image

29 April 2023 6:57 AM

Stock Market Updates

ഒരു വര്‍ഷത്തിനിടെ 66 ശതമാനം വളര്‍ച്ച; ഓഹരി വിപണിയില്‍ പുതിയ ഉയരങ്ങള്‍ തൊട്ട് ടയര്‍ കമ്പനി

MyFin Desk

ഒരു വര്‍ഷത്തിനിടെ 66 ശതമാനം വളര്‍ച്ച;  ഓഹരി വിപണിയില്‍ പുതിയ  ഉയരങ്ങള്‍ തൊട്ട് ടയര്‍ കമ്പനി
X

Summary

  • 347.30 രൂപ എന്ന നിലയിലാണ് അപ്പോളോ ടയേഴ്‌സിന്റെ ഓഹരികള്‍ വിപണിയില്‍ വ്യാപാരം നടത്തുന്നത്
  • 2021-22 സാമ്പത്തിക വര്‍ഷം മൊത്തത്തില്‍ 261 കോടി രൂപയുടെ അറ്റാദായമായിരുന്നു നേടിയിരുന്നത്
  • 1972 ലാണ് പേരാമ്പ്ര ചാലക്കുടിയില്‍ അപ്പോളോ ടയേഴ്‌സ് ആദ്യ പ്ലാന്റ് കമ്മിഷന്‍ ചെയ്തത്


ഒരു വര്‍ഷത്തിനിടെ ഓഹരി വിപണിയില്‍ മിന്നും നേട്ടം സമ്മാനിക്കുന്ന കമ്പനികള്‍ നിരവധിയുണ്ടാകും. ചില കമ്പനികള്‍ 50 ശതമാനത്തിന് മുകളില്‍ നേട്ടം സമ്മാനിച്ച് നിക്ഷേപകര്‍ക്ക് അത്ഭുതറിട്ടേണുകളും സമ്മാനിക്കാറുണ്ട്. അത്തരത്തില്‍ ഒരു വര്‍ഷത്തിനിടെ 66 ശതമാനത്തിന്റെ നേട്ടം സമ്മാനിച്ച് ഓഹരി വിപണിയില്‍ പുതു ഉയരങ്ങളിലെത്തിയിരിക്കുകയാണ് ടയര്‍ കമ്പനിയായ അപ്പോളോ ടയേഴ്‌സ്. 347.30 രൂപ എന്ന നിലയിലാണ് അപ്പോളോ ടയേഴ്‌സിന്റെ ഓഹരികള്‍ വിപണിയില്‍ വ്യാപാരം നടത്തുന്നത്. കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന നിലയും ഇതാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 10 ശതമാനത്തിന്റെയും ആറ് മാസത്തിനിടെ 18 ശതമാനത്തിന്റെയും നേട്ടമാണ് ഈ കമ്പനി നിക്ഷേപകര്‍ക്ക് നല്‍കിയത്. നിലവില്‍ 22,038 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

ആദ്യ പ്ലാന്റ് കേരളത്തില്‍

ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായാണ് അപ്പോളോ ടയേഴ്‌സ് പ്രവര്‍ത്തിക്കുന്നതെങ്കിലും കമ്പനി ആദ്യത്തെ പ്ലാന്റ് തുറന്നത് കേരളത്തിലാണ്. 1972 ലാണ് പേരാമ്പ്ര ചാലക്കുടിയില്‍ അപ്പോളോ ടയേഴ്‌സ് ആദ്യ പ്ലാന്റ് കമ്മിഷന്‍ ചെയ്തത്. നിലവില്‍ രാജ്യത്ത് അഞ്ച് നിര്‍മാണ യൂണിറ്റുകളാണ് കമ്പനിയുടെ കീഴിലുള്ളത്. കൂടാതെ, നെതര്‍ലാന്‍ഡ്, ഹംഗറി എന്നിവിടങ്ങളിലും യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തുടനീളമായി 5,000 ഡീലര്‍ഷിപ്പുകളുള്ള കമ്പനിക്ക് 2500 ലധികം എക്‌സിക്യൂട്ടീവ് ഔട്ട്‌ലെറ്റുകളുമുണ്ട്. കൂടാതെ, 100 രാജ്യങ്ങളിലായി വിതരണശൃംഖലയുമുണ്ട്. ഓഹരി നിക്ഷേപത്തില്‍ 8.63 ശതമാനം പങ്കാളിത്തവും എച്ച്ഡിഎഫ്‌സി ഗ്രൂപ്പിനാണ്. 3.97 ശതമാനം കൊട്ടക് മഹീന്ദ്ര ഗ്രൂപ്പിന്റെ കൈവശവുമാണ്. 37.34 ശതമാനമാണ് പ്രൊമോട്ടര്‍മാരുടെ കൈവശമുള്ളത്. 22.27 ശതമാനം വിദേശ നിക്ഷേപകരും കൈവശപ്പെടുത്തിയിരിക്കുന്നു.

മികച്ച പാദഫലം

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ മുന്‍പാദത്തേക്കാള്‍ മികച്ച അറ്റാദായമാണ് കമ്പനി നേടിയത്. 2022-23 സാമ്പത്തിക വര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തില്‍ 80.80 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായമെങ്കില്‍ ഡിസംബറില്‍ അത് 137.56 കോടി രൂപയായി ഉയര്‍ന്നു. 2021-22 സാമ്പത്തിക വര്‍ഷം മൊത്തത്തില്‍ 261 കോടി രൂപയുടെ അറ്റാദായമായിരുന്നു നേടിയിരുന്നത്.

നിര്‍ദേശങ്ങളിങ്ങനെ

വിവിധ സ്റ്റോക്ക് ബ്രോക്കറേജുകള്‍ അപ്പോളോ ടയേഴ്‌സിന് വാങ്ങുക എന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഐസിഐസി ഡയറക്ട് 390 രൂപയും എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് 375 രൂപയും ഷെയര്‍ഖാന്‍ 372 രൂപയുമാണ് ലക്ഷ്യവിലയായി വാങ്ങല്‍ നിര്‍ദേശമായി നല്‍കിയിട്ടുള്ളത്.