image

28 Jan 2022 1:27 AM GMT

Stock Market Updates

പുറത്തുനിന്നുള്ള വാണിജ്യ വായ്പകള്‍ ആകര്‍ഷകമാകുമ്പോള്‍

MyFin Desk

പുറത്തുനിന്നുള്ള വാണിജ്യ വായ്പകള്‍ ആകര്‍ഷകമാകുമ്പോള്‍
X

Summary

അന്താരാഷ്ട്ര വിപണികളില്‍ നിന്നും വ്യവസായ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന വായ്പകളെയാണ് എക്‌സ്റ്റേണല്‍ കൊമേര്‍ഷ്യല്‍ ബോറോയിങ് എന്നു വിളിക്കുന്നത്. 


അന്താരാഷ്ട്ര വിപണികളില്‍ നിന്നും വ്യവസായ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന വായ്പകളെയാണ് എക്‌സ്റ്റേണല്‍ കൊമേര്‍ഷ്യല്‍ ബോറോയിങ് (ഇ സി ബി; External Commercial...

അന്താരാഷ്ട്ര വിപണികളില്‍ നിന്നും വ്യവസായ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന വായ്പകളെയാണ് എക്‌സ്റ്റേണല്‍ കൊമേര്‍ഷ്യല്‍ ബോറോയിങ് (ഇ സി ബി; External Commercial Borrowing-ECB) എന്നു വിളിക്കുന്നത്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍, വിദേശ ബാങ്കുകള്‍, എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഏജന്‍സികള്‍ എന്നിവയില്‍ നിന്നാണ് പണം സ്വരൂപിക്കുന്നത്. ഇത് പ്രധാനമായും പുതിയ വ്യവസായങ്ങള്‍ക്കുള്ള നിക്ഷേപമായി ഉപയോഗിക്കുന്നു. ഈ വഴിയുള്ള ധനസമാഹരണം കേന്ദ്ര സര്‍ക്കാരിന്റെയും ആര്‍ ബി ഐ യുടെയും നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ഇത് ദീര്‍ഘകാല (long term) വായ്പകളാണ്.

ഇ സി ബി വഴി പണം സമാഹരിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ താല്‍പര്യമാണ്. കാരണം, അന്താരാഷ്ട്ര വിപണികളില്‍ പലിശ വളരെ കുറവാണ്. ആഭ്യന്തര വിപണിയിലെ വായ്പ ആകര്‍ഷകമല്ലാതെ വരുമ്പോഴാണ് കമ്പനികള്‍ ഇ സി ബി വഴി വായ്പ നേടാന്‍ ശ്രമിക്കുന്നത്. ഉയര്‍ന്ന പലിശ നിരക്കുള്ള ആഭ്യന്തരവായ്പകള്‍ വേഗത്തില്‍ അടച്ചു തീര്‍ക്കാന്‍ പല കമ്പനികളും ഈ വായ്പ ഉപയോഗിക്കാനിടയുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെയും ആര്‍ ബി ഐയുടെയും നിയന്ത്രണമുണ്ട്.

ഇ സി ബി വായ്പകളുടെ ഒരു നിശ്ചിത ശതമാനം ഇത്തരത്തില്‍ ഉപയോഗിക്കാം. ബാക്കി പുതിയ പദ്ധതികള്‍ക്കായി വിനിയോഗിക്കണം എന്നാണ് നിയമം. ഇ സി ബി മാര്‍ഗത്തിലൂടെ വായ്പയെടുക്കുന്ന കമ്പനികളുടെ ധനസ്ഥിതി സ്ഥിരതയുള്ളതാവണമെന്ന് നിയന്ത്രണ സ്ഥാപനങ്ങള്‍ നിഷ്‌കര്‍ഷിക്കാറുണ്ട്.ഏതെങ്കിലും കാരണത്താല്‍ തിരിച്ചടവ് മുടങ്ങിയാല്‍, രാജ്യത്തുനിന്നുള്ള മറ്റു വായ്പകളെ അത് ബാധിക്കും. ഭാവിയില്‍ വായ്പയെടുക്കുന്നതിനെയും (credit rating) അത് പ്രതികൂലമായി ബാധിക്കും.

ഇ സി ബികള്‍ സ്വീകരിക്കുന്നതിന് രണ്ടു വഴികളുണ്ട് - ഓട്ടോമാറ്റിക് റൂട്ട് (automatic route) & അപ്രൂവല്‍ റൂട്ട് (approval route). കോര്‍ സെക്ടറിലെ (core sectors) നിക്ഷേപങ്ങള്‍ക്ക് -അടിസ്ഥാന സൗകര്യ വികസനത്തിനും, ഫാക്ടറികളും, പ്ലാന്റുകളും, മെഷീനറികളും സ്ഥാപിക്കാനും–

ഉപയോഗിക്കുന്ന പണം ഓട്ടോമാറ്റിക് റൂട്ടില്‍ സ്വീകരിക്കാം. ഇതിന് ഗവണ്‍മെന്റിന്റെയോ, ആര്‍ ബി ഐ യുടെയോ അനുമതി ആവശ്യമില്ല. എന്‍ ജി ഒ കള്‍, നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ (NBFC), സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഇടനില സ്ഥാപനങ്ങള്‍ (financial intermediaries) എന്നിവ പണം സ്വീകരിക്കുന്നത് അപ്രൂവല്‍ റൂട്ടിലൂടെ ആയിരിക്കും. ഇ സി ബിയിലൂടെ സമാഹരിക്കുന്ന പണം ചെലവഴിക്കുന്നതിനും കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട്. ഇത് ഓഹരി വിപണിയില്‍ വ്യാപാരം നടത്താന്‍ അനുവദിക്കാറില്ല.