25 July 2023 10:18 AM
പണിമുടക്കി IRCTC യുടെ ആപ്പും വെബ്‌സൈറ്റും; പക്ഷേ പണികിട്ടിയത് ഓഹരിക്ക്
MyFin Desk
Summary
- ടിക്കറ്റ് ബുക്കിംഗിനായി ആമസോണ്‍, മെയ്ക്ക് മൈ ട്രിപ്പ് പോലുള്ള സൈറ്റുകളെ ആശ്രയിക്കാവുന്നതാണെന്നു ഐആര്‍സിടിസി
- സേവനം തടസപ്പെട്ടതായി ഐആര്‍സിടിസിയും സ്ഥിരീകരിച്ചു
- ജുലൈ 25ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഓഹരികള്‍ 0.34 ശതമാനം ഇടിഞ്ഞ് 618.50 രൂപയിലെത്തി
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (IRCTC) വെബ്സൈറ്റിലെയും ആപ്പിലെയും ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ സാങ്കേതിക തകരാര്‍ മൂലം തടസപ്പെട്ടതിനെ തുടര്‍ന്നു ജുലൈ 25 ചൊവ്വാഴ്ച ഐആര്‍സിടിസിയുടെ ഓഹരികളില്‍ നേരിയ ഇടിവ് നേരിട്ടു.
ജുലൈ 25ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ബിഎസ്ഇയില്‍ ഓഹരികള്‍ 0.34 ശതമാനം ഇടിഞ്ഞ് 618.50 രൂപയിലെത്തി. ഉച്ചയ്ക്ക് 1.15ഓടെ, ഐആര്‍സിടിസിയുടെ ഓഹരികള്‍ ബിഎസ്ഇയില്‍ 0.42 ശതമാനം ഇടിഞ്ഞ് 618 രൂപയിലുമെത്തി.
ജുലൈ 25ന് രാവിലെ എട്ട് മണിയോടെ ഐആര്‍സിടിസിയുടെ വെബ്‌സൈറ്റ് വഴിയുള്ള ടിക്കറ്റ് ബുക്കിങ് പ്രവര്‍ത്തനരഹിതമായതോടെ ഉപയോക്താക്കള്‍ക്ക് സൈറ്റ് വഴിയും ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിച്ചില്ല. സേവനം തടസപ്പെട്ടതായി ഐആര്‍സിടിസിയും സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണു ഐആര്‍സിടിസി സ്ഥിരീകരിച്ചത്.
ടിക്കറ്റ് ബുക്കിംഗിനായി ഉപയോക്താക്കള്‍ക്ക് ആമസോണ്‍, മെയ്ക്ക് മൈ ട്രിപ്പ് പോലുള്ള സൈറ്റുകളെയും ആപ്പുകളെയും ആശ്രയിക്കാവുന്നതാണെന്നും ഐആര്‍സിടിസി അറിയിച്ചു.
ഇന്ത്യന്‍ റെയില്‍വേയില്‍ പ്രതിദിനം 14.5 ലക്ഷം റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നും അതില്‍ 81 ശതമാനവും ഐആര്‍സിടിസി വഴി ബുക്ക് ചെയ്യുന്ന ഇ-ടിക്കറ്റുകളാണ്.