15 July 2023 2:51 PM IST
Summary
- ലയനം യാഥാര്‍ഥ്യമായത് ജുലൈ 1-നായിരുന്നു
- എച്ച്ഡിഎഫ്സി ബാങ്ക് ലോകത്തിലെ ഏറ്റവും മൂല്യമുള്ള നാലാമത്തെ വായ്പാ ദാതാവായി മാറി
- 2022 ഏപ്രില്‍ മാസത്തിലാണ് ലയനം പ്രഖ്യാപിച്ചത്
എച്ച്ഡിഎഫ്‌സി ബാങ്ക് പുതിയ ഓഹരികള്‍ ജുലൈ 17ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്ന് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞു.
ജുലൈ 14ന് എച്ച്ഡിഎഫ്‌സി ബാങ്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചത് എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ യോഗ്യരായ ഓഹരി ഉടമകള്‍ക്ക് 1 രൂപ മുഖവിലയുള്ള 3,11,03,96,492 പുതിയ ഇക്വിറ്റി ഷെയറുകള്‍ അനുവദിച്ചെന്നാണ്.
എച്ച്ഡിഎഫ്‌സിയുടെ 25 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 42 ഓഹരികള്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എച്ച്ഡിഎഫ്‌സി ലിമിറ്റഡും-എച്ച്ഡിഎഫ്‌സി ബാങ്കും ലയിച്ചതോടെ ഇപ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് മാത്രമാണുള്ളത്.
ജുലൈ 14 വെള്ളിയാഴ്ച എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരിവില എന്‍എസ്ഇയില്‍ 0.2 ശതമാനം ഉയര്‍ന്ന് 1,644.50 രൂപയിലാണ് ക്ലോസ് ചെയ്തത്.
എച്ച്ഡിഎഫ്‌സിയും-എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും ലയനം യാഥാര്‍ഥ്യമായത് 2023ജുലൈ 1-നായിരുന്നു. ഇതോടെ എച്ച്ഡിഎഫ്‌സി ബാങ്ക് മാത്രം അവശേഷിക്കുകയും ചെയ്തു.
2022 ഏപ്രില്‍ മാസത്തിലാണ് ലയനം പ്രഖ്യാപിച്ചത്. അതിനു ശേഷം ലയനത്തിന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍, ആര്‍ബിഐ, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ എന്നിവരും അനുമതി നല്‍കി.
എച്ച്ഡിഎഫ്സിയുമായുള്ള ലയനം ജുലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊത്തം ബിസിനസ്സ് 41 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ബിസിനസിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് എച്ച്ഡിഎഫ്‌സി ബാങ്ക്. 2023 മാര്‍ച്ച് 31 അവസാനത്തോടെ എസ്ബിഐയുടെ മൊത്തം ബിസിനസ് (നിക്ഷേപവും അഡ്വാന്‍സും) 70.30 ലക്ഷം കോടി രൂപയായിരുന്നു. എന്നിരുന്നാലും, 2023 സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐ രേഖപ്പെടുത്തിയ 50,232 കോടി രൂപയുടെ ലാഭവുമായി താരതമ്യം ചെയ്യുമ്പോള്‍ ലയനത്തിലേക്ക് എത്തിയ ഇരു സ്ഥാപനങ്ങളുടെയും സംയുക്ത ലാഭം 60,000 കോടി രൂപയാണ്.
ലയനത്തിനു ശേഷം, എച്ച്ഡിഎഫ്സി ബാങ്ക് ലോകത്തിലെ ഏറ്റവും മൂല്യമുള്ള നാലാമത്തെ വായ്പാ ദാതാവായി മാറി. ലയനത്തോടെ സ്ഥാപനത്തിന്റെ ആസ്തി 4.14 ലക്ഷം കോടി രൂപയിലധികമാകും. ലയനത്തെത്തുടര്‍ന്ന്, എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂലധനം 1,190.61 കോടി രൂപയായി ഉയര്‍ന്നു. ഓഹരി മൂലധനം കൂട്ടാനോ കുറയ്ക്കാനോ ഉള്ള അധികാരം ബാങ്കിന് ഉണ്ട്.
എച്ച്ഡിഎഫ്സി ഇന്‍വെസ്റ്റ്മെന്റ്‌സും എച്ച്ഡിഎഫ്സി ഹോള്‍ഡിംഗ്സും എച്ച്ഡിഎഫ്സി ലിമിറ്റഡുമായി സംയോജിപ്പിച്ചിരിക്കുന്നുവെന്നും അതിനാല്‍ 2023 ജൂലൈ 1 ന് ആ കമ്പനികള്‍ പിരിച്ചുവിട്ടതായി കണക്കാക്കണമെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി. സമാനമായി എച്ച്ഡിഎഫ്സി ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്കുമായി സംയോജിപ്പിച്ചുവെന്നും ഇത്, 2023 ജൂലായ് 1-ന്, ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നുവെന്നും ബാങ്ക് വ്യക്തമാക്കി.
ഏകദേശം 40 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കുന്ന ഇടപാടിലൂടെ രാജ്യത്തെ ഏറ്റവും വലിയ മോര്‍ട്ട്‌ഗേജ് ലെന്‍ഡറായ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനെ (എച്ച്ഡിഎഫ്സി) ഏറ്റെടുക്കുമെന്ന് 2022 ഏപ്രിലിലാണ് എച്ച്ഡിഎഫ്സി ബാങ്ക് പ്രഖ്യാപിച്ചത്. അതേവര്‍ഷം തന്നെ ലയനത്തിന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ നിന്നുള്ള അംഗീകാരം ലഭിച്ചു.
കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ, എച്ച്ഡിഎഫ്സി ബാങ്ക് 100 ശതമാനം പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലാവും. ഓരോ എച്ച്ഡിഎഫ്സി ഷെയര്‍ഹോള്‍ഡര്‍ക്കും അവരുടെ കൈവശമുള്ള ഓരോ 25 ഓഹരികള്‍ക്കും എച്ച്ഡിഎഫ്സി ബാങ്കിന്റെ 42 ഓഹരികള്‍ ലഭിക്കുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.
നേരത്തേ എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുമായി കൂടിയാലോചിച്ച് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ്, ജൂലൈ 13 മുതല്‍ എച്ച്ഡിഎഫ്‌സി ഓഹരികളുടെ വില്‍പ്പന അവസാനിപ്പിക്കാനും ഓഹരിയുടമകള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികള്‍ ഇഷ്യൂ ചെയ്യാനും തീരുമാനിച്ചിരുന്നു.