ഫിനാന്‍ഷ്യല്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ ഒരു നിക്ഷേപകന്‍ തന്റെ ബ്രോക്കറില്‍ നിന്ന് ഫണ്ട് കടം...
ഫിനാന്‍ഷ്യല്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ ഒരു നിക്ഷേപകന്‍ തന്റെ ബ്രോക്കറില്‍ നിന്ന് ഫണ്ട് കടം വാങ്ങുന്നതിനെയാണ് മാര്‍ജിന്‍ ട്രേഡിംഗ് എന്ന് അര്‍ത്ഥമാക്കുന്നത്. ഇതിലൂടെ വാങ്ങുന്ന ഓഹരികള്‍ വായപയുടെ ഈടായി വര്‍ത്തിക്കുന്നു. കൂടുതല്‍ മൂലധനം വിനിയോഗിക്കുകയാണ് ഇങ്ങനെ കടം വാങ്ങുന്നതിന്റെ പ്രധാന ലക്ഷ്യം. ഓഹരി വ്യാപാരത്തിനായി ബാങ്കുകളില്‍ നിന്ന് പണം കടമെടുക്കുന്നതിനേക്കാള്‍ വേഗത്തില്‍ ബ്രോക്കറില്‍ നിന്ന് പണം ലഭിക്കും എന്നത് ഈ ഇടപാട് എളുപ്പമാക്കുന്നു.
വായ്പയുടെ വില ഓരോ ബ്രോക്കറിനും വ്യത്യസ്തമായിരിക്കും. യഥാര്‍ത്ഥത്തില്‍ മാര്‍ജിന്‍ ട്രേഡിംഗ് സങ്കീര്‍ണമാണ്. ഉയര്‍ന്ന അപകട സാധ്യതകള്‍ കാരണം, മാര്‍ജിന്‍ അക്കൗണ്ട് എന്ന ഒരു പ്രത്യേക അക്കൗണ്ട് ആവശ്യമാണ്. സാധാരണ ആളുകള്‍ ഉപയോഗിക്കുന്ന അക്കൗണ്ടുകളില്‍ നിന്നുള്ള വ്യത്യാസവും ഇതാണ്.
ഒരു നിക്ഷേപകന്റെ നേട്ടങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന് മാര്‍ജിന്‍ ട്രേഡിംഗ് ഉറപ്പുനല്‍കുന്നില്ല. ഇത് നഷ്ട സാധ്യത ഉയര്‍ത്തുന്നു. തല്‍ഫലമായി ആദ്യ നിക്ഷേപത്തേക്കാള്‍ കൂടുതല്‍ നഷ്ടം ഒരു പക്ഷെ നിക്ഷേപകന് വഹിക്കേണ്ടി വന്നേക്കാം. നഷ്ടം നികത്താന്‍ സാധിക്കാത്ത അത്ര വലിയ തുക നിക്ഷേപിക്കരുതെന്നതാണ് മാര്‍ജിന്‍ ട്രേഡിംഗിലെ സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിനുള്ള പ്രഥമ തത്വം. വലിയ തോതിലുള്ള നഷ്ടം മാര്‍ജിന്‍ ട്രേഡിംഗ് സൃഷ്ടിക്കാം. പര്യാപ്തമായ ഫണ്ട് കണ്ടെത്താന്‍ സാധിക്കുമെങ്കില്‍ മാത്രം മാര്‍ജിന്‍ ട്രേഡിംഗില്‍ പങ്കാളിയാകാന്‍ മുന്നോട്ട് വരുന്നതാണ് നല്ലത്.
അനുവദനീയമായ പരിധിയിലും കുറവ് കടം വാങ്ങുക. കാരണം, ഒരു നിക്ഷേപകന് കൂടുതല്‍ മൂലധനം ഉപയോഗിക്കാന്‍ സാധിക്കുമെങ്കിലും വിപണിയിലെ എല്ലാ ഓഹരികളിലും നിക്ഷേപിച്ച് പണം കളയേണ്ടതില്ല. ഹ്രസ്വകാലത്തേക്ക് മാത്രം കടവാങ്ങുന്നതാണ് മികച്ച മറ്റൊരു തീരുമാനം. ഓഹരികളില്‍ നിക്ഷേപിക്കുന്നതിന് കൂടുതല്‍ മൂലധനം നല്‍കികൊണ്ട് നിക്ഷേപകരുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കാന്‍ ബ്രോക്കര്‍മാര്‍ മാര്‍ജിന്‍ ട്രേഡിംഗിനെ ഉപയോഗിക്കുന്നു. നിക്ഷേപ വൈവിധ്യവത്കരണം മാര്‍ജിന്‍ ട്രേഡിംഗിലൂടെ കഴിയുമെന്നത് ഇതിന്റെ മേന്മയാണ്.