പനിയായ ധർമജ് ക്രോപ്പ് ഗാർഡിന്റെ ഐപിഒ 18-22 ശതമാനം പ്രീമിയത്തിൽ ഇന്ന് (ഡിസംബർ 8 ന്) വ്യാപാരം ആരംഭിക്കുമെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം. ഐ പി ഓ-യുടെ ഉയർന്ന വില 237 രൂപയായിരുന്നു.