19 Jun 2023 12:58 PM GMT
Summary
- സിനിമയുടെയും എ ഐ ക്യാമറയിലൂടെയും എ ഐ അടുത്തറിഞ്ഞ് സാധാരണക്കാർ
- എ ഐ വളരുന്ന മേഖലകൾ മനസിലാക്കിയുള്ള നിക്ഷേപം
- ഉൽപ്പാദന മേഖലയിലും സമ്പത്തുൽപ്പാദനത്തിലും കുതിച്ച് ചാട്ടത്തിനു വഴി തെളിയിക്കും
എന്തിരന്‍ സിനിമ കണ്ടത് ഓര്‍മയുണ്ടോ? 2010ത്തില്‍ തമിഴില്‍ പുറത്തിറങ്ങിയ ശാസ്ത്ര സിനിമയാണ് എന്തിരന്‍. ഇന്ത്യന്‍ കരസേനയിലേക്ക് കമ്മീഷന്‍ ചെയ്യുന്നതിനു നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആന്‍ഡ്രോയ്ഡ് റോബോട്ടിനെ ഡോ. വസിഗരന്‍ സൃഷ്ടിക്കുന്നു. വസിഗരന്റെ മുഖപകര്‍പ്പുള്ള റോബോട്ടിന് നല്‍കിയിരിക്കുന്ന പേര് ചിട്ടി എന്നാണ്. മെഡിക്കല്‍ വിദഗ്ധര്‍ പോലും പരാജയപ്പെടുമെന്ന് ഭയന്ന സര്‍ജറി പാകപിഴയില്ലാതെ ചെയ്ത് പൂര്‍ത്തിയാക്കുന്ന ചിട്ടി, മനുഷ്യന് ബുദ്ധിമുട്ടുള്ള പലതും നിമിഷനേരം കൊണ്ട് ചെയ്യുന്നു. നിര്‍മിത ബുദ്ധിയുടെ അപകടസാധ്യതകളും സിനിമ ബോധ്യപ്പെടുത്തുന്നുണ്ട്. പിന്നീട് ഈ സിനിമയുടെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ക്കിടയിലെത്തി.
ഇതിനിടെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടിന്റെ കഥ മലയാളത്തിലും സിനിമയായി എത്തി. പ്രായമായവരെ സഹിഷ്ണതയോടെ ശുശ്രൂഷിക്കാന്‍ നിര്‍മിത ബുദ്ധിയ്ക്ക് സാധിക്കുമോയെന്ന പ്രമേയത്തിലൊരുക്കിയ ചിത്രമാണിത്. പറഞ്ഞ് വന്നത് നിര്‍മിത ബുദ്ധി അഥവ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നതിന്റെ പ്രായോഗികത ഒരു ദശാബ്ദം മുന്‍പ് തന്നെ മാധ്യമങ്ങളിലൂടെ നാം കണ്ടിട്ടുണ്ടെന്നതാണ്.
മലയാളികള്‍ക്കിടയില്‍ എഐ ഹിറ്റായത് കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ എഐ ക്യാമറ റോഡുകളില്‍ സ്ഥാപിച്ചതോടെയാണ്. ഈ ക്യാമറ നല്‍കുന്ന തെളിവാര്‍ന്ന ചിത്രങ്ങളും ചട്ടലംഘനം കൃത്യതയോടെ കണ്ടെത്തുന്ന മികവും അത്ഭുതത്തോടെയാണ് നോക്കികണ്ടതും. കംപ്യൂട്ടര്‍ യുഗം, ഇന്റര്‍നെറ്റ് യുഗം എന്നത് പോലെ നാം എഐ യുഗത്തിലേക്ക് കടന്നിരിക്കുന്നുവെന്ന് സാരം.
നിക്ഷേപകരെ ആകര്‍ഷിക്കുന്ന എഐ
ലോകത്തെ വരുന്ന എന്ത് മാറ്റവും ആദ്യം പ്രതിഫലിക്കുന്ന ഒരിടമാണ് ഓഹരി വിപണി. യുദ്ധം, കാലാവസ്ഥ മാറ്റം തുടങ്ങി വിലക്കയറ്റം വരെ ഓഹരി വിപണിയില്‍ പ്രതിഫലിക്കാറുണ്ട്. ഇന്‍ര്‍ നെറ്റിന്റെ കാലം വന്നപ്പോഴാണ് ഐടി ഓഹരികളിലേക്ക് ലോകം എത്തുന്നതും പില്‍ക്കാലത്ത് ഐടി സാങ്കേതികയുടെ മുന്നേറ്റത്തിനൊപ്പം നിക്ഷേപകര്‍ പണം കൊയ്തതും. ഈ സാഹചര്യത്തില്‍ പുതിയ കണ്ടെത്തലുകള്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നത് സ്വാഭാവികമാണ്. എഐ വന്നതോടെ പല കമ്പനികളും തൊഴില്‍ ശക്തി വെട്ടികുറയ്ക്കുന്നുവെന്ന പ്രഖ്യാപനം വന്നുകഴിഞ്ഞു. ഇതിന് പിന്നാലെയാണ് നിക്ഷേപകര്‍ എഐയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഓഹരികള്‍ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചത്.
എഐ ഓഹരികള്‍ എങ്ങനെ കണ്ടെത്താം
എഐയ്ക്ക് പ്രധാന്യം നല്‍കുന്ന ഓഹരികള്‍ കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. അതിന് എഐ ഏതൊക്കെ മേഖലയിലാണ് വരുന്നതെന്ന് ആദ്യംമനസിലാക്കണം. ആരോഗ്യം, സാങ്കേതിക വിദ്യ മേഖലകളൊക്കെ ഇത്തരത്തില്‍ വരുന്നവയാണ്. ഇതിനൊപ്പം പോര്‍ട്ട് ഫോളിയോയില്‍ നിന്ന് എഐ ആഘാതം സൃഷ്ടിക്കുന്ന മേഖലകളിലെ ഓഹരികള്‍ വിലയിരുത്തലുകള്‍ക്ക് ശേഷം വിറ്റൊഴിയുകയും ചെയ്യാം.
- എഐ ടൂളുകള്‍ വികസിപ്പിക്കാന്‍ കരാര്‍ നേടിയ കമ്പനികള്‍
- എഐ സാങ്കേതിക വിദ്യയിലൂടെ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന കമ്പനികള്‍
- എഐയില്‍ നിക്ഷേപം ഇറക്കിയവ എന്നിങ്ങനെ തരംതിരിച്ച് പ്രയോജനം ചെയ്യുന്ന കമ്പനികളെയും ഓഹരികളെയും മനസിലാക്കി എടുക്കണം.
എഐ ഓഹരികള്‍
1 ടാറ്റ എല്‍ക്സി
ഓട്ടോമോട്ടീവ്, മീഡിയ, കമ്മ്യൂണിക്കേഷന്‍സ്, ഹെല്‍ത്ത്കെയര്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ ഡിസൈന്‍, ടെക്നോളജി സേവനങ്ങള്‍ സംഭാവന ചെയ്യുന്ന കമ്പനിയാണ് ടാറ്റ എല്‍ക്സി. 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 2,471 കോടി രൂപയുടെ വില്‍പ്പനയും 550 കോടി രൂപ ലാഭവും നേടിയിട്ടുണ്ട്. 2021 സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 43.7% വര്‍ധിച്ച് 368 കോടി രൂപയായും വരുമാനം 11.75% വര്‍ധിച്ച് 1,864 കോടി രൂപയായും റിപ്പോര്‍ട്ട് ചെയ്തു. എയര്‍ടെല്‍ ഡിജിറ്റല്‍, പാനസോണിക്, ടാറ്റ മോട്ടോഴ്സ്, സൂക്സ്, കെഎംആര്‍എല്‍ തുടങ്ങിയ വമ്പന്‍ ഉപഭോക്താക്കളുള്ള കമ്പനി ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ ഭാവി 500 കമ്പനികളുടെ പട്ടികയില്‍ 17-ാം സ്ഥാനത്ത് ഇടം നേടിയിട്ടുണ്ട്.
2 കെല്‍ട്രോണ്‍
കേരളത്തിലെ എഐ റോഡ് ക്യാമറകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കമ്പനിയാണ് കെല്‍ട്രോണ്‍. ഡിജിറ്റല്‍ കണക്റ്റഡ് എന്റര്‍പ്രൈസ്, ഡിജിറ്റല്‍ കൊമേഴ്സ്, മാര്‍ക്കറ്റിംഗ് എന്നിവയ്ക്കായി കമ്പനി സേവനങ്ങള്‍ നല്‍കുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 70 കോടി രൂപ അറ്റാദായം നേടുകയും 843 കോടി രൂപയുടെ വില്‍പ്പന നേടുകയും ചെയ്തു. 12.72% ഓഹരികള്‍ കമ്പനിയുടെ പ്രൊമോട്ടര്‍മാരുടെ കൈവശമാണുള്ളത്.
3 ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സ്
ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, വെര്‍ച്വല്‍/ഓഗ്മെന്റഡ് റിയാലിറ്റി, ക്ലൗഡ്, ഡിജിറ്റല്‍ പ്രോസസ് ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്/ഡ്രോണുകള്‍, സുരക്ഷ എന്നിവയുള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളുടെ സേവനരംഗത്തെ വമ്പനാണ് ഹാപ്പിസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസ് ലിമിറ്റഡ്. ഭാഷാ പ്രോസസ്സിംഗ്, ഇമേജ് അനലിറ്റിക്സ്, വീഡിയോ അനലിറ്റിക്സ്, എആര്‍, വിആര്‍ പോലുള്ള സാങ്കേതികവിദ്യകള്‍ക്കായി കമ്പനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നു. ഇതിനുപുറമെ, എഐയുടെ റോബോട്ടിക് സ്മാക്കിംഗ് ഉപയോഗം നടപ്പിലാക്കാനും സഹായിക്കുന്നു. 2020 സെപ്റ്റംബറില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനി 2022ല്‍ കമ്പനി 186 കോടി രൂപ അറ്റാദായം നേടിയിട്ടുണ്ട്.
4 ആഫിൾ(Affle)
ആപ്പ് മാര്‍ക്കറ്റിംഗിനായി എന്‍ഡ്-ടു-എന്‍ഡ് സൊല്യൂഷനുകള്‍ നല്‍കുന്ന പ്രമുഖ കമ്പനികളിലൊന്നാണ് അഫ്‌ലെ. 2006 ല്‍ സ്ഥാപിതമായ അഫ്‌ലെ പരസ്യ ഉള്ളടക്കം സമ്പുഷ്ടമാക്കുന്നതിനും ഉപഭോക്താക്കളുടെ പ്രീതി നേടുന്നതിനും എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഈ മുന്‍ഗണനകള്‍ അനുസരിച്ച് പരസ്യങ്ങള്‍ ഡയറക്റ്റ് ചെയ്യാന്‍ ഇത് അവരെ അനുവദിക്കുന്നു. ഡിജിറ്റല്‍ പരസ്യം ചെയ്യല്‍, വ്യാജന്‍മാരെ കണ്ടെത്തല്‍, വോയ്സ് അധിഷ്ഠിത ഇന്റലിജന്‍സ് എന്നിവയുമായി ബന്ധപ്പെട്ട് യുഎസില്‍ 20 പേറ്റന്റുകള്‍ കമ്പനിക്കുണ്ട്.
5 ഓറാക്കിള്‍
കമ്പനികളെ പ്രീ-ബില്‍റ്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ-ഡ്രൈവ് ക്ലൗഡ് ആപ്ലിക്കേഷനുകള്‍ എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യാന്‍ സഹായിക്കലാണ് ഒറാക്കിളിന്റെ പ്രധാന സേവനങ്ങളിലൊന്ന്.
6 സിയന്റ്
1991-ല്‍ സ്ഥാപിതമായ, സിയന്റ് ഒരു എഞ്ചിനീയറിംഗ്, ഔട്ട്സോഴ്സിംഗ്, ടെക്നോളജി സൊല്യൂഷന്‍സ് കമ്പനിയാണ്. എഐ ഉപകരണങ്ങള്‍ നല്‍കുകയും കമ്പനികളെ അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി ലോകത്തിലെ മികച്ച 30 ഔട്ട്സോഴ്സിംഗ് കമ്പനികളില്‍ ഒന്നാണ്.
എഐയില്‍ അറിയപ്പെടുന്ന മറ്റ് ഓഹരികള്‍
- വിപ്രോ
- പെര്‍സിസ്റ്റന്റ് സിസ്റ്റംസ്
- എച്ച്‌സിഎല്‍ ടെക്
- എല്‍ടിഐ മൈന്‍ഡ് ട്രീ
- ടിസിഎസ്
- ഇന്‍ഫോസിസ്
- ടെക് മഹീന്ദ്ര
- എല്‍ടിടിഎസ്
എഐ ഏതുതരത്തില്‍ ലോകത്തെ സ്വാധീനിക്കും
ഉല്പാദന പ്രവര്‍ത്തനങ്ങളിലും തൊഴില്‍ മേഖലയിലും നിര്‍മിത ബുദ്ധിയുടെ പ്രയോഗങ്ങള്‍ വ്യാപിക്കുന്നത് ഏതുതരത്തിലുള്ള ചലനങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത് എന്നതാണ് എല്ലാവരും സാകൂതം നോക്കികൊണ്ടിരിക്കുന്നത്. ഉല്പാദനക്ഷമതയിലും സമ്പത്തുല്പാദനത്തിലും ഇത് വന്‍കുതിച്ചുകയറ്റത്തിന് വഴിതെളിക്കുമെന്നാണ് നിരീക്ഷണം.
അമേരിക്കയിലെ വളര്‍ച്ചാനിരക്ക് 2035 ല്‍ ഇരട്ടിയാക്കാന്‍നിര്‍മിത ബുദ്ധിയുടെ പ്രയോഗങ്ങള്‍ വഴിവെക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. തൊഴിലാളികളുടെ ഉല്പാദനക്ഷമത 35 ശതമാനം വരെ കൂടുമെന്നും ഇത്തരം പഠനങ്ങള്‍ പറയുന്നു. അഭൂതപൂര്‍വമായ സമ്പത്തുല്പാദനത്തിലേക്ക് ഇത് ലോകത്തെ നയിക്കും. ചൈനയുടെ ജിഡിപി വളര്‍ച്ച 26 ശതമാനവും ആഗോള ജിഡിപിയി വളര്‍ച്ച 14 ശതമാനവും 2030ല്‍ നിര്‍മിതിബുദ്ധിയുടെ പ്രയോഗങ്ങള്‍ മൂലം ഉണ്ടാകുമെന്നാണ് പിഡബ്ല്യൂസിയുടെ റിപ്പോര്‍ട്ട്.
അതേസമയം തൊഴില്‍ മേഖലയിലേക്കുള്ള നിര്‍മിത ബുദ്ധിയുടെ കടന്നുവരവ് വലിയ ആശങ്കകളാണ് സൃഷ്ടിക്കുന്നത്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം 2025 ആകുമ്പോഴേക്കും വിവിധ തൊഴില്‍ മേഖലകളിലെ 50 ശതമാനം ടാസ്‌കുകളും ഓട്ടോമേറ്റ് ചെയ്യപ്പെടും. നിലവിലുള്ളതിനേക്കാള്‍ 30 ശതമാനം അധികം വരുമിത്.
ലോകത്തെമ്പാടുമുള്ള വിവിധ കമ്പനികളിലെ 50 ശതമാനം തൊഴിലാളികള്‍ക്കും പണി നഷ്ടപ്പെടാന്‍ ഇതിടയാക്കും. ഓട്ടോമേഷനും റോബോട്ടിക്‌സും നിര്‍മിത ബുദ്ധിയുടെ വ്യാപനവും മൂലം അമേരിക്കയില്‍ തൊഴിലില്ലായ്മ വന്‍തോതില്‍ പെരുകുമെന്ന് പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധനും ഐ ടി വ്യവസായിയുമായ അരാണ്‍ ഏറ്റീസോണി പറയുന്നു. 2000ത്തിനു ശേഷം 17 ലക്ഷം തൊഴിലുകള്‍ ഓട്ടോമേഷന്‍ മൂലം ഇല്ലാതായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.