image

14 July 2023 6:29 AM

Stock Market Updates

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ FTSE റസ്സല്‍ സൂചികയുടെ ഭാഗമാകും

MyFin Desk

jio financial services shares will be part of the ftse russell index
X

Summary

  • മൂന്ന് സൂചികകളാണ് എഫ്ടിഎസ്ഇ റസ്സലിനുള്ളത്.
  • ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് എഫ്ടിഎസ്ഇ റസ്സല്‍
  • ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ലിസ്റ്റിംഗ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല


റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ജുലൈ 20 മുതല്‍ എഫ്ടിഎസ്ഇ റസ്സല്‍ (Financial Times Stock Exchange-Russell) സൂചികയുടെ ഭാഗമാകും. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പിന്റെ ഒരു അനുബന്ധ സ്ഥാപനമാണ് എഫ്ടിഎസ്ഇ റസ്സല്‍.

മൂന്ന് സൂചികകളാണ് (indices) എഫ്ടിഎസ്ഇ റസ്സലിനുള്ളത്.

1. FTSE All-World Comprehensive Factor Index

2. FTSE Emerging Comprehensive Factor Index

3. FTSE All-World ex CW Balanced Factor Index

എന്നിവയാണ് മൂന്ന് സൂചികകള്‍.

അതേസമയം എഫ്ടിഎസ്ഇയില്‍ നിന്നുള്ള കുറിപ്പില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ലിസ്റ്റിംഗ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അതിനാല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുന്നതു വരെ ജിയോ ഫിനാന്‍ഷ്യലിന്റെ ഓഹരിക്ക് ഒരു നിശ്ചിത മൂല്യം (static estimated price) കണക്കാക്കിയായിരിക്കും എഫ്ടിഎസ്ഇ സൂചികയില്‍ തുടരുക.

ആഭ്യന്തരതലത്തിലുള്ള ഒരു ബ്രോക്കറേജ് അറിയിച്ചത് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് 2-3 മാസത്തിനുള്ളില്‍ ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ്. മിക്കവാറും ഒക്ടോബര്‍ മാസത്തോടെ ലിസ്റ്റിംഗ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) അതിന്റെ സാമ്പത്തിക സേവന വിഭാഗമായ റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റിനെ ജുലൈ 20ന് വിഭജിക്കുമെന്ന് ജുലൈ എട്ടിന് പ്രഖ്യാപിച്ചിരുന്നു. റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റിനു പകരം പുതുതായി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ജെഎഫ്എസ്എല്‍) രൂപം കൊള്ളുമെന്നാണ് അറിയിച്ചത്.

ഇതോടെ റിലയന്‍സിന്റെ ഓഹരി വില മുന്നേറുകയുണ്ടായി. കഴിഞ്ഞ മൂന്നു മാസത്തിനിടെ റിലയന്‍സ് ഓഹരി 13 ശതമാനത്തോളമാണ് ഉയര്‍ന്നത്.

റിലയന്‍സിന്റെ ഓഹരി ഉടമകള്‍ക്ക് റിലയന്‍സിന്റെ ഓരോ ഓഹരിക്കും ജിയോ ഫിനാന്‍ഷ്യല്‍സിന്റെ ഒരു ഓഹരി കൂടി ലഭിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

റിലയന്‍സിന് 36 ലക്ഷം ഓഹരിയുടമകളാണുള്ളത്.

റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് വിഭജിച്ച് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പുനര്‍നാമകരണം ചെയ്യുന്നതിലൂടെ 36 ലക്ഷം ഓഹരിയുടമകള്‍ക്ക് അതിന്റെ നേട്ടമുണ്ടാകും.

വിഭജനവും തുടര്‍ന്നുള്ള ലിസ്റ്റിംഗും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ മൂല്യം ഉയര്‍ത്തും. ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാറും.

മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനിയെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട്. ഹിതേഷ് കുമാര്‍ സേഥിയാണ് എംഡിയും സിഇഒയും.

ഈയാഴ്ചയുടെ ആദ്യദിനങ്ങളില്‍ റിലയന്‍സ് ഓഹരികള്‍ റാലി തുടര്‍ന്നിരുന്നു. ജുലൈ 10, 11, 12 തീയതികളില്‍ ഓഹരി മുന്നേറ്റം നടത്തി. എന്നാല്‍ ജുലൈ 13ന് ഓഹരി താഴ്ന്നു. എങ്കിലും ജുലൈ 11ാം തീയതി രാവിലെ വ്യാപാരത്തിനിടെ 52 ആഴ്ചയ്ക്കിടയിലെ ഉയര്‍ന്ന നിരക്കായ 2,764.50 രൂപയിലെത്തിയിരുന്നു.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 17 ശതമാനം വര്‍ധനയാണ് റിലയന്‍സിന്റെ ഓഹരി മൂല്യത്തിലുണ്ടായത്.

റിലയന്‍സിന്റെ എല്ലാ ഓഹരിയുടമകള്‍ക്കും തങ്ങളുടെ ഓരോ ഓഹരിക്കും പുതുതായി രൂപം കൊള്ളുന്ന ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഒരു ഓഹരി ലഭിക്കുമെന്ന കമ്പനിയുടെ പ്രഖ്യാപനമാണ് റിലയന്‍സ് ഓഹരി സ്വന്തമാക്കാനുള്ള തിരക്ക് ആരംഭിച്ചത്.

നിക്ഷേപകര്‍ക്ക് ജുലൈ 19 വരെ റിലയന്‍സ് ഓഹരി വാങ്ങാന്‍ സമയമുണ്ട്. ജുലൈ 20നാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് രൂപം കൊള്ളുന്നത്.

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരിയെ താഴെ പറയുന്ന സൂചികകളില്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

FTSE All-World Index,

FTSE MPF All-World Index,

FTSE Global Large Cap Index,

FTSE Emerging Index,

JPMorgan Diversified Factor Emerging Markets Equity Index,

FTSE RAFI All World 3000 Index,

FTSE RAFI All World 3000 Index QSR,

FTSE RAFI Emerging Index and FTSE RAFI Emerging Index indices.