1 Feb 2023 9:57 AM IST
നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ പ്രമുഖ എഫ് എംസിജി കമ്പനിയായ ഗോദ്റേജ് കൺസ്യൂമർ പ്രൊഡറ്റ്സിന്റെ കൺസോളിഡേറ്റഡ് അറ്റാദായം 3.55 ശതമാനം വർധിച്ച് 546.34 കോടി രൂപയായി. കഴിഞ്ഞ വർഷം ഡിസംബർ പാദത്തിൽ ഇത് 527.6 കോടി രൂപയായിരുന്നു.
പ്രവർത്തനങ്ങളിൽ നിന്നുള്ള കൺസോളിഡേറ്റഡ് വരുമാനം മുൻ വർഷത്തെ ഇതേ കാലയളവിലുണ്ടായിരുന്ന 3,302.58 കോടി രൂപയിൽ നിന്നും 3,598.92 കോടി രൂപയായി. മൊത്ത ചെലവ് 2,714.32 കോടി രൂപയിൽ നിന്നും 2,969.52 കോടി രൂപയായി. വില്പനയിൽ 9 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.
ഇന്ത്യയിൽ കമ്പനിയുടെ വില്പന വളർച്ച 11 ശതമാനമായപ്പോൾ യുഎസ് എ, മിഡിൽ ഈസ്റ്റ് മേഖലകളിലും ശക്തമായ വളർച്ച റിപ്പോർട്ട് ചെയ്തു. രൂപയുടെ മൂല്യത്തിൽ 14 ശതമാനത്തിന്റെ വളർച്ചയും, കറൻസിയുടെ അടിസ്ഥാനത്തിൽ 23 ശതമാനത്തിന്റെ വളർച്ചയുമാണ് ഉണ്ടായിട്ടുള്ളതെന്ന് മാനേജിങ് ഡയറക്ടർ സുധിർ സീതാപതി പറഞ്ഞു. ഇന്തോനേഷ്യൻ ബിസിനെസ്സിൽ 3 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.