7 Feb 2023 12:16 PM
Summary
- കമ്പനിയുടെ 5 ജി സേവനങ്ങള്‍ 2024 മാര്‍ച്ച് മാസത്തോടെ എല്ലാ നഗരങ്ങളിലേക്കും
ഡിസംബര്‍ പാദത്തില്‍ ഭാരതി എയര്‍ടെല്ലിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം (ചില ഒഴിവുകള്‍ക്ക് ശേഷം) വാര്‍ഷികാടിസ്ഥാനത്തില്‍ 91.5 ശതമാനം വര്‍ധിച്ച് 1,588 കോടി രൂപയായി. കണ്‍സോളിഡേറ്റഡ് അറ്റാദായം (ചില ഒഴിവുകള്‍ക്ക് മുന്‍പ് ഉള്ളത്) വാര്‍ഷികാടിസ്ഥാനത്തില്‍ 147 ശതമാനം ഉയര്‍ന്ന് 1,994 കോടി രൂപയായി.
മൊത്ത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനം ഉയര്‍ന്ന് 35,804 കോടി രൂപയായി.
വരുമാനം തൊട്ടുമുന്‍പുള്ള സെപ്റ്റംബര്‍ പാദത്തില്‍ നിന്ന് 3.7 ശതമാനം വര്‍ധിച്ചു. എബിറ്റെട മാര്‍ജിന്‍ 52 ശതമാനമായി ഉയര്‍ന്നു. ഈ പാദത്തില്‍ കമ്പനിക്ക് 6.4 ദശലക്ഷം പുതിയ ഉപഭോക്താക്കളെ ലഭിക്കുന്നതിന് സാധിച്ചുവെന്നും, ഓരോ ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം (എ ആര്‍പിയു) 193 രൂപയായെന്നും ഭാരതി എയര്‍ടെല്ലിന്റെ മാനേജിങ് ഡയറക്ടര്‍ ഗോപാല്‍ വിട്ടല്‍ പറഞ്ഞു. ഓരോ ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 163 രൂപയായിരുന്നു.
പോസ്റ്റ് പെയ്ഡ്, എന്റര്‍പ്രൈസ്, കൂടാതെ ആഫ്രിക്കയിലെ കമ്പനിയുടെ ബിസിനസ് എന്നിവയില്‍ ശക്തമായ മുന്നേറ്റമുണ്ടായി. ഡിടിഎച്ച് സമ്മര്‍ദങ്ങള്‍ക്കിടയിലും വളര്‍ച്ചയുടെ സൂചനകള്‍ കാണിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കമ്പനിയുടെ 5 ജി സേവനങ്ങള്‍ 2024 മാര്‍ച്ച് മാസത്തോടെ എല്ലാ നഗരങ്ങളിലേക്കും, പ്രധാന ഗ്രാമ പ്രദേശങ്ങളിലേക്കും എത്തിക്കാനുള്ള ശ്രമത്തിലാണെന്നും കമ്പനി അറിയിച്ചു.