5 Dec 2022 2:19 AM GMT
സിംഗപ്പൂർ നിഫ്റ്റിക്ക് ആവേശത്തുടക്കം; ആർബിഐ മീറ്റിംഗ് ഇന്ന് ആരംഭിക്കുന്നു
Mohan Kakanadan
Summary
- ആർ ബി ഐയുടെ പണനയ കമ്മിറ്റി റിപ്പോ നിരക്ക് 25-35 ബേസിസ് പോയിൻറ് മാത്രമെ വർദ്ധിപ്പിക്കാനിടയുള്ളെന്ന് വിദഗ്ധർ പ്രവചിക്കുന്നു
- സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി നേട്ടത്തിലാണ് ഇന്ന് തുടക്കം; രാവിലെ 7.30-നു 39.00 പോയിന്റ് ഉയർന്നു വ്യാപാരം നടക്കുന്നു
കൊച്ചി: പ്രത്യേകിച്ച് സൂചനകളൊന്നുമില്ലാതെയാണ് രണ്ടു ദിവസത്തെ അവധി കഴിഞ്ഞ് വിപണി ഇന്ന് വ്യാപാരം ആരംഭിക്കുന്നത്. റീട്ടെയിൽ പണപ്പെരുപ്പം മിതത്വത്തിന്റെ സൂചനകൾ കാണിക്കുന്ന സാഹചര്യത്തിൽ, ഇന്നാരംഭിക്കുന്ന (ഡിസംബർ 5-7) ആർ ബി ഐയുടെ പണനയ കമ്മിറ്റി റിപ്പോ നിരക്ക് 25-35 ബേസിസ് പോയിൻറ് മാത്രമെ വർദ്ധിപ്പിക്കാനിടയുള്ളെന്ന് വിദഗ്ധർ പ്രവചിക്കുന്നു. സെപ്റ്റംബറിൽ ആർബിഐ റിപ്പോ നിരക്ക് 50 ബേസിസ് പോയിൻറ് ഉയർത്തി 5.9 ശതമാനമാക്കിയിരുന്നു.
ഇതിനിടയിൽ സമ്പദ് ഘടനയെക്കുറിച്ചു ആവേശഭരിതരാണ് സാമ്പത്തിക വിദഗ്ധന്മാർ. ഇന്ത്യയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാൽ രാജ്യത്തിൻറെ പ്രതിശീർഷ വരുമാനം 2,200 ഡോളർ മാത്രമാണെങ്കിലും വർഷങ്ങളോളം 9 ശതമാനം സാമ്പത്തിക വളർച്ച നിലനിർത്താൻ രാജ്യത്തിന് കഴിയുമെന്ന് ഇന്നലെ ഒരു മീറ്റിങ്ങിൽ പറഞ്ഞു.
എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇഎസ്ഐ) തങ്ങളുടെ മിച്ചമുള്ള ഫണ്ടുകൾ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) വഴി ഓഹരി വിപണിയിൽ നിക്ഷേപിക്കാനുള്ള നിർദ്ദേശത്തിന് ഇന്നലെ അംഗീകാരം നൽകി.തത്ക്കാലം 5 ശതമാനം ഫണ്ടായിരിക്കും വിപണിയിലിറക്കുക. ഇത് വിപണിയെ ഉർജ്ജസ്വലമാക്കാനിടയുണ്ട്.
എട്ടു ദിവസത്തെ മുന്നേറ്റത്തിന് ശേഷം വെള്ളിയാഴ്ച ആഭ്യന്തര വിപണി നഷ്ടത്തില്‍ അവസാനിച്ചിരുന്നു. സെന്‍സെക്‌സ് 415.69 പോയിന്റ് ഇടിഞ്ഞ് 62,868.50 ലും, നിഫ്റ്റി 116.40 പോയിന്റ് നഷ്ടത്തില്‍ 18,696.10 ലുമാണ് ക്ലോസ് ചെയ്തത്.
മിക്കവാറും എല്ലാ മേഖലാ സൂചികകളും ചുവപ്പിലായിരുന്നു. ആട്ടോ സൂചിക 1.10 ശതമാനമാണ് താഴ്ന്നത്. ബാങ്ക് നിഫ്റ്റി 156.90 പോയിന്റ് ഇടിഞ്ഞു 43,103.75 ലേക്ക് താഴ്ന്നു. എങ്കിലും നിഫ്റ്റി മീഡിയ 1.22 ശതമാനം ഉയർന്നു.
സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി നേട്ടത്തിലാണ് ഇന്ന് തുടക്കം; രാവിലെ 7.30-നു 39.00 പോയിന്റ് ഉയർന്നു വ്യാപാരം നടക്കുന്നു.
വെള്ളിയാഴ്ച കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ മൂന്നെണ്ണം 52-ആഴ്ചത്തെ ഉയർച്ചയിലെത്തിയിരുന്നു. ധനലക്ഷ്മി ബാങ്ക് 52 ആഴ്ചത്തെ ഏറ്റവും ഉയർന്ന വിലയായ 18.75-ൽ എത്തിയ ശേഷം 18.45-ൽ അവസാനിച്ചു; അതുപോലെ ജ്യോതി ലാബ് 52 ആഴ്ചത്തെ ഉയർച്ചയായ 211.50 -ൽ എത്തിയിട്ട് 210.30-ൽ അവസാനിച്ചു. കല്യാൺ ജൂവല്ലേഴ്‌സ് 110.65 ൽ എത്തിയ ശേഷം 109.75 ൽ അവസാനിച്ചു.
എഫ് ഐഐ/ഡിഐഐ
എൻഎസ്ഇയിൽ ലഭ്യമായ താൽക്കാലിക കണക്കുകൾ പ്രകാരം വെള്ളിയാഴ്ച (ഡിസംബർ 2) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 712.34 കോടി രൂപയ്ക്കും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 214.76 കോടി രൂപയ്ക്കും ഓഹരികൾ അധികം വാങ്ങി. 36,238.66 കോടി രൂപയുടെ അറ്റ നിക്ഷേപവുമായി എഫ്പിഐകൾ നവംബറിൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു; ഡിസംബറിൽ ഇതുവരെ 7437.47 കോടി രൂപയുടെ നിക്ഷേപകരായി തുടരുകയാണ്. എങ്കിലും, ഈ വർഷം ഇതുവരെ ഇക്വിറ്റികളിലെ എഫ്പിഐകളുടെ മൊത്തം അധിക വില്പന 1.25 ലക്ഷം കോടി രൂപയാണ്.
അതേസമയം, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ നവംബറിൽ -6301.32 കോടി രൂപയുടെ അറ്റ വില്പനക്കാരായിരുന്നു.
വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ: സാമ്പത്തിക, ഐടി, ഓട്ടോ, എഫ്എംസിജി, ക്യാപിറ്റൽ ഗുഡ്സ്, ടെലികോം എന്നിവയിലെ ഓഹരികൾ വാങ്ങുന്ന എഫ് പി ഐ-കൾ നവംബറിൽ ശക്തമായ വാങ്ങലുകാരായി മാറി. ഒക്ടോബറിൽ അവർ അറ്റ വിൽപ്പനക്കാരായിരുന്നു. അവരുടെ മേഖലാ വിൽപ്പന തന്ത്രത്തിൽ സ്ഥിരത കാണുന്നില്ല. ഹ്രസ്വകാലത്തേക്ക്. ഡോളർ സൂചികയിലെ ചലനമായിരിക്കും എഫ് പി ഐ-കളുടെ തന്ത്രം നിർണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഡോളർ സൂചിക ഉയരുകയും ട്രെൻഡ് ഉയരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുമ്പോൾ, അവർ വിൽക്കുന്നു. വിപരീതമായി ഡോളർ സൂചിക കുറയുകയും താഴേക്ക് പോകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുമ്പോൾ അവർ വാങ്ങുന്നു. ഭാവിയിൽ എഫ് പി ഐ പണത്തിന്റെ ന്യായമായ വിഹിതം ഇന്ത്യക്ക് ലഭിക്കും. എന്നാൽ ഇന്ത്യയിലെ ഉയർന്ന മൂല്യനിർണ്ണയം ഒരു തടസ്സമാകും"
ബാങ്ക് നിഫ്റ്റിയെക്കുറിച്ച് രൂപക് ദേ, എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ്: "ബാങ്ക് നിഫ്റ്റി താഴ്ന്ന് വെള്ളിയാഴ്ച ഉടനീളം സൈഡ്‌വേർഡ് ആയി തുടർന്നു. ഉയർന്ന തലത്തിൽ സൂചിക 43,150 ന് അപ്പുറത്തേക്ക് നീങ്ങുന്നതിൽ പരാജയപ്പെട്ടു. പ്രതിദിന ആർഎസ്ഐ ഒരു ക്രോസ്ഓവറിലേക്ക് പ്രവേശിച്ചു. ഹ്രസ്വകാലത്തേക്ക് ട്രെൻഡ് നെഗറ്റീവ് ആയി തുടരാൻ സാധ്യതയുണ്ട്. ലോവർ എൻഡിൽ, പിന്തുണ 42,900/42,700 ൽ ദൃശ്യമാണ്. ഉയർന്ന തലത്തിൽ പ്രതിരോധം 43,200/43,500 ൽ ദൃശ്യമാണ്.
നിഫ്റ്റിയെക്കുറിച്ചു അദ്ദേഹം തുടരുന്നു:സമീപ കാലത്തും സൈഡ്‌വേർഡ് ആയിട്ടുള്ള ഇതേ വികാരം ഒരു വശത്ത് തുടരാൻ സാധ്യതയുണ്ട്. 18,500-18,800 ആണ് നിർണായക ശ്രേണി. ഏതെങ്കിലും ബാൻഡിൽ നിന്നുള്ള നിർണായകമായ ബ്രേക്ക്ഔട്ട് വിപണിയിൽ ഒരു ശുദ്ധമായ ദിശാസൂചനയ്ക്ക് കാരണമായേക്കാം.
ലോക വിപണി
മറ്റു ഏഷ്യൻ വിപണികളും ഇന്ന് പൊതുവെ നേട്ടത്തിലാണ്. ടോക്കിയോ നിക്കെ (59.80), സൗത്ത് കൊറിയൻ കോസ്‌പി (2.90), തായ്‌വാൻ (102.21), ഹാങ്‌സെങ് (419.86) ഷാങ്ഹായ് (23.63) എന്നിവ ഇപ്പോൾ പച്ചയിലാണ്. എന്നാൽ, ജക്കാർത്ത കോമ്പസിറ്റ് (-1.16) ചുവപ്പിൽ തുടക്കം കുറിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (+39.09) പച്ചയിലാണ് അവസാനിച്ചത്. എന്നാൽ, പാരീസ് യുറോനെക്സ്റ്റും (-11.72) ലണ്ടൻ ഫുട്‍സീ (-2.26) പോയിന്റ് താഴ്ന്നു.
അമേരിക്കന്‍ വിപണികൾ മിശ്രിത സ്വഭാവം കാണിച്ചു; ഡൗ ജോൺസ് ഇന്ടസ്ട്രിയൽ ആവറേജ് (+34.87) ഉയർന്നപ്പോൾ എസ് ആൻഡ് പി 500 (-4.87) ഉം നസ്‌ഡേക് കോമ്പസിറ്റും (-20.95) താഴ്ചയിലാണ് അവസാനിച്ചത്.
ശ്രദ്ധിക്കേണ്ട ഓഹരികൾ
200 മില്യൺ ഡോളർ സമാഹരിക്കാൻ ശ്രമിക്കുന്ന സ്‌പൈസ് ജെറ്റ് (ഓഹരിവില 38.95 രൂപ), ഈ സാമ്പത്തിക വർഷത്തിന്റെ നടപ്പു പാദത്തിൽ പ്രവർത്തനങ്ങളിലും പുന:സംഘടനാ ആനുകൂല്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കുന്നതായി ബജറ്റ് കാരിയറിന്റെ ചീഫ് അജയ് സിംഗ് പറഞ്ഞു.
കിരിത് പരീഖ് കമ്മിറ്റി ഒഎൻജിസി (ഓഹരിവില 38.95 രൂപ) ക്കും ഓയിലി (ഓഹരിവില 38.95 രൂപ) നും അവർ ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന് 20 ശതമാനം പ്രീമിയം നൽകണമെന്നു അഭിപ്രായപ്പെട്ടു.
നടപ്പ് സാമ്പത്തിക വർഷാവസാനത്തോടെ കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (CASA) അനുപാതം 35 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് (ഓഹരിവില 23.25 രൂപ) മാനേജിംഗ് ഡയറക്ടർ സ്വരൂപ് കുമാർ സാഹ പറഞ്ഞു.
ആഡംബര ഭവന പദ്ധതി വികസിപ്പിക്കുന്നതിനായി ഗോദ്‌റെജ് പ്രോപ്പർട്ടീസ് (ഓഹരിവില 1333.60 രൂപ) മുംബൈയിൽ കാന്തിവലിയിൽ 750 കോടി രൂപയ്ക്ക് 18.6 ഏക്കർ ഭൂമി വാങ്ങി.
ബിഎസ്ഇയിൽ ലഭ്യമായ ബൾക്ക് ഡീൽ ഡാറ്റ അനുസരിച്ച്, ജനറൽ അറ്റ്ലാന്റിക് സിംഗപ്പൂർ വെള്ളിയാഴ്ച ആശുപത്രി ശൃംഖലയായ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ലിമിറ്റഡിന്റെ (KIMS; ഓഹരിവില 1499.50 രൂപ) 14,50,000 ഓഹരികൾ ഓഹരിയൊന്നിന് ശരാശരി 1,480 രൂപ നിരക്കിൽ 215 കോടി രൂപയ്ക്ക് ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ വിറ്റു.
പോളിസിബസാറിന്റെ മാതൃസ്ഥാപനമായ പിബി ഫിൻടെക്കിന്റെ (ഓഹരിവില 483.00 രൂപ) 1,043 കോടി രൂപ വിലമതിക്കുന്ന 5.1 ശതമാനം ഓഹരികൾ സോഫ്റ്റ്ബാങ്ക് വെള്ളിയാഴ്ച തുറന്ന വിപണി ഇടപാടിലൂടെ വിറ്റു.
തെലങ്കാനയിലെ മഹ്ബൂബ്‌നഗർ ജില്ലയിൽ ലിഥിയം അയൺ ബാറ്ററി നിർമ്മാണത്തിനുള്ള ഗ്രീൻഫീൽഡ് നിർമ്മാണ കേന്ദ്രവും ഗവേഷണത്തിനും വികസനത്തിനും വേണ്ടി 10 വർഷത്തിനുള്ളിൽ 9,500 കോടി രൂപ നിക്ഷേപിക്കുമെന്ന് അമര രാജ ബാറ്ററി ലിമിറ്റഡ് (ഓഹരിവില 653.10 രൂപ) അറിയിച്ചു.
2022 ഏപ്രിൽ-നവംബർ കാലയളവിൽ കൽക്കരി ഖനന ഉൽപ്പാദനത്തിൽ 48 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ്ജ ഭീമനായ എൻടിപിസി (ഓഹരിവില 172.15 രൂപ) അറിയിച്ചു.
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,945 രൂപ.
യുഎസ് ഡോളർ = 81.33 രൂപ (-7 പൈസ).
ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 86.77 ഡോളർ (-0.13%)
ബിറ്റ് കോയിൻ = 14,45,248 രൂപ.
ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക -0.19% ശതമാനം താഴ്ന്നു 104.24 ആയി.
ഐപിഒ
യുണിപാര്‍ട്ടസ് ഇന്ത്യയുടെ 836 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്പന വെള്ളിയാഴ്ച സബ്‌സ്‌ക്രിപ്‌ഷന്റെ അവസാന ദിവസം 25.32 തവണ സബ്‌സ്‌ക്രൈബുചെയ്‌തു. എൻഎസ്ഇ ഡാറ്റ പ്രകാരം 1,01,37,360 ഓഹരികൾക്കെതിരെ 25,66,29,175 ഓഹരികൾക്കാണ് ഐപിഒയ്ക്ക് ബിഡ് ലഭിച്ചത്.