image

9 Dec 2022 2:32 AM GMT

Stock Market Updates

ധനകാര്യ മേഖലയുടെ തുടർച്ചയായ നേട്ടത്തിൽ പ്രതീക്ഷയർപ്പിച്ച് നിക്ഷേപകർ

Mohan Kakanadan

Market
X

Summary

  • അടുത്ത കലണ്ടർ വർഷത്തിൽ 52 ഷോറൂമുകൾ കൂടി ആരംഭിക്കാൻ പദ്ധതിയിടുന്നതായി കല്യാൺ ജൂവലേഴ്‌സ്
  • സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് 69.00 പോയിന്റ് ഉയർന്നാണ് തുടക്കം.
  • വി ഗാർഡും, ധനലക്ഷ്മി ബാങ്കും, സി എസ്‌ ബി ബാങ്കും, ഫെഡറൽ ബാങ്കും, ജിയോജിത്തും, വണ്ടർ ലയും ഇന്നലെ ഉയർച്ചയിലായിരുന്നു


കൊച്ചി: ശക്തമായ വായ്പാ വളർച്ചയ്ക്കും വിദേശ നിക്ഷേപകർ നവംബറിൽ ഈ മേഖലയിൽ 22,546 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയതിനാലും ഇന്ത്യൻ ധനകാര്യ സേവന മേഖല കുതിച്ചുയരുന്ന ഒരു കാഴ്ചയാണ് നമ്മൾ ഈയിടെയായി കണ്ടുവരുന്നത്. പൊതുമേഖലാ ബാങ്കുകൾ ഇന്നലെ 3.81 ശതമാനമാണ് കുതിച്ചുയരുന്നത്. പ്രൈവറ്റ് ബാങ്കുകളും 1.17 ശതമാനം ഉയർന്നു. അതിനാൽ മേഖല ബന്ധിതമായ നിക്ഷേപങ്ങളാണ് അഭികാമ്യമെന്ന് വിദഗ്ധർ പറയുന്നുണ്ട്. ആർബിഐ ബെഞ്ച്മാർക്ക് വായ്‌പാ നിരക്ക് 35 ബേസിസ് പോയിന്റ് ഉയർത്തിയതിന് തൊട്ടുപിന്നാലെ, പണപ്പെരുപ്പം അതിന്റെ ഉയർന്ന ടോളറൻസ് ലെവലായ 6 ശതമാനത്തിന് താഴെ കൊണ്ടുവരാൻ സെൻട്രൽ ബാങ്ക് ഒരു നിരക്ക് കൂടി ഉയർത്തിയേക്കുമെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് മാനേജിംഗ് ഡയറക്ടർ ഉദയ് കൊട്ടക് വ്യാഴാഴ്ച പറഞ്ഞു. തുടക്കത്തിൽ ആശ്വാസം നൽകുന്നത് സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് ലാഭത്തിലാണ് തുടക്കം എന്നതാണ്. രാവിലെ 7.45-നു 69.00 പോയിന്റ് ഉയർന്നാണ് അവിടെ വ്യാപാരം നടക്കുന്നത്.

സെന്‍സെക്‌സ് 160 പോയിന്റ് നേട്ടത്തോടെ 62,570.68-ലവസാനിച്ചപ്പോൾ നിഫ്റ്റി 48.85 പോയിന്റ് ഉയർന്ന് 18,609.35 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 498.15 പോയിന്റ് ഉയർന്ന് 43,596.85 ൽ അവസാനിച്ചു. നിഫ്റ്റി ഐ ടി, ഫാർമ, റിയാലിറ്റി എന്നീ മേഖലകൾ ചുവപ്പിലായിരുന്നു.

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എമ്മും, കല്യാൺ ജ്വലേഴ്സും കിംസും കിറ്റെക്‌സും മണപ്പുറവും ജ്യോതി ലാബും ഇന്നലത്തെ വ്യാപാരത്തിൽ ചുവപ്പിലേക്ക് വീണിട്ടുണ്ട്. കേരളം കെമിക്കൽസും (നിറ്റ ജലാറ്റിൻ) വി ഗാർഡും, ധനലക്ഷ്മി ബാങ്കും, സി എസ്‌ ബി ബാങ്കും, ഫെഡറൽ ബാങ്കും, ജിയോജിത്തും, വണ്ടർ ലയും ഉയർച്ചയിലായിരുന്നു. റീയൽട്ടി കമ്പനികളായ പുറവങ്കരയും പി എൻ സി ഇൻഫ്രായും നേട്ടത്തിൽ കലാശിച്ചപ്പോൾ ശോഭ താഴ്ചയിലേക്ക് നീങ്ങി.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇയിൽ ലഭ്യമായ താൽക്കാലിക കണക്കുകൾ പ്രകാരം വ്യാഴാഴ്ച (ഡിസംബർ 8) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 772.29 കോടി രൂപയ്ക്ക്

ഓഹരികൾ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -1,131.67 കോടി രൂപയ്ക്ക് അധികം വിറ്റു. ഈ മാസം ഇതുവരെ എഫ് ഐ ഐ-കൾ -5,499.13 കോടി രൂപയ്ക്കു വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപകർ 6,587.77 അറ്റ വാങ്ങലുകാരായി തുടരുകയാണ്.

വിദഗ്ധാഭിപ്രായം

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: "നിഫ്റ്റി ബാങ്കിൽ ബുള്ളുകൾ ഇന്നലെ പൂർണ്ണ ശക്തിയോടെ തിരിച്ചെത്തി, 43,500 എന്ന കടമ്പ മറികടന്ന് ബെയറുകളെ പുറത്താക്കി. ക്ലോസിംഗ് അടിസ്ഥാനത്തിൽ ബാങ്ക് നിഫ്റ്റി സൂചികയുടെ 44,000-44,600 ലെവലിലേക്കുള്ള പോക്കിനെ ഇത് സ്ഥിരീകരിക്കുന്നു. താഴ്ന്ന നിലയിലുള്ള പിന്തുണ 43,000 -ൽ ബുള്ളുകൾക്ക് ഒരു തടയായി പ്രവർത്തിക്കും. സൂചിക ഒരു വാങ്ങൽ മോഡിൽ തുടരും, പുതിയ നീണ്ട പൊസിഷനുകൾ വാങ്ങിക്കൂട്ടാൻ ഓഹരികളുടെ താഴ്ചകൾ ഉപയോഗിക്കണം."

വിനോദ് നായർ, ജിയോജിത് ഫിനാൻഷ്യൽ റിസർച്ച് മേധാവി: "റെക്കോർഡ് ഉയരത്തിൽ എത്തിയതിന് ശേഷം, സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയവും ഫെഡറൽ നിരക്ക് വർദ്ധനയെക്കുറിച്ചുള്ള ആശങ്കകളും കാരണം ആഗോള വിപണികൾ ഇടിഞ്ഞതിനാൽ ആഭ്യന്തര വിപണിയിൽ കാര്യമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു. സാമ്പത്തിക മാന്ദ്യം ഐടി, ഫാർമ ഓഹരികളെ ബാധിച്ചു, അതേസമയം ബാങ്കുകൾ, പ്രത്യേകിച്ച് പിഎസ്ബികൾ, ഓഹരി വിപണികളെ പിന്തുണയ്ക്കുന്നത് തുടർന്നു. അടുത്തയാഴ്ച വരാനിരിക്കുന്ന ഫെഡറൽ നയ തീരുമാനത്തിനും യുഎസ് പണപ്പെരുപ്പ സംഖ്യകൾക്കും നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ ആഗോള വിപണിയിൽ ഈ ചാഞ്ചാട്ടം നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: "ഇൻഡക്സ് ഒരു ദിശാസൂചന നൽകുന്നതിൽ പരാജയപ്പെട്ടതിനാൽ നിഫ്റ്റി ഒരു തണുത്ത പ്രതികരണമായിരുന്നു. ശക്തമായ ഒരു ദിശാസൂചന നൽകുന്നതിന് നിഫ്റ്റി നിർണ്ണായകമായി 18,500 ന് താഴെയോ അല്ലെങ്കിൽ സുസ്ഥിര അടിസ്ഥാനത്തിൽ 18,700 ന് മുകളിലോ പോകേണ്ടതുണ്ട്. 18,500 ന് താഴെയുള്ള പിന്തുണ, 18,350 ൽ വന്നേക്കാം; മറുവശത്ത്, 18,700 ന് മുകളിൽ, പ്രതിരോധം 18,900 ൽ ദൃശ്യമാണ്.

ലോക വിപണി

മറ്റു ഏഷ്യൻ വിപണികളും ഇന്ന് പൊതുവെ ലാഭത്തിലാണ്. ജപ്പാൻ നിക്കേ (334.44), ഹാങ്‌സെങ് (+140.57) സൗത്ത് കൊറിയൻ കോസ്‌പി (+12.06), തായ്‌വാൻ (130.02) എന്നിവ പച്ചയിൽ തുടക്കം കുറിച്ചപ്പോൾ, ജക്കാർത്ത കോമ്പസിറ്റ് (-47.36), ഷാങ്ഹായ് (-5.99) എന്നിവ നഷ്ടത്തിലാണ്.

വ്യാഴാഴ്ച യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (+3.37) നേട്ടത്തിൽ അവസാനിച്ചപ്പോൾ പാരീസ് യുറോനെക്സ്റ്റ് (-13.28), ലണ്ടൻ ഫുട്‍സീ (-17.02) എന്നിവ താഴ്ചയിലാണ് അവസാനിച്ചത്.

അമേരിക്കന്‍ വിപണികളിൽ ഡൗ ജോൺസ്‌ ഇന്ടസ്ട്രിയൽ ആവറേജ് (+183.56), എസ് ആൻഡ് പി 500 (+29.59), നസ്‌ഡേക് കോമ്പസിറ്റ് (+123.45) എന്നിവയെല്ലാം നല്ല നേട്ടത്തിലായിരുന്നു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

അടുത്ത കലണ്ടർ വർഷത്തിൽ 52 ഷോറൂമുകൾ കൂടി ആരംഭിക്കാൻ പദ്ധതിയിടുന്നതായി കല്യാൺ ജൂവലേഴ്‌സ് (ഓഹരി വില 107.80 രൂപ) വ്യാഴാഴ്ച അറിയിച്ചു. വിപുലീകരണം പ്രധാനമായും നിലവിൽ ഇന്ത്യൻ ബിസിനസിലേക്ക് 35 ശതമാനം സംഭാവന ചെയ്യുന്ന ദക്ഷിണേതര മേഖലകളിൽ കേന്ദ്രീകരിച്ചായിരിക്കുമെന്നും കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു. 2022 സെപ്തംബർ 30ന് അവസാനിച്ച 12 മാസങ്ങളിൽ 425 കോടി രൂപ അറ്റ ലാഭത്തോടെ ഏകദേശം 13,000 കോടി രൂപയുടെ വരുമാനമാണ് കമ്പനി റിപ്പോർട്ട് ചെയ്തതെന്ന് കല്യാൺ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.

ഇൻഡസ് ഇൻഡ് ബാങ്ക് (ഓഹരി വില 1190.85 രൂപ) നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ എസ് വി ക്രെഡിറ്റ് ലൈനുമായി സഹകരിച്ച് സ്ത്രീകൾക്ക് മാത്രം വായ്പ നൽകുന്നതിനായി 500 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ടു.

കല്പതാരു പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് (ഓഹരി വില 519.00 രൂപ) നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡി) ഇഷ്യു ചെയ്യുന്നതിലൂടെ 99 കോടി രൂപ സമാഹരിക്കാൻ ബോർഡ് അംഗീകാരം നൽകി. 10 ലക്ഷം രൂപ മുഖവിലയുള്ള 990 എൻസിഡികൾ വിതരണം ചെയ്യുമെന്ന് കമ്പനി വ്യാഴാഴ്ച ഒരു റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

അഗ്രോകെമിക്കൽ കമ്പനിയായ ധർമജ് ക്രോപ്പ് ഗാർഡിന്റെ ഓഹരികൾ എൻഎസ്ഇയിൽ 267 രൂപയിലാണ് ആദ്യ ദിവസം അവസാനിച്ചത്. ഇഷ്യൂ വില 237 രൂപയായിരുന്നു.

പ്രമുഖ എഫ്എംസിജി നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ യൂണി ലിവർ (ഓഹരി വില 2705.45 രൂപ) വ്യാഴാഴ്ച ഒസിവ (OZiva) യുടെ ഭൂരിഭാഗം ഓഹരികളും വെൽബീയിംഗ് ന്യൂട്രീഷന്റെ 19.8 ശതമാനം ഓഹരിയും മൊത്തം 335 കോടി രൂപയ്ക്ക് വാങ്ങി ആരോഗ്യ, ക്ഷേമ മേഖലയിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചു.

ടെക്‌ലിങ്ക് ഇന്റർനാഷണലിന്റെ 100 ശതമാനം ഓഹരികൾ 58.8 മില്യൺ ഡോളറിന് (ഏകദേശം 483 കോടി രൂപ) ഏറ്റെടുക്കുമെന്ന് ബിസിനസ് പ്രോസസ് മാനേജ്‌മെന്റ് സ്ഥാപനമായ ഹിന്ദുജ ഗ്ലോബൽ സൊല്യൂഷൻസ് (ഓഹരി വില 583.15 രൂപ) വ്യാഴാഴ്ച അറിയിച്ചു.

ത്രിവേണി എഞ്ചിനീയറിംഗ് ആൻഡ് ഇൻഡസ്ട്രീസിന്റെ (ഓഹരി വില 282.05 രൂപ) പ്രൊമോട്ടർ ധ്രുവ് മൻമോഹൻ സാഹ്‌നി 1,70,00,000 ഓഹരികൾ, അതായത് 7 ശതമാനം ഓഹരികൾ, 477 കോടി രൂപയ്ക്ക് ഒരു ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ വിറ്റഴിച്ചു.

രണ്ട് അദാനി ഗ്രൂപ്പ് കമ്പനികൾ -- അദാനി എന്റർപ്രൈസസും (ഓഹരി വില 4025.00 രൂപ) അദാനി ട്രാൻസ്മിഷനും (ഓഹരി വില 2691.40 രൂപ) - 2022-ൽ ഇതുവരെ വാർഷിക സമ്പത്ത് സൃഷ്ടിക്കുന്നതിൽ പരമ്പരാഗതമായി മുൻനിരയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിനെ (ഓഹരി വില 2649.25 രൂപ) പിന്നിലാക്കിയാതായി റിപ്പോർട്ട്.

പഞ്ചാബിലെ റീമാജിനിംഗ് ഹയർ എജ്യുക്കേഷൻ ഫൗണ്ടേഷൻ പ്ലാക്ഷ സർവകലാശാലയിൽ നിന്ന് 55.39 കോടി രൂപയുടെ നിർമ്മാണ ഓർഡർ ലഭിച്ചതായി അലുവാലിയ കോൺട്രാക്ട്സ് (ഇന്ത്യ) ലിമിറ്റഡ് (ഓഹരി വില 442 രൂപ) വ്യാഴാഴ്ച അറിയിച്ചു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,950 രൂപ (൦ രൂപ).

യുഎസ് ഡോളർ = 82.38 രൂപ (+9 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 76.75 ഡോളർ (+0.85%)

ബിറ്റ് കോയിൻ = 114,68,000 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക -0.15% ശതമാനം താഴ്ന്ന 104.64 ആയി.

ഐപിഓ

ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കമ്പനിയായ ഓൾ ഇ ടെക്നോളജീസ് ലിമിറ്റഡ് (All E Technologies) എസ്എംഇ (SME) ഐ പി ഓ ഇറക്കുന്നു. 53,55,200 ഓഹരികൾ 87-90 രൂപയ്ക്ക് വിൽക്കാനാണ് ഉദ്ദേശം. ഇന്ന് ആരംഭിക്കുന്ന ഐ പി ഓ ഡിസംബർ 13-ന് അവസാനിക്കും. കമ്പനി പിന്നീട് എൻഎസ്ഇ എമർജ് പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്യും.